ആലപ്പുഴ : മുഖ്യമന്ത്രിയ്ക്കെതിരായ വാട്സാപ്പ് സ്റ്റാറ്റസിന്റെ പേരിൽ ജോലിയിൽ നിന്ന് പുറത്താക്കപ്പെട്ട മുഹമ്മ സ്വദേശി ധനിഷയ്ക്ക് പിന്തുണയുമായി ആലപ്പുഴ യുഡിഎഫ് സ്ഥാനാർഥി കെസി വേണുഗോപാൽ. സ്ഥാനാർഥി പര്യടനത്തിന്റെ ഭാഗമായി വിവിധ മേഖലകളിലെ തൊഴിലാളികളുമായി മാരാരിക്കുളത്ത് കെ സി വേണുഗോപാൽ നടത്തിയ സംവാദത്തിനിടെയാണ് ധനിഷ ജോലിയിൽ നിന്ന് പിരിച്ചുവിട്ട കാര്യം കെസിയുടെ ശ്രദ്ധയിൽ പെടുത്തിയത്.
ആയുഷിന്റെ കീഴിലുള്ള ഹോമിയോ മരുന്ന് കമ്പനിയായ ഹോം കോയിൽ പത്ത് വർഷത്തോളം തത്കാലിക ജീവനക്കാരിയായിരുന്നു ധനിഷ…നവകേരള യാത്രയുമായി ബന്ധപ്പെട്ട ട്രോൾ വീഡിയോ വാട്സാപ്പ് സ്റ്റാറ്റസ് ആക്കിയതോടെ ധനിഷയെ മാനേജ്മെന്റ് ജോലിയിൽ നിന്നും പിരിച്ചുവിട്ടു…രണ്ടുമക്കളും അച്ഛനും അമ്മയും അടങ്ങുന്ന കുടുംബത്തിന് തന്റെ വരുമാനമാണ് ഏക ആശ്രയം, അതാണ് ഇപ്പോൾ നഷ്ടമായിരിക്കുന്നതെന്നും ധനിഷ പറഞ്ഞു
കമ്പനിയിൽ പുതിയ എം ഡി വന്നതോടെ ജനുവരി 12 നാണ് ധനിഷയെ ജോലിയിൽ നിന്നും പുറത്താക്കിയത്. ഒരു വാട്സാപ്പ് സ്റ്റാറ്റസിന്റെ പേരിൽ ഒരാളുടെ ഉപജീവനമാർഗം ഇല്ലാതാക്കുന്നത് ഒരു തരത്തിലും അംഗീകരിക്കാൻ ആവില്ലെന്നും ധനിഷയ്ക്ക് എല്ലാവിധ പിന്തുണയും ഉണ്ടാകുമെന്നും കെ സി ഉറപ്പ് നൽകി. രാജാവിനെക്കാൾ വലിയ രാജഭക്തി കാണിക്കുന്ന ആളുകൾ ആണ് ഇപ്പോൾ പല പൊതുമേഖലാ സ്ഥാപനങ്ങളിലും അധികാരത്തിൽ ഇരിക്കുന്നതെന്നും മുഖ്യമന്ത്രിയുടെ അറിവോടെ അല്ലെങ്കിൽ ഈ നടപടി പിൻവലിക്കാൻ മുഖ്യമന്ത്രി മുൻകൈ എടുക്കണമെന്നും കെ സി പറഞ്ഞു.