ജിദ്ദ– സൗദി പ്രൊ ലീഗ് ചാമ്പ്യന്മാരായ അൽ ഇത്തിഹാദ് തങ്ങളുടെ കോച്ചായ ലോറന്റ് ബ്ലാങ്കിനെ പുറത്താക്കി. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അൽ-നസറിനോട് 2-0 ന് തോറ്റതിന് പിന്നാലെയാണ് ക്ലബ്ബിന്റെ നീക്കം.
2024 ജൂലൈയിൽ അൽ ഇത്തിഹാദിന്റെ ചുമതലയേറ്റെടുത്ത ബ്ലാങ്ക്, കഴിഞ്ഞ സീസണിൽ ടീമിന് ലീഗ് കിരീടവും കിങ്‌സ് കപ്പും നേടിക്കൊടുത്തിരുന്നു. 38 മത്സരങ്ങളിൽ 29 വിജയങ്ങളുമായി മികച്ച പ്രകടനം കാഴ്ചവെച്ച ബ്ലാങ്കിന് 2024-25 ലെ റോഷൻ സൗദി ലീഗ് മാനേജർ ഓഫ് ദി ഇയർ അവാർഡും ലഭിച്ചു. എങ്കിലും, സൂപ്പർ കപ്പ് സെമിയിൽ പുറത്തായതും, ഈ സീസണിലെ ആദ്യ തോൽവിയും ക്ലബ്ബ് നേതൃത്വത്തെ ഈ കടുത്ത തീരുമാനത്തിലേക്ക് എത്തിച്ചു. നിലവിൽ ബ്ലാങ്കിന്റെ സഹായിയായിരുന്ന ഹസ്സാൻ ഖലീഫയെയാണ് താൽക്കാലിക മാനേജറായി നിയമിച്ചിരിക്കുന്നത്.
പുതിയ കോച്ചിനായുള്ള അൽ ഇത്തിഹാദിന്റെ അന്വേഷണം സജീവമാണ്. മുൻ ബാഴ്‌സലോണ മാനേജർ ഷാവി ഹെർണാണ്ടസ്, ഇറ്റലി ദേശീയ ടീം കോച്ച് ലൂച്യാനോ സ്പലെറ്റി, പോർട്ടോയുടെ സെർജിയോ കോൺസെയ്‌സാവോ എന്നിവരുമായി ക്ലബ്ബ് ബന്ധപ്പെട്ടിട്ടുണ്ട് എന്നാണ് ഫുട്‌ബോൾ ജേണലിസ്റ്റ് ഫാബ്രിസിയോ റൊമാനോ വ്യക്തമാക്കിയത്. ബാഴ്‌സലോണ വിട്ട ശേഷം മറ്റൊരു ക്ലബ്ബുമായും ഷാവി കരാറിൽ എത്തിയിട്ടില്ല.
അതേസമയം, ലിവർപൂളിന്റെ മുൻ പരിശീലകൻ യർഗൻ ക്ലോപ്പിന്റെ പേരും സൗദി മാധ്യമങ്ങളിൽ ചർച്ചയാവുന്നുണ്ട്. 2024-ൽ ലിവർപൂൾ വിട്ട് വിശ്രമത്തിലായിരുന്ന ക്ലോപ്പ് നിലവിൽ റെഡ്ബുൾ ഗ്രൂപ്പിന്റെ ഹെഡ് ഓഫ് ഗ്ലോബൽ സോക്കർ എന്ന പദവി വഹിക്കുകായണ്. ലിവർപൂളിനു ശേഷം അദ്ദേഹം മറ്റൊരു ക്ലബ്ബിനെയും പരിശീലിപ്പിച്ചിട്ടില്ല. എങ്കിലും, ക്ലോപ്പിനെ സമീപിച്ചതായി ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല.
സൂപ്പർ താരങ്ങളായ കരിം ബെൻസെമ, എൻഗോളോ കാന്റെ എന്നിവരടങ്ങിയ ടീം പുതിയ സീസണിലും കിരീടം തന്നെയാണ് ലക്ഷ്യമിടുന്നത്. നിലവിൽ നാല് മത്സരങ്ങളിൽ നിന്ന് 9 പോയിന്റുമായി ടീം മൂന്നാം സ്ഥാനത്താണ്.