ദേശീയ ദിനാഘോഷത്തിന്റെ നിറവിലാണ് സൗദി അറേബ്യ. സെപ്റ്റംബർ 23-നാണ് സൗദി അറേബ്യ ദേശീയ ദിനം ആഘോഷിക്കുന്നത്. അബ്ദുൽ അസീസ് രാജാവും മക്കളും ആധുനിക സൗദി അറേബ്യയെ ലോകത്തെ തന്നെ ഏറ്റവും ഭദ്രമായ ഒരു രാഷ്ട്രമാക്കി ഉയർത്തിയിരിക്കുകയാണ്. ഇരു ഹറമുകളുടെ സംരക്ഷകർ എന്ന നിലയ്ക്ക് അറബ് ഇസ്‌ലാമിക ലോകം വലിയ ആദരമാണ് സൗദിക്ക് നൽകുന്നത്. ആഗോള തലത്തിൽ സൗദിയുടെ പ്രാധാന്യം ഉയർത്തി കാണിക്കുന്നതിൽ സൽമാൻ രാജാവും അദ്ദേഹത്തിന്റെ പുത്രനും കിരീടവകാശിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും വഹിക്കുന്ന പങ്ക് ലോകം എന്നും ഓർക്കുക തന്നെ ചെയ്യും .
സൗദിയുടെ നേതൃത്വത്തിലുള്ള ആഗോള സമാധാന ശ്രമങ്ങൾ ശ്രദ്ധേയമാണ്.1967 ലെ അതിർത്തിയിൽ ഖുദ്‌സ് തലസ്ഥാനമായി ഫലസ്തീൻ രാഷ്ട്രം രൂപീകരിക്കുകയെന്ന നിർദ്ദേശവുമായി സൗദി സജീവമായി രംഗത്തുണ്ട്. ദ്വിരാഷ്ട്ര നിർദ്ദേശം നടപ്പിൽ വരുത്തി ഫലസ്തീൻ ജനതയെ സംരക്ഷിക്കുക എന്ന സൗദി നിലപാട് അറബ് ഇസ്‌ലാമിക ലോകം ഇപ്പോൾ ഏകകണ്ഠമായി അംഗീകരിക്കുകയാണ്. ഈയിടെ ദോഹയിൽ നടന്ന അറബ് ഇസ്‌ലാമിക ഉച്ചകോടി ഈ നിർദ്ദേശം നടപ്പിലാക്കണമെന്നു ആവശ്യപ്പെട്ടിരിക്കുകയാണ്. ദേശീയ ദിനം ആഘോഷിക്കുന്ന സൗദി അറേബ്യ ആഗോള സാമ്പത്തിക മേഖലയിൽ അതിന്റെ ദീർഘദർശനം കൊണ്ട് ശക്തമായ സ്വാധീനമാണ് ചെലുത്തുന്നത്.
ലോകത്ത് അതിവേഗം സംഭവിച്ചു കൊണ്ടിരിക്കുന്ന സാമ്പത്തിക പരിവർത്തനങ്ങൾ വെറും വ്യാപാര-ധനകാര്യ മേഖലകളിൽ മാത്രമല്ല, മറിച്ച് ,സമഗ്രമായ ആഗോള വ്യവസ്ഥയുടെ പുനർനിർമാണത്തിലാണ് കേന്ദ്രീകരിച്ചിരിക്കുന്നതെന്ന ആശയം സൗദി നടപ്പിലാക്കി വിജയിപ്പിക്കുകയാണ്. ഈ നിർണായക ഘട്ടത്തിൽ സൗദി അറേബ്യ അതിന്റെ ദീർഘദർശനം കൊണ്ട് സമഗ്രമായ വികസനത്തിനൊരു പുതിയ വഴികാട്ടിയായി ഉയർന്നു വരുകയാണ്. ഇതിന് അടിത്തറയായത് മുഹമ്മദ് ബിൻ സൽമാൻ മുന്നോട്ടു വെച്ച സൗദിയുടെ വിഷൻ 2030 ആണ്. സൗദിയുടെ വിഷൻ 2030 ഒരു സാമ്പത്തിക പരിഷ്‌കരണ പദ്ധതി മാത്രമല്ല, മറിച്ച് ലോകത്തെ പുരോഗതി, സഹകരണം എന്നിവയെ പുതുക്കി നിർവ്വചിക്കുന്ന സമഗ്രമായ സാംസ്കാരിക പദ്ധതി കൂടി ആയിട്ടാണ് വിശേഷിപ്പിക്കപ്പെടുന്നത്.
