റിയാദ് – ലോകത്തെ ഏറ്റവും വലിയ വിമാനത്താവളം എന്നോണം രൂപകല്‍പന ചെയ്ത് നിര്‍മാണം പുരോഗമിക്കുന്ന റിയാദ് കിംഗ് സല്‍മാന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിനെയും ലോകത്തെ ഏറ്റവും വലിയ അമ്യൂസ്‌മെന്റ് സിറ്റിയെന്നോണം നിര്‍മിക്കുന്ന ഖിദ്ദിയയെയും ബന്ധിപ്പിച്ച് അതിവേഗ ട്രെയിന്‍ സര്‍വീസ് ഏര്‍പ്പെടുത്താന്‍ തീരുമാനം.
പൊതു-സ്വകാര്യ പങ്കാളിത്ത മാതൃകയില്‍ ഖിദ്ദിയ ഹൈ-സ്പീഡ് റെയില്‍വെ പദ്ധതിയുടെ ആദ്യ ഘട്ടം നടപ്പാക്കാനുള്ള ടെണ്ടറില്‍ മത്സരിക്കാന്‍ ആഗ്രഹിക്കുന്ന കമ്പനികളുടെയും സ്ഥാപനങ്ങളുടെയും രജിസ്‌ട്രേഷന്‍ പ്രക്രിയ നാഷണല്‍ സെന്റര്‍ ഫോര്‍ പ്രൈവറ്റൈസേഷനുമായും ഖിദ്ദിയ ഇന്‍വെസ്റ്റ്മെന്റ് കമ്പനിയുമായും സഹകരിച്ച് ആരംഭിച്ചതായി റിയാദ് റോയല്‍ കമ്മീഷന്‍ അറിയിച്ചു.
മണിക്കൂറില്‍ 250 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കാന്‍ കഴിയുന്ന അതിവേഗ റെയില്‍ ട്രാക്ക് വഴി കിംഗ് സല്‍മാന്‍ അന്താരാഷ്ട്ര വിമാനത്താവളത്തെയും കിംഗ് അബ്ദുല്ല ഫിനാന്‍ഷ്യല്‍ ഡിസ്ട്രിക്ടിനെയും ഖിദ്ദിയയുമായി ബന്ധിപ്പിക്കാനാണ് പദ്ധതി. ഇത് യാഥാര്‍ഥ്യമാകുന്നതോടെ സന്ദര്‍ശകര്‍ക്ക് കിംഗ് സല്‍മാന്‍ എയര്‍പോര്‍ട്ടില്‍ നിന്ന് 30 മിനിറ്റിനുള്ളില്‍ ഖിദ്ദിയയില്‍ എത്തിച്ചേരാനാകും. റിയാദിലെ ഗതാഗത സംവിധാനത്തിന്റെ പ്രധാന ഭാഗമായിരിക്കും ഈ പദ്ധതി. തലസ്ഥാന നഗരിയില്‍ അടുത്തിടെ ആരംഭിച്ച പൊതുഗതാഗത ശൃംഖലക്കൊപ്പം സംയോജിത നഗര മൊബിലിറ്റി അനുഭവം ഖിദ്ദിയ ഹൈ-സ്പീഡ് റെയില്‍വെ നല്‍കും.
സൗദി വിഷന്‍ 2030 ലക്ഷ്യങ്ങള്‍ക്ക് അനുസൃതമായി, റിയാദില്‍ ഗതാഗത വികസന പദ്ധതികള്‍ നടപ്പാക്കാനും നഗരവാസികളുടെയും സന്ദര്‍ശകരുടെയും ജീവിത നിലവാരം മെച്ചപ്പെടുത്താനും സുസ്ഥിര നഗര വളര്‍ച്ച പ്രോത്സാഹിപ്പിക്കാനും സ്വകാര്യ മേഖലയുമായി തന്ത്രപരമായ പങ്കാളിത്തം സ്ഥാപിക്കാന്‍ നാഷണല്‍ സെന്റര്‍ ഫോര്‍ പ്രൈവറ്റൈസേഷനും ഖിദ്ദിയ ഇന്‍വെസ്റ്റ്മെന്റ് കമ്പനിയുമായും സഹകരിച്ച് റിയാദ് റോയല്‍ കമ്മീഷന്‍ നടത്തുന്ന ശ്രമങ്ങളുടെ ഭാഗമയാണ് ഈ പദ്ധതി നടപ്പാക്കുന്നത്. ഖിദ്ദിയ ഹൈ-സ്പീഡ് റെയില്‍വെ പദ്ധതി നടത്തിപ്പില്‍ പങ്കെടുക്കാന്‍, ഈ മേഖലയില്‍ വൈദഗ്ധ്യമുള്ള കമ്പനികളെയും താല്‍പ്പര്യമുള്ള നിക്ഷേപകരെയും റിയാദ് റോയല്‍ കമ്മീഷന്‍ ക്ഷണിച്ചു. 2025 ഒക്ടോബര്‍ 12 നകം ഇ-മെയില്‍ വഴി രജിസ്‌ട്രേഷന്‍ അപേക്ഷ സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടു.