മേപ്പാടി– വയനാട് മേപ്പാടി പഞ്ചായത്തിലെ ചൂരൽമല പുനരധിവാസ ടൗൺഷിപ്പ് നിർമാണം താൽക്കാലികമായി നിർത്തിവയ്ക്കാൻ പഞ്ചായത്ത് സെക്രട്ടറി മുസ്ലിം ലീഗ് നേതൃത്വത്തിന് നിർദേശം നൽകി. പ്ലോട്ട് വിഭജനത്തിന് ആവശ്യമായ അനുമതി ലഭിക്കും മുമ്പ് നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചതിനെ തുടർന്നാണ് ഈ നടപടി.
നേരത്തെ, ചട്ടവിരുദ്ധമായി നിർമാണം തുടങ്ങിയെന്ന് ചൂണ്ടിക്കാട്ടി പഞ്ചായത്ത് സെക്രട്ടറി മുസ്ലിം ലീഗിന് നോട്ടീസ് അയച്ചിരുന്നു. തുടർന്ന്, സ്ഥലം സന്ദർശിച്ച ശേഷം നിർമാണം നിർത്തിവയ്ക്കാൻ വാക്കാൽ നിർദേശം നൽകുകയായിരുന്നു.
മുസ്ലിം ലീഗിന്റെ ടൗൺഷിപ്പ് പദ്ധതിയിൽ 68 റെസിഡൻഷ്യൽ പ്ലോട്ടുകൾക്ക് ഡെവലപ്മെന്റ് പെർമിറ്റ് ലഭിച്ചിട്ടുണ്ട്. എന്നാൽ, അനുമതി പൂർത്തിയാകും മുമ്പ് ഏഴ് സെൽഫ്-സർട്ടിഫൈഡ് പെർമിറ്റുകൾ എടുത്തതാണ് ചട്ടലംഘനമായി കണ്ടെത്തിയത്.
നോട്ടീസിന് മറുപടി നൽകിയിട്ടുണ്ടെന്നും നിർമാണ പ്രവർത്തനങ്ങൾക്ക് തടസ്സമില്ലെന്നും പാണക്കാട് സാദിക്കലി ശിഹാബ് തങ്ങൾ നേരത്തെ പ്രതികരിച്ചിരുന്നു. വിഷയം നിയമപരമായി നേരിടുമെന്നും ടൗൺഷിപ്പ് പദ്ധതിയുമായി മുന്നോട്ടുപോകുമെന്നും മുസ്ലിം ലീഗ് നേതാക്കൾ വ്യക്തമാക്കി.
മേപ്പാടി പഞ്ചായത്തിലെ തൃക്കൈപ്പറ്റ വില്ലേജിൽ, വെള്ളിത്തോട് പ്രദേശത്ത്, മുട്ടിൽ-മേപ്പാടി പ്രധാന റോഡിനോട് ചേർന്നാണ് പദ്ധതിക്കായി സ്ഥലം ഏറ്റെടുത്തിരിക്കുന്നത്. എട്ട് സെന്റ് വിസ്തീർണമുള്ള 1000 ചതുരശ്ര അടി വീടുകൾ, ഇരുനിലയോട് കൂടിയ അടിത്തറയിൽ, ഭവന സമുച്ചയമായാണ് മുസ്ലിം ലീഗ് നിർമിക്കുന്നത്.