2016-ൽ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ പ്രഖ്യാപിച്ച വിഷൻ 2030 വരുമാനത്തിന്റെ വൈവിധ്യം കൊണ്ടുവരുന്നതിനെയും എണ്ണ വരുമാനം മാത്രം ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനെയും ലക്ഷ്യം വച്ചുള്ളത് മാത്രമല്ല. സമ്പദ്‌വ്യവസ്ഥ, സമൂഹം, പരിസ്ഥിതി, സാംസ്കാരികം, സാങ്കേതിക വിദ്യ എന്നിവ ഉൾക്കൊള്ളുന്ന സമഗ്ര നവോത്ഥാനത്തിന്‍റെ അടിപ്പാതയാണ് വിഷൻ 2030. 21-ാം നൂറ്റാണ്ടിലെ മനുഷ്യരുടെ അടിസ്ഥാന ആവശ്യങ്ങളോട് പൊരുത്തപ്പെടുന്ന ഒരു സമഗ്ര വികസന മാതൃക ലോകത്തിനു മുന്നിൽ അവതരിപ്പിക്കുകയാണ് സൗദി അറേബ്യ ചെയ്യുന്നത്.
ഹരിത സൗദി / ആഗോള പരിസ്ഥിതി പ്രതിബദ്ധത എടുത്തു പറയേണ്ട കാര്യമാണ്. സൗദി ഗ്രീൻ (Saudi Green), മിഡിൽ ഈസ്റ്റ് ഗ്രീൻ (Middle East Green) തുടങ്ങിയ പദ്ധതികൾ, വിഭവ സംരക്ഷണത്തിന്റെയും പരിസ്ഥിതി സംരക്ഷണത്തിന്റെയും പ്രാധാന്യം തിരിച്ചറിയുന്ന സൗദിയുടെ ദീർഘദർശനത്തെയാണ് പ്രതിഫലിപ്പിക്കുന്നത്. കാലാവസ്ഥാ മാറ്റം എന്ന ആഗോള വെല്ലുവിളിക്കെതിരെ സൗദി പവിത്രമായ ഒരു അന്താരാഷ്ട്ര പങ്കാളിത്ത മാതൃക മുന്നോട്ട് വയ്ക്കുകയാണ്. സാമ്പത്തിക മുന്നേറ്റം ഉണ്ടാകുമ്പോൾ പരിസ്ഥിതിയോട് കാണിക്കേണ്ട ഉത്തരവാദിത്തവും സമതുലിത സമീപനവും വ്യക്തമാക്കുന്നതാണ് ഈ പദ്ധതികളെല്ലാം.
