കുവൈത്ത് സിറ്റി– ഗാസയ്ക്കുള്ള കുവൈത്തിന്റെ സഹായം തുടരുന്നു. 40 ടൺ ഭക്ഷ്യവസ്തുക്കളുമായി കുവൈത്തിൽ നിന്നുള്ള 15-ാമത് ദുരിതാശ്വാസ വിമാനം വ്യാഴാഴ്ച ഈജിപ്തിലെ അൽ അരിഷ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തി. ഇവിടെനിന്ന് ഭക്ഷ്യവസ്തുക്കൾ റോഡ് മാർഗം ഗാസയിലേക്ക് എത്തിക്കും. രണ്ടാമത്തെ എയർ ബ്രിഡ്ജ് വഴി കുവൈത്ത് ഇതുവരെ 300 ടൺ ഭക്ഷ്യസഹായം ഗാസയിലേക്ക് അയച്ചു, ഇതിൽ 4 വിമാനങ്ങൾ ജോർഡൻ വഴിയും 11 എണ്ണം ഈജിപ്ത് വഴിയുമാണ്.
കുവൈത്ത് റെഡ് ക്രസന്റ് സൊസൈറ്റി (കെ.ആർ.സി.എസ്) സാമൂഹികകാര്യ, വിദേശകാര്യ, പ്രതിരോധ മന്ത്രാലയങ്ങളുമായി സഹകരിച്ചാണ് സഹായ വിതരണം ഏകോപിപ്പിക്കുന്നത്. ഈജിപ്ഷ്യൻ റെഡ് ക്രസന്റ്, ജോർഡനിലെ ഹാഷെമൈറ്റ് ചാരിറ്റി ഓർഗനൈസേഷൻ (ജെ.എച്ച്.സി.ഒ), ഫലസ്തീൻ റെഡ് ക്രസന്റ് സൊസൈറ്റി (പി.ആർ.സി.എസ്), കുവൈത്തിന്റെ ഈജിപ്ത്, ജോർഡൻ എംബസികൾ എന്നിവയുമായി സഹകരിച്ച് തടസ്സമില്ലാതെ സഹായം എത്തിക്കുന്നുണ്ടെന്ന് കെ.ആർ.സി.എസ് ചെയർമാൻ ഖാലിദ് അൽ മുഖാമിസ് അറിയിച്ചു.