ദുബൈ – ഏഷ്യ കപ്പിന്റെ കലാശ പോരാട്ടത്തിലേക്കുള്ള ടിക്കറ്റ് ഉറപ്പിക്കാൻ ഇന്ത്യ ഇന്ന് ബംഗ്ലാദേശിനെ നേരിടും.സൂപ്പർ ഫോറിലെ ആദ്യ മത്സരത്തിൽ ജയിച്ചിട്ടാണ് ഇരു ടീമുകളുടെ വരവ്. ഇന്ത്യ ഇന്ന് ജയിച്ചാൽ ഫൈനലിലേക്കുള്ള ടിക്കറ്റ് ഉറപ്പിക്കും, എന്നാൽ ബംഗ്ലാദേശ് ജയിച്ചാൽ ഫൈനൽ സാധ്യത ഏറെക്കുറെ ഉറപ്പിക്കുമെങ്കിലും അടുത്ത കളികളും കാത്തിരിക്കണം. ഇന്ത്യയുടെ വരവ് പാക്കിസ്ഥാനെ തകർത്തിട്ടാണെങ്കിൽ അയൽക്കാരായ ബംഗ്ലാദേശ് ശ്രീലങ്കയെയാണ് പരാജയപ്പെടുത്തിയത്. ഇന്ത്യൻ സമയം രാത്രി എട്ട് മണിക്ക് അരങ്ങേറുന്ന മത്സരം ദുബൈ ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ വെച്ചാണ് നടക്കുക.
ബാറ്റിങിലും, ബൗളിങിലും ഒരു പോലെ മികച്ച പ്രകടനമാണ് ഇന്ത്യൻ താരങ്ങൾ കാഴ്ചവക്കുന്നത്. ബാറ്റിങിൽ ഇന്ത്യയുടെ നട്ടെല്ല് അഭിഷേക് ശർമയാണ്. 173 റൺസുമായി ടൂർണമെന്റിലെ ഉയർന്ന റൺസ് വേട്ടക്കാരനായി തുടരുന്ന അഭിഷേകിന്റെ സ്ട്രൈക്ക് റേറ്റ് 200നു മുകളിലാണ്. ബൗളിങിലേക്ക് വരുമ്പോൾ ബുമ്ര, കുൽദീപ് യാദവ് എന്നിവരെല്ലാം മികച്ച പ്രകടനമാണ് കാഴ്ചവക്കുന്നത്.
ഗ്രൂപ്പ് റൗണ്ടിൽ പുറത്താകുമെന്ന് കരുതിയ ബംഗ്ലാകടുവകൾ ലിറ്റൻ ദാസിന്റെ കീഴിൽ ടൂർണമെന്റിൽ ഉടനീളം മികച്ച പ്രകടനമാണ് കാഴ്ചവച്ചത്.
ഇന്നലെ നടന്ന മത്സരത്തിൽ ശ്രീലങ്കയെ പാക്കിസ്ഥാൻ തോൽപ്പിച്ചതോടെ ഫൈനൽ സാധ്യത വർധിച്ചു. ഇന്ത്യ – പാകിസ്ഥാൻ വീണ്ടും ഏറ്റുമുട്ടുമോ എന്ന ആകാംക്ഷയിലാണ് ആരാധകർ.