ന്യൂയോർക്ക്– യു.എൻ ജനറൽ അസംബ്ലിയിൽ ആളൊഴിഞ്ഞ സീറ്റുകൾക്കു മുന്നിൽ പ്രസംഗിച്ച് ഇസ്രായിൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. നെതന്യാഹു പ്രസംഗ പീഠത്തിൽ കയറിയതോടെ ബഹുഭൂരിഭാഗം രാജ്യങ്ങളുടെയും പ്രതിനിധി സംഘങ്ങൾ യു.എൻ ജനറൽ അസംബ്ലി ഹാളിൽ നിന്ന് പുറത്തേക്ക് പോയി. പ്രസംഗം പൂർത്തിയാക്കി നെതന്യാഹു വേദി വിട്ടതോടെ എല്ലാവരും ഹാളിൽ തങ്ങളുടെ സീറ്റുകളിൽ തിരികെ എത്തി. ഹാളിൽ നിന്ന് പുറത്തുപോകാത്തവരിൽ പലരും ഹാളിൽ നിന്ന് പുറത്തുപോയവരെ കൈയടിച്ച് പ്രോത്സാഹിപ്പിച്ചു.
ഹമാസിന്റെ ഭീകര സംവിധാനത്തിന്റെ ഭൂരിഭാഗവും ഇസ്രായിൽ തകർത്തതായി യു.എൻ ജനറൽ അസംബ്ലിയിൽ നടത്തിയ പ്രസംഗത്തിൽ നെതന്യാഹു പറഞ്ഞു. ഗാസയിലെ ദൗത്യം എത്രയും വേഗത്തിൽ പൂർത്തിയാക്കാൻ ഇസ്രായിൽ ആഗ്രഹിക്കുന്നു. ഹമാസിന്റെ അവസാന ഗ്രൂപ്പുകൾ ഗാസ നഗരത്തിൽ ഉറച്ചുനിൽക്കുന്നു. ആണവ പദ്ധതി ലക്ഷ്യമിട്ടത് അടക്കം ഇറാനെതിരായ ആക്രമണങ്ങൾ, ഹിസ്ബുല്ല സെക്രട്ടറി ജനറൽ ഹസൻ നസ്‌റല്ലയുടെ കൊലപാതകം എന്നിവ അടക്കം ഇസ്രായിൽ നേടിയ തന്ത്രപരമായ വിജയങ്ങളുടെ പരമ്പരയെ നെതന്യാഹു പ്രശംസിച്ചു. ഹിസ്ബുല്ലയെ നിരായുധീകരിക്കാനുള്ള ലെബനോന്റെ ശ്രമങ്ങളെ ഇസ്രായിൽ പ്രധാനമന്ത്രി സ്വാഗതം ചെയ്തു. പക്ഷേ, വെറും വാക്കുകളേക്കാൾ ലെബനോൻ കൂടുതൽ ചെയ്ത് കാണിക്കണമെന്ന് നെതന്യാഹു ആവശ്യപ്പെട്ടു. ഇസ്രായിൽ യെമനിൽ ഹൂത്തികളെ തകർത്തു. ലെബനോനിൽ ഹിസ്ബുല്ലയെ തളർത്തിയെന്നും നെതന്യാഹു പറഞ്ഞു.


ഇറാനെതിരെ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സ്വീകരിച്ച ധീരവും നിർണായകവുമായ നടപടിക്ക് നന്ദി. നാം ജാഗ്രത പാലിക്കുകയും ഇറാന്റെ ആണവ ശേഷി പുനർനിർമിക്കാൻ അനുവദിക്കാതിരിക്കുകയും വേണം. ഇറാന്റെ പക്കലുള്ള സമ്പുഷ്ടീകരിച്ച യുറേനിയം ശേഖരം ഇല്ലാതാക്കണം. യു.എൻ ജനറൽ അസംബ്ലിയിൽ താൻ നടത്തുന്ന പ്രസംഗം സംപ്രേഷണം ചെയ്യാനായി ഗാസ മുനമ്പിൽ ഉച്ചഭാഷിണികൾ സ്ഥാപിച്ചിട്ടുണ്ട്. അവിടെ തടവിലാക്കപ്പെട്ട ഇസ്രായിലി ബന്ദികൾക്ക് അതിലൂടെ തന്റെ പ്രസംഗം കേൾക്കാൻ കഴിയുമെന്നും ഇസ്രായിൽ പ്രധാനമന്ത്രി വിശദീകരിച്ചു. ഞങ്ങൾ നിങ്ങളെ ഒരു നിമിഷം പോലും മറന്നിട്ടില്ല. ഇസ്രായിൽ ജനത നിങ്ങളോടൊപ്പമുണ്ട്. നിങ്ങൾ വീട്ടിലേക്ക് മടങ്ങുന്നതുവരെ ഞങ്ങൾ വിശ്രമിക്കില്ല നെതന്യാഹു ഹീബ്രുവിലും പിന്നീട് ഇംഗ്ലീഷിലും പറഞ്ഞു. ലോകത്തിലെ പലർക്കും 2023 ഒക്ടോബർ 7 ഇപ്പോൾ ഓർമയില്ല. പക്ഷേ, ഞങ്ങൾ ഓർക്കുന്നു. ഗാസ മുനമ്പിൽ ഇസ്രായിൽ വംശഹത്യ നടത്തുകയും പട്ടിണി യുദ്ധ തന്ത്രമായി ഉപയോഗിക്കുകയും ചെയ്യുന്നുവെന്ന ആരോപണങ്ങൾ ഇസ്രായിൽ പ്രധാനമന്ത്രി തള്ളിക്കളഞ്ഞു.
