ജറൂസലേം: ഇറാൻ നടത്തിയ പ്രത്യാക്രമണത്തിൽ എങ്ങിനെ പ്രതികരിക്കണം എന്നത് സംബന്ധിച്ച് തീരുമാനത്തിലെത്താതെ ഇസ്രായിൽ. ഇസ്രായിൽ യുദ്ധ കാബിനറ്റ് ഇന്ന് ഉച്ചക്ക് രണ്ടു മണിക്ക്(ഇസ്രായിൽ സമയം) വീണ്ടും യോഗം ചേരും. സിറിയയിലെ ഇറാൻ കോൺസുലേറ്റിന് നേരെ നടന്ന ആക്രമണത്തിനുള്ള മറുപടിയാണ് നൽകിയതെന്നും തിരിച്ചടിച്ചാൽ വീണ്ടും ശക്തമായ ആക്രമണം നടത്തുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഈ പശ്ചാതലത്തിലാണ് ഇറാനെതിരായ നടപടി സംബന്ധിച്ച് ഇസ്രായിൽ യോഗം ചേരുന്നത്.
ഇറാൻ തൊടുത്തുവിട്ട മിസൈലുകളിൽ ഒമ്പത് ബാലിസ്റ്റിക് മിസൈലുകൾ ഇസ്രായിലിന്റെ വിപുലമായ വ്യോമ പ്രതിരോധ സംവിധാനം തകർത്ത് ഇസ്രായിലിൽ പതിച്ചു.
അഞ്ച് പ്രൊജക്‌ടൈലുകൾ നെവാറ്റിം എയർബേസിൽ പതിക്കുകയും സി-130 ട്രാൻസ്പോർട്ട് എയർക്രാഫ്റ്റ്, റൺവേ, സ്റ്റോറേജ് സൗകര്യങ്ങൾ എന്നിവയ്ക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. നാല് ബാലിസ്റ്റിക് മിസൈലുകൾ നെഗേവ് വ്യോമതാവളത്തിൽ പതിച്ചെങ്കിലും കാര്യമായ നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
ബാലിസ്റ്റിക് മിസൈലുകൾ പ്രതിരോധിക്കുന്നതിനുള്ള സംവിധാനത്തെ മറികടന്നാണ് ഇറാൻ മിസൈലുകൾ പതിച്ചത്. ഇത് ഇസ്രായിൽ സൈന്യത്തിന് ആശങ്കയുണ്ടാക്കുന്നുണ്ട്. അതേസമയം, ഇറാൻ തൊടുത്തുവിട്ട മുന്നൂറോളം മിസൈലുകളിൽ ഭൂരിഭാഗവും തടയാൻ സാധിച്ചത് വൻ വിജയമായും ഇസ്രായിൽ കരുതുന്നു.
അതേസമയം, ഇസ്രായിലിന് എതിരെ ഇറാന്റെ ആക്രമണത്തിന്റെ പശ്ചാതലത്തിൽ യു.എൻ സുരക്ഷാ കൗൺസിൽ യോഗം ചേരുന്നതിനിടെ മധ്യ ഗാസയിലെ നുസെറത്ത് അഭയാർത്ഥി ക്യാമ്പിൽ ഇസ്രായിൽ സൈന്യം വീണ്ടും ബോംബെറിഞ്ഞു, അഞ്ച് പേർ കൊല്ലപ്പെടുകയും ഡസൻ പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
മിഡിൽ ഈസ്റ്റിന് ഇനിയൊയു യുദ്ധം താങ്ങാനുള്ള ശേഷിയില്ലെന്ന് യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് വ്യക്തമാക്കി.
ഇസ്രായിലുമായി ബന്ധമുള്ള കപ്പൽ ഇറാൻ പിടിച്ചെടുത്തു. “സമുദ്ര നിയമ ലംഘനങ്ങൾ” കാരണം പോർച്ചുഗീസ് പതാകയുള്ള എംഎസ്‌സി ഏരീസ് കപ്പൽ പിടിച്ചെടുത്തതായി ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് നാസർ കനാനി പറഞ്ഞു. കപ്പലിന് ഇസ്രായേലുമായി ബന്ധമുണ്ടെന്ന് സംശയമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഹോർമുസ് കടലിടുക്കിലും ഗൾഫിലും സുരക്ഷിതമായ ഷിപ്പിംഗ് അന്തരീക്ഷം സൃഷ്ടിക്കാനാണ് ഇറാൻ ശ്രമിക്കുന്നത്. സമുദ്ര നിയമങ്ങൾ ലംഘിച്ചതിനും ഇറാൻ അധികാരികളുടെ ഫോൺ സന്ദേശങ്ങളോട് പ്രതികരിക്കാത്തുമാണ് കപ്പൽ പിടിച്ചെടുക്കാൻ കാരണമെന്നും കനാനി വ്യക്തമാക്കി.