ഗാസ – ഗാസയില്‍ നിന്നും തെക്കന്‍ ഗാസയിലേക്ക് പലായനം ചെയ്ത കുടുംബങ്ങള്‍ക്ക് സഹായവുമായി മലയാളി യുവതി. 250 കുടുംബങ്ങള്‍ക്ക് 3,000 ലിറ്ററിന്റെ പ്രൈവറ്റ് വാട്ടര്‍ ട്രക്ക് എത്തിച്ച് മാതൃകയായിരിക്കുകയാണ് കൂട്ട് കമ്മ്യൂണിറ്റിയുടെ സ്ഥാപകയും കലാകാരിയുമായ ശ്രീരശ്മി. ‘കേരളത്തിൽ നിന്നുള്ള രശ്മിക്ക് നന്ദി’യെന്ന് പറഞ്ഞുള്ള പോസ്റ്ററുകള്‍ പിടിച്ചാണ് സ്ത്രീകളും കുട്ടികളുമടക്കമുള്ള ഗാസൻ ജനത രശ്മിക്ക് നന്ദി അറിയിച്ചത്. തന്നെ സഹായിച്ച എല്ലാവര്‍ക്കും നന്ദി പറഞ്ഞ രശ്മി ഗാസക്കാര്‍ തയ്യാറാക്കിയ വീഡിയോയും തന്‍റെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു.
‘കുടിവെള്ള ക്ഷാമം രൂക്ഷമായിരുന്ന ഘട്ടത്തില്‍ പ്രൈവറ്റ് വാട്ടര്‍ ടാങ്ക് എത്തിക്കുക എന്ന വഴി മാത്രമേ മുന്നിലുണ്ടായിരുന്നുള്ളൂ. പലസ്തീന് വേണ്ടി സ്‌നേഹം പകുത്തു നല്‍കുന്ന എല്ലാവര്‍ക്കും ഒരായിരം നന്ദി’ എന്നാണ് രശ്മി തൻ്റെ തന്‍റെ സോഷ്യൽമീഡിയയിൽ കുറിച്ചത്. ഞങ്ങൾക്കിത്തിരി കുടിവെള്ളം എത്തിക്കാനാകുമോ എന്നായിരുന്നു അവർ ചോദിച്ചത്. ഒരു തുള്ളി വെള്ളം ചോദിച്ചപ്പോള്‍ ഒരു പുഴ തന്നെ എത്തിക്കാൻ രശ്മിക്ക് സാധിച്ചു. ഇതിനോടകം തന്നാലാവുന്ന നിരവധി സഹായങ്ങൾ രശ്മി ഗാസയിലെ ജനങ്ങൾക്ക് വേണ്ടി ചെയ്തിട്ടുണ്ട്. ഗാസയിലെ 60 ഓളം കുടുംബങ്ങൾക്ക് കുറച്ചു ദിവസത്തേക്കുള്ള ഭക്ഷണം കൊടുക്കാൻ സാധിച്ചു. രണ്ട് മൂന്ന് വാട്ടർ ട്രക്കുകൾ ഖാൻ യൂനുസിലേക്കെത്തിക്കാൻ സാധിച്ചു. ‘എനിക്ക് ചെയ്യാൻ പറ്റുന്നത് ചെയ്തു,നിങ്ങൾക്കും ചെയ്യാൻ പറ്റുന്നത് ചെയ്യൂ’ എന്നായിരുന്നു രശ്മി ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. നിരവധിപ്പേരാണ് രശ്മിയുടെ പോസ്റ്റ് കണ്ട് ഗാസന്‍ ജനതയ്ക്ക് സഹായമായി പണം അയക്കുന്നത്. എല്ലാത്തിന്റെയും വിവരങ്ങളും രശ്മി അക്കൗണ്ടിലൂടെ പങ്കുവെക്കുന്നുണ്ട്.
2018 ലെ പ്രളയം മുതല്‍ ശ്രീരശ്മി സഹായസന്നദ്ധ പ്രവർത്തനങ്ങളിൽ സജീവമാണ്. പുത്തുമലയിലും മുണ്ടക്കൈ,ചൂരല്‍മല ദുരന്തമുണ്ടായപ്പോഴുമെല്ലാം രശ്മി സജീവമായി ഇടപെട്ടിരുന്നു. ചൂരൽമലയിൽ മൃതദേഹങ്ങൾ വൃത്തയാക്കുന്നിടത്ത് ദിവസങ്ങളോളം ശ്രീരശ്മിയുമുണ്ടായിരുന്നു. രശ്മിയുടെ ഈ പ്രയത്‌നത്തില്‍ നിരവധി പേരാണ് ആശംസയും നന്ദിയുമറിച്ചെത്തിയത്.