വംശഹത്യയുടെ തെറ്റായ ആരോപണങ്ങൾ നോക്കൂ, ഇസ്രായിൽ സാധാരണക്കാരെ ലക്ഷ്യമിടുന്നു എന്നാണ് ആരോപണം. പക്ഷേ, അത് സത്യത്തിൽ നിന്ന് വളരെ അകലെയാണ്. ഇസ്രായിലിനെതിരായ മ്ലേച്ഛമായ പ്രചാരണ യുദ്ധത്തിന് ഹമാസ് സിവിലിയന്മാരെ മനുഷ്യകവചമായും ഉപകരണങ്ങളായും ഉപയോഗിക്കുകയാണ്. ഹമാസിന്റെ പ്രചാരണങ്ങൾ യൂറോപ്യൻ മാധ്യമങ്ങൾ ഏറ്റെടുക്കുകയാണ്. ഗാസയിൽ ഏകദേശം രണ്ട് വർഷമായി നടക്കുന്ന യുദ്ധത്തിൽ ഇസ്രായിലിനെ വിമർശിക്കുന്നത് സെമിറ്റിക് വിരുദ്ധ നുണകൾ ആണ്. നിരവധി രാജ്യങ്ങൾ ഹമാസിന് കീഴടങ്ങുയാണെന്നും ഇസ്രായിൽ പ്രധാനമന്ത്രി ആരോപിച്ചു.
ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കുന്നത് ഇസ്രായിലിനെ സംബന്ധിച്ചേടത്തോളം ആത്മഹത്യയായിരിക്കുമെന്ന് പശ്ചാത്യ രാജ്യങ്ങൾ ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിച്ചതിനെ അപലപിച്ചുകൊണ്ട് അദ്ദേഹം ആവർത്തിച്ചു. ഇത് പശ്ചാത്യ നേതാക്കൾക്കുള്ള മറ്റൊരു സന്ദേശമാണ്. ഒരു ഭീകര രാഷ്ട്രം ഞങ്ങളുടെ മേൽ അടിച്ചേൽപ്പിക്കാൻ ഇസ്രായിൽ നിങ്ങളെ അനുവദിക്കില്ല.
ഇസ്രായിലിന്റെ രക്തം ചൊരിയാൻ ആഹ്വാനം ചെയ്യുന്ന ശത്രുതാപരമായ മാധ്യമങ്ങളെയും സെമിറ്റിക് വിരുദ്ധ ജനക്കൂട്ടത്തെയും നേരിടാൻ നിങ്ങൾക്ക് ധൈര്യമില്ലാത്തതിനാൽ ഞങ്ങൾ ആത്മഹത്യ ചെയ്യില്ല. പശ്ചാത്യ രാജ്യങ്ങൾ ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കുന്നത് ജൂതന്മാരെ കൊല്ലുന്നത് ഫലം കാണുന്നുവെന്ന് തെളിയിക്കുന്നതായും നെതന്യാഹു പറഞ്ഞു. യു.എൻ ജനറൽ അസംബ്ലിയിൽ നെതന്യാഹു നടത്തുന്ന പ്രസംഗം ഗാസ നിവാസികളെ കേൾപ്പിക്കാൻ ഇസ്രായിൽ സൈന്യം ട്രെയിലറുകളിൽ ഉച്ചഭാഷിണികൾ സ്ഥാപിച്ചിരുന്നെങ്കിലും തങ്ങളാരും നെതന്യാഹുവിന്റെ പ്രസംഗം കേട്ടിട്ടില്ലെന്ന് ഗാസ നിവാസികൾ പറഞ്ഞു.



