വാഷിംഗ്ടണ്‍ – ഗാസയിലെ യുദ്ധം അവസാനിപ്പിക്കാനുള്ള തന്റെ പദ്ധതിയെ കുറിച്ചുള്ള ചര്‍ച്ചകള്‍ അവസാന ഘട്ടത്തിലാണെന്ന് യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഈ വിഷയത്തിൽ ഒരു കരാറിലെത്തുന്നത് മിഡില്‍ ഈസ്റ്റിലെ സമാധാനത്തിന് വഴിയൊരുക്കുമെന്ന് താന്‍ വിശ്വസിക്കുന്നുണ്ടെന്നും ട്രംപ് പറഞ്ഞു. അമേരിക്കന്‍ വാര്‍ത്താ വെബ്‌സൈറ്റ് ആയ ആക്‌സിയോസിന് നല്‍കിയ അഭിമുഖത്തിലാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്.
കരാർ ഉണ്ടാക്കാൻ അറബ് രാജ്യങ്ങൾ മികച്ച രീതിയിൽ സഹകരിക്കുന്നുണ്ടെന്നും അവരുടെ മധ്യസ്ഥതയിൽ ഹമാസ് ഇതിൽ പങ്കെടുക്കുന്നുണ്ടെന്നും ട്രംപ് പറഞ്ഞു.
“അറബ് ലോകം സമാധാനം ആഗ്രഹിക്കുന്നുണ്ട്. ഇസ്രായില്‍ സമാധാനം ആഗ്രഹിക്കുന്നു. ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു സമാധാനം ആഗ്രഹിക്കുന്നു. ഗാസയിൽ സമാധാനം കൊണ്ടുവരാനുള്ള തന്റെ പദ്ധതിക്ക് ഇസ്രായിലില്‍ നിന്നും അറബ് നേതാക്കളില്‍ നിന്നും വളരെ മികച്ച പ്രതികരണം ലഭിച്ചിട്ടുണ്ട്. ഇന്ന് നെതന്യാഹുവുമായി താന്‍ നടത്തുന്ന കൂടിക്കാഴ്ചയില്‍ സമാധാന പദ്ധതി അന്തിമമാക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നു” ട്രംപ് പറഞ്ഞു.
ഗാസയിലെ യുദ്ധം അവസാനിപ്പിക്കുന്നതിനപ്പുറം, മേഖലയില്‍ സമാധാനം കൈവരിക്കാനുള്ള വിശാലമായ ശ്രമങ്ങള്‍ പുനരാരംഭിക്കുക എന്നതാണ് തന്റെ പദ്ധതിയുടെ ലക്ഷ്യമെന്ന് ട്രംപ് വിശദീകരിച്ചു. ഇത് സാധ്യമായാല്‍, ഇസ്രായിലിനും മിഡില്‍ ഈസ്റ്റിനും അത് ഒരു മികച്ച ദിവസമായിരിക്കുമെന്നും ട്രംപ് പറഞ്ഞു.
സ്ഥിരമായ വെടിനിര്‍ത്തല്‍, വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വന്ന് 48 മണിക്കൂറിനുള്ളില്‍ എല്ലാ ബന്ദികളെയും മോചിപ്പിക്കല്‍, ഗാസയില്‍ നിന്ന് ഇസ്രായില്‍ സൈന്യത്തെ ക്രമേണ പിന്‍വലിക്കല്‍, ജീവപര്യന്തം തടവ് അനുഭവിക്കുന്ന ഏകദേശം 250 ഫലസ്തീന്‍ തടവുകാരെയും 2023 ഒക്ടോബര്‍ ഏഴു മുതല്‍ ഗാസയില്‍ നിന്ന് അറസ്റ്റ് ചെയ്ത ഏകദേശം 2,000 തടവുകാരെയും മോചിപ്പിക്കല്‍ എന്നിവയാണ് ട്രംപിന്റെ 21 ഇന ഗാസ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ഹമാസിനെ ഉൾപ്പെടുത്താത്ത ഒരു യുദ്ധാനന്തര ഭരണ സംവിധാനം കൊണ്ടുവരിക എന്നതും ട്രംപിന്റെ പദ്ധതിയില്‍ ഉള്‍പ്പെടുന്നു. ഫലസ്തീന്‍ അതോറിറ്റിയുടെ പ്രതിനിധിയും ഗാസയിലെ ഒരു കക്ഷിയിലും പെടാത്ത സ്വതന്ത്ര വ്യക്തികളായ സാങ്കേതിക വിദഗ്ധരും ഉള്‍പ്പെടുന്ന അന്താരാഷ്ട്ര, അറബ് കൗണ്‍സില്‍ അടങ്ങിയ യുദ്ധാനന്തര ഭരണ സംവിധാനം കൊണ്ടുവരാനാണ് ട്രംപിന്റെ ശ്രമം.
ഫലസ്തീനികളും അറബ്, മുസ്‌ലിം രാജ്യങ്ങളില്‍ നിന്നുള്ള സൈനികരും ഉള്‍പ്പെടുന്ന സുരക്ഷാ സേന സ്ഥാപിക്കല്‍, ഗാസയുടെ പുനര്‍നിര്‍മാണത്തിനായി ഈ രാജ്യങ്ങള്‍ ധനസഹായം നല്‍കല്‍, ഹമാസിനെ നിരായുധീകരിക്കാനുള്ള പ്രക്രിയ, അക്രമപാത ഉപേക്ഷിക്കുന്ന ഹമാസ് അംഗങ്ങള്‍ക്ക് പൊതുമാപ്പ് നല്‍കല്‍, വെസ്റ്റ് ബാങ്കിലോ ഗാസയിലോ ഉള്ള പ്രദേശങ്ങള്‍ ഇസ്രായിലില്‍ കൂട്ടിച്ചേര്‍ക്കാതിരിക്കാനും ഭാവിയില്‍ ഖത്തറിനെ ആക്രമിക്കാതിരിക്കാനുമുള്ള ഇസ്രായിലിന്റെ പ്രതിബദ്ധത, ഫലസ്തീന്‍ അതോറിറ്റിക്കുള്ളിലെ സുപ്രധാന പരിഷ്‌കാരങ്ങള്‍ക്കു ശേഷം ഫലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കാനുള്ള വിശ്വസനീയമായ പാത എന്നിവയും പദ്ധതിയില്‍ ഉള്‍പ്പെടുന്നു.