തെൽ അവീവ്: യെമനിൽ നിന്നുള്ള ഹൂത്തി മിലീഷ്യ വിക്ഷേപിച്ച ഡ്രോൺ ഇസ്രായിലിലെ എയ്ലാറ്റ് പ്രദേശത്ത് ഇടിച്ചുതകര്‍ന്ന് 20 പേർക്ക് പരിക്കേറ്റു. ഇസ്രായേൽ സൈന്യത്തിന്റെ ഡ്രോൺ വെടിവെച്ചിടാനുള്ള ശ്രമം വിഫലമായി. എയ്ലാറ്റിലെ ജനപ്രിയ വിനോദസഞ്ചാര കേന്ദ്രത്തിലാണ് ഡ്രോൺ ഇടിച്ചിറങ്ങിയത്.
പരിക്കേറ്റവരിൽ രണ്ടുപേരുടെ നില ഗുരുതരമാണെന്ന് ഇസ്രായേൽ ആംബുലൻസ് സർവീസ് അറിയിച്ചു.


ആക്രമണത്തിന്റെ ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഡ്രോൺ തടയാനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടതിനാൽ അത് ടൂറിസ്റ്റ് കേന്ദ്രത്തിൽ ഇടിച്ചിറങ്ങിയതായി വൈനെറ്റ് ന്യൂസ് വെബ്സൈറ്റ് റിപ്പോർട്ട് ചെയ്തു. അയൺ ഡോം പ്രതിരോധ സംവിധാനം ഡ്രോൺ തടയുന്നതിൽ പരാജയപ്പെട്ടതിനെക്കുറിച്ച് ഇസ്രായേൽ സൈന്യം അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Footage showing the moment a Houthi drone hit Israel's Eilat. pic.twitter.com/g2TxGmN3k1
— Clash Report (@clashreport) September 24, 2025
ഡ്രോൺ താഴ്ന്ന ഉയരത്തിൽ പറന്നതിനാൽ ഹെലികോപ്റ്ററുകൾ ഉപയോഗിച്ച് തടയുന്നത് ബുദ്ധിമുട്ടായിരുന്നുവെന്ന് സൈന്യം വിശദീകരിച്ചു. എയ്ലാറ്റിൽ തിരച്ചിലും രക്ഷാപ്രവർത്തനങ്ങളും തുടരുകയാണ്. ഈജിപ്തുമായുള്ള അതിർത്തിക്ക് സമീപമുള്ള എയ്ലാറ്റ്, ജനപ്രിയ റിസോർട്ട് നഗരമാണ്. ജൂത പുതുവത്സര അവധിയോടനുബന്ധിച്ച് ഇന്ന് വിനോദസഞ്ചാരികളുടെ വൻ തിരക്കാണ് ഇവിടെ അനുഭവപ്പെട്ടത്.