ജിദ്ദ – സൗദി പ്രൊലീഗിന്റെ നാലാം റൗണ്ട് മത്സരത്തിൽ ഇന്ന് ശക്തരായ അൽ ഇത്തിഹാദും അൽ നസ്റും തമ്മിൽ ഏറ്റുമുട്ടും. ഇന്ത്യൻ സമയം രാത്രി 11:30ക്കാണ് (സൗദി – രാത്രി ഒമ്പത് മണിക്ക് ) മത്സരം ആരംഭിക്കുക. ഇത്തിഹാദിന്റെ തട്ടകമായ ജിദ്ദയിലെ കിങ് അബ്ദുല്ല സ്പോർട്സ് സിറ്റി സ്റ്റേഡിയത്തിൽ വച്ചാണ് മത്സരം.
നിലവിൽ പോയിന്റ് പട്ടികയിൽ ആദ്യ രണ്ടു സ്ഥാനക്കാർ തമ്മിലുള്ള ഈ പോരാട്ടം കാണികൾക്ക് ഏറെ ആവേശം നൽകും.മികച്ച ഫോമിലുള്ള ഇരുടീമുകളും സീസണിലെ മൂന്ന് മത്സരങ്ങളും ജയിച്ചാണ് വരവ്.
നിലവിലെ ചാമ്പ്യൻന്മാരായ ഇത്തിഹാദിനെ അവരെ തട്ടകത്തിൽ തോൽപ്പിച്ചു കീരിടം ലക്ഷ്യം വെക്കുന്ന നസ്ർ ഗോൾ അടിക്കുന്നതിലും, ഡിഫൻസ് ചെയ്യുന്നതിലും മറ്റു സീസണുകളെ അപേക്ഷിച്ചു മികച്ച പ്രകടനമാണ് കാഴ്ചവക്കുന്നത്.
കഴിഞ്ഞ മത്സരത്തിൽ റൊണാൾഡോ ഇല്ലാതെ തന്നെ എഎഫ്സി ചാമ്പ്യൻസ് ലീഗ് എലൈറ്റ് മത്സരത്തിൽ ഗ്രൂപ്പ് റൗണ്ട് മത്സരത്തിൽ ഇസ്തിക്ലോളിനെ എതിരില്ലാത്ത അഞ്ചു ഗോളുകൾക്ക് തോൽപ്പിച്ചത് ഇതിന് ഏറ്റവും വലിയ തെളിവാണ്. അൽ നസ്റിന് വേണ്ടി പ്രധാന കിരീടങ്ങൾ ഒന്നും നേടാൻ സാധിക്കാത്ത റൊണാൾഡോക്കും ഈ മത്സരം വളരെയധികം നിർണായകമാണ്.
എതിരാളികളുടെ പക്ഷത്തേക്ക് നോക്കുമ്പോൾ കഴിഞ്ഞ സീസണിൽ എന്നപോലെ ഈ സീസണിലും മികച്ച ഫോമിൽ ആണെങ്കിലും ഗോൾ നേടുന്നതിൽ കാണിക്കുന്ന പിശുക്ക് തിരിച്ചടിയാവുന്നുണ്ട്. സ്ട്രൈക്കർ കരീം ബെൻസീമയുടെ പരിക്ക് തന്നെയാണ് ഗോൾ നേടുന്നതിൽ ഇവർക്ക് വെല്ലുവിളിയാകുന്നത്. ഇന്ന് നടക്കുന്ന മത്സരത്തിൽ താരം ആദ്യ ഇലവനിൽ കളിക്കുമെന്ന് ഉറപ്പില്ലെങ്കിലും ബെഞ്ചിൽ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.