തെല്‍അവീവ് – ഗാസയില്‍ ഇസ്രായിലിന്റെ സൈനിക ആക്രമണങ്ങൾ കുറക്കാൻ രാഷ്ട്രീയ നേതൃത്വത്തിന്റെ നിർദേശം. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സമാധാന പദ്ധതി ഹമാസ് അംഗീകരിക്കുകയും ഗാസയില്‍ വ്യോമാക്രമണങ്ങള്‍ ഉടനടി നിര്‍ത്താന്‍ ട്രംപ് ഇസ്രായിലിനോട് ആജ്ഞാപിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് ഗാസയിലെ സൈനിക നടപടികള്‍ കുറക്കാന്‍ ഇസ്രായില്‍ സൈന്യത്തിന് രാഷ്ട്രീയ നേതൃത്വം നിര്‍ദേശം നല്‍കിയത്. ഗാസയിലെ സൈനിക നീക്കങ്ങള്‍ പ്രതിരോധ ആവശ്യങ്ങള്‍ക്കായി മാത്രം പരിമിതപ്പെടുത്താന്‍ രാഷ്ട്രീയ നേതൃത്വം സൈന്യത്തിന് നിര്‍ദേശം നല്‍കിയതായി ഇസ്രായില്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സൈന്യം അതിന്റെ പ്രവര്‍ത്തനങ്ങള്‍ മുനമ്പിലെ പ്രതിരോധ പ്രവര്‍ത്തനങ്ങളിലേക്ക് പരിമിതപ്പെടുത്തുമെന്നും ഗാസ നഗരത്തിലെ അധിനിവേശം അവസാനിപ്പിക്കുമെന്നും മുതിര്‍ന്ന ഇസ്രായിലി ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ആക്‌സിയോസ് റിപ്പോര്‍ട്ട് ചെയ്തു.
യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഗാസ പദ്ധതിയുടെ ആദ്യ ഘട്ടം ഉടന്‍ നടപ്പാക്കാന്‍ ഇസ്രായില്‍ തയാറെടുക്കുകയാണെന്ന് ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഓഫീസ് അറിയിച്ചു. ഹമാസിന്റെ പ്രതികരണത്തിന്റെ വെളിച്ചത്തില്‍, എല്ലാ ബന്ദികളെയും മോചിപ്പിക്കാനുള്ള ട്രംപിന്റെ പദ്ധതിയുടെ ആദ്യ ഘട്ടം ഉടന്‍ നടപ്പാക്കാന്‍ ഇസ്രായില്‍ തയാറെടുക്കുകയാണ് – നെതന്യാഹുവിന്റെ ഓഫീസ് പ്രസ്താവനയില്‍ പറഞ്ഞു. പ്രസിഡന്റ് ട്രംപിന്റെ ദര്‍ശനവുമായി പൊരുത്തപ്പെടുന്ന, ഇസ്രായില്‍ നിര്‍ണയിച്ച തത്വങ്ങള്‍ക്കനുസൃതമായി യുദ്ധം അവസാനിപ്പിക്കാന്‍ പ്രസിഡന്റുമായും അദ്ദേഹത്തിന്റെ സംഘവുമായും പൂര്‍ണ സഹകരണത്തോടെ പ്രവര്‍ത്തിക്കുന്നത് ഞങ്ങള്‍ തുടരും – നെതന്യാഹുവിന്റെ ഓഫീസ് പറഞ്ഞു.