ദുബൈ– ഇന്ത്യ ഏഷ്യാ കപ്പ് ഫൈനലിൽ സ്ഥാനം ഉറപ്പിച്ചു. സൂപ്പർ ഫോർ മത്സരത്തിൽ ബംഗ്ലാദേശിനെ 41 റൺസിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ ഫൈനൽ പ്രവേശനം നേടിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 168 റൺസ് നേടി. ബംഗ്ലാദേശിന്റെ മറുപടി 127 റൺസിൽ അവസാനിച്ചു.
ബംഗ്ലാദേശിനായി ഓപ്പണർ സൈഫ് ഹസൻ 51 പന്തിൽ 69 റൺസുമായി മികച്ച പ്രകടനം കാഴ്ചവെച്ചെങ്കിലും മറ്റ് ബാറ്റർമാർക്ക് തിളങ്ങാനായില്ല. പർവേസ് ഹുസൈൻ മാത്രമാണ് 21 റൺസുമായി രണ്ടക്കം കണ്ട ഏക ബാറ്റർ.
ഇന്ത്യൻ ഇന്നിംഗ്സിൽ അഭിഷേക് ശർമ്മയുടെ 37 പന്തിൽ 6 ഫോറും 5 സിക്സും ഉൾപ്പെട്ട 75 റൺസാണ് ടീമിന് കരുത്തായത്. ശുഭ്മാൻ ഗില്ലുമായി (29 റൺസ്, 19 പന്ത്) ചേർന്ന് 77 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. ഹാർദിക് പാണ്ഡ്യ 29 പന്തിൽ 38 റൺസും (4 ഫോർ, 1 സിക്സ്), അക്‌സർ പട്ടേൽ 15 പന്തിൽ 10 റൺസും (പുറത്താകാതെ) നേടി. തിലക് വർമ്മയും സൂര്യകുമാർ യാദവും നിരാശപ്പെടുത്തി.
ബംഗ്ലാദേശിന്റെ ബൗളിംഗിൽ റിഷാദ് ഹുസൈൻ 3 ഓവറിൽ 27 റൺസിന് 2 വിക്കറ്റ് വീഴ്ത്തി. മുസ്തഫിസുർ റഹ്മാൻ, മുഹമ്മദ് സൈഫുദ്ദീൻ, തൻസിം ഹസൻ സാകിബ് എന്നിവർ ഓരോ വിക്കറ്റ് നേടി.
അഭിഷേക്-ഗിൽ, പാണ്ഡ്യ-അക്‌സർ കൂട്ടുകെട്ടുകൾ ഇന്ത്യൻ സ്കോറിനെ മുന്നോട്ട് നയിച്ചു. ഈ വിജയത്തോടെ ശ്രീലങ്ക പുറത്തായി. ഇന്ന് നടക്കുന്ന പാകിസ്ഥാൻ-ബംഗ്ലാദേശ് മത്സരത്തിലെ വിജയികൾ ഇന്ത്യയുടെ ഫൈനൽ എതിരാളികളാകും.