നിയോം (NEOM), റെഡ് സീ പ്രോജക്ട്, ഖിദ്ദിയ (Qiddiya) എന്നീ പദ്ധതികൾ സാധാരണ വിനോദ-നിക്ഷേപ പദ്ധതികൾ അല്ല; മറിച്ച്:സ്മാർട്ട് നഗരങ്ങൾ , ഊർജ്ജം,അറിവ്-സാമ്പത്തികം ,ജീവിത നിലവാരം എന്നിവ മെച്ചപ്പെടുത്താനുള്ള ഭാവിയുടെ ചുവടുവയ്പുകൾ ആയിട്ടാണ് കണക്കാക്കപ്പെടുന്നത്. മനുഷ്യനും പ്രകൃതിയുമാണ് സാമ്പത്തിക പരിവർത്തനത്തിന്‍റെ മുഖ്യ കേന്ദ്രമെന്ന് ഓർമ്മപ്പെടുത്തുകയാണ് സൗദി. 2020-ൽ ജി20 യിൽ സൗദിയുടെ ഇടപെടൽ, കൊറോണാ മഹാമാരിയുടെ കാലത്ത്, ലോകത്തിന്റെ പ്രധാന സാമ്പത്തിക ശക്തികളെയും പുതിയ രാഷ്ട്രങ്ങളെയും ഒരുമിച്ച് കൊണ്ടുവരാനുള്ള പ്രചോദനമായി.
ഈയിടെയായി സൗദിയുടെ നേതൃത്വത്തിൽ നടക്കുന്ന സമാധാന ശ്രമങ്ങൾ കൂടി വിശകലനം ചെയ്യുമ്പോൾ സൗദി ഒരു പ്രാദേശിക ശക്തി മാത്രമല്ല, മറിച്ച് ആഗോള തീരുമാനങ്ങളിലെ പ്രധാന പങ്കാളി ആണെന്ന് ബോദ്ധ്യപ്പെടുകയാണ്.
ഏഷ്യയുടെ ഉയർച്ചയും പുതിയ ശക്തികളുടെ വളർച്ചയും പാശ്ചാത്യ മാതൃകകളുടെ പരിമിതികളും ആഗോള സഹകരണത്തിന്‍റെ പുതിയ പാതകൾ നിർമ്മിക്കാൻ പ്രേരിപ്പിക്കുകയാണ്. ഈ സാഹചര്യത്തിൽ, സൗദി അവരുടെ വടക്കും തെക്കും, കിഴക്കും പടിഞ്ഞാറും ഉപയോഗപ്പെടുത്തി വികസനത്തിന്റെ പുതിയ
പാലം നിർമ്മിച്ചു കാലത്തിന്റെ ദൗത്യം നിർവ്വഹിക്കുകയാണ്.
നിക്ഷേപത്തിൽ – സൗദി പൊതുമുതൽ നിക്ഷേപ ഫണ്ട് (PIF) ലോകത്തിലെ വമ്പൻ സോവറിൻ ഫണ്ടുകളിൽ ഒന്നായി മാറുന്നു.ഭൂമിശാസ്ത്ര പരമായി – മൂന്ന് ഭൂഖണ്ഡങ്ങളെ ബന്ധിപ്പിക്കുന്ന ലോജിസ്റ്റിക് കേന്ദ്രമാണ് സൗദി. സൗദിയുടെ സന്ദേശം വളരെ വ്യക്തമാണ്: വിഷൻ 2030 ഒരു ദേശീയ പദ്ധതി മാത്രമല്ല, മറിച്ച് ആഗോളവൽക്കരണത്തിന്റെ (Globalization) പുതിയ പതിപ്പിനുള്ള ഒരു സംഭാവനയാണ്. പുതുക്കിയ ഊർജ്ജം, ഡിജിറ്റൽ പരിവർത്തനം, പരിസ്ഥിതി സുസ്ഥിരത, പങ്കാളിത്തം — ഇവയാണ് ആഗോള സമ്പദ്‌വ്യവസ്ഥയുടെ ഭാവിയെ നിർവ്വചിക്കുന്ന ഘടകങ്ങൾ എന്ന് തിരിച്ചറിഞ്ഞുള്ള മുന്നേറ്റമാണ് സൗദിയിൽ കാണുന്നത്.
സൗദിയുടെ ദീർഘ വീക്ഷണം സ്വപ്നങ്ങളെ യാഥാർഥ്യമാക്കി മുന്നേറുകയാണ്. സൗദി പരിവർത്തനങ്ങളോട് പൊരുത്തപ്പെടുന്ന രാജ്യം മാത്രമല്ല, മറിച്ച് അവ സൃഷ്ടിക്കുന്ന രാജ്യം കൂടിയായി മാറുകയാണ്. വിഷൻ 2030 വെറും സാമ്പത്തിക പദ്ധതിയല്ല , മനുഷ്യാവിഷ്കാരത്തിന്റെ സമഗ്രമായൊരു പദ്ധതിയായി മാറുകയാണ്.
അതുകൊണ്ടുതന്നെ, ഭാവിയിലെ ലോകസമ്പദ്‌വ്യവസ്ഥയുടെ രൂപരേഖ, സൗദിയുടെ പങ്കാളിത്തവും ദർശനവും പ്രവർത്തനങ്ങളും ഇല്ലാതെ വരയ്ക്കാനാവില്ല എന്നതാണ് സത്യം. സൗദി അവിടത്തെ പൗരന്മാരുടെയും ലക്ഷകണക്കിന് പ്രവാസികളുടെയും ക്ഷേമം ഉറപ്പാക്കി മുന്നോട്ടു കുതിക്കുകയാണ്. വിദ്യാഭ്യാസ മേഖലയിൽ
വലിയ മാറ്റങ്ങളാണ് നടക്കുന്നത്. സൗദി സ്ഥാപക നേതാക്കളുടെ മൂല്യങ്ങളും വിശ്വാസങ്ങളും സംരക്ഷിച്ചു കൊണ്ട് തന്നെയാണ് സൗദിയുടെ കുതിപ്പ്.
ഇരു ഹറമുകളുടെ ഏറ്റവും വലിയ വികസനമാണ് സൽമാൻ രാജാവിന്റെ നേതൃത്വത്തിൽ പൂർത്തിയായിട്ടുള്ളത്. സാംസ്‌ക്കാരിക സാമൂഹിക മേഖലയിൽ ക്രിയാത്മകമായ മാറ്റങ്ങൾ നടപ്പിൽ വരുത്തി ആധുനിക സൗദി വിപ്ലവം സൃഷ്ടിക്കുകയാണ്. സമൂഹത്തിലെ പകുതി വരുന്ന സ്ത്രീകളുടെ പുരോഗതി ലക്ഷ്യം വെച്ച് സൗദി നടപ്പിലാക്കുന്ന
പദ്ധതികൾ അസൂയാർഹമാണ്. സ്ത്രീകൾ എല്ലാ മേഖലകളിലും അവരുടെ കഴിവ് തെളിയിച്ചു കൊണ്ടിരിക്കുന്നു.
മനുഷ്യ നിർമ്മിത ബുദ്ധിയുടെ കാലത്ത് അതിവേഗം മുന്നേറാൻ സൗദി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വിപ്ലവം ഒരുക്കുകയാണ്. പുതു തലമുറയുടെ സ്വപ്നങ്ങൾ യാഥാർഥ്യമാക്കാൻ സൗദി അവരെ ചേർത്തുപിടിക്കുകയാണ്.2034 ൽ സൗദി ആതിഥ്യമരുളുന്ന ലോകകപ്പ് ഫുട്‌ബോളിനു വേണ്ടിയുള്ള അതിവേഗമുള്ള തയ്യാറെടുപ്പിലാണ് രാജ്യം.
ലോക രാജ്യങ്ങളുമായി ഊഷ്മളമായ ബന്ധമാണ് സൗദി പുലർത്തുന്നത്. ഇന്ത്യ സൗദി ബന്ധം ഏറ്റവും ശക്തമായ നിലയിലാണ് മുന്നോട്ടു പോകുന്നത്. നിരവധി കരാറുകളിൽ ഇന്ത്യയും സൗദിയും ഒപ്പു വെച്ചിരിക്കുന്നു. ഇന്ത്യൻ
ജനതയോടുള്ള സൗദിയുടെ സ്നേഹവും പരിഗണനയും തുല്യതയില്ലാത്തതാണ്.