ദോഹ – അഫ്ഗാനിസ്ഥാനിൽ താലിബാന്റെ തടവിലായിരുന്ന ദമ്പതികളെ വിട്ടയച്ച് ഭരണകൂടം. ഖത്തറിന്റെ ഇടപെടലിനെ തുടർന്ന് കഴിഞ്ഞദിവസം കാബൂളിൽ നിന്ന് ഇവരെ ദോഹയിൽ എത്തിക്കുകയായിരുന്നു. കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു പീറ്റർ റെയ്നോൾഡ്സ് (80), ഭാര്യ ബാർബി (76) എന്നിവരെ താലിബാൻ ഭരണകൂടം അറസ്റ്റ് ചെയ്തിരുന്നത്.
കഴിഞ്ഞ 18 വർഷമായി അഫ്ഗാനിസ്ഥാനിൽ താമസിച്ചിരുന്ന ദമ്പതികൾ 2021ൽ താലിബാൻ അധികാരം പിടിച്ചെടുത്തിട്ടും സ്വന്തം നാട്ടിലേക്ക് പോയിരുന്നില്ല. താലിബാൻ ഇതിന് അനുമതി നൽകിയിരുന്നെങ്കിലും സമ്മതമില്ലാതെ വിമാനം ഉപയോഗിച്ചതിനെ തുടർന്നാണ് ദമ്പതികളെയും ഇവരുടെ ഒരു സുഹൃത്തിനെയും അറസ്റ്റ് ചെയ്തിരുന്നത്. സുഹൃത്തായ ചൈനീസ് – അമേരിക്കൻ പൗരനായ ഹാളിനെ കഴിഞ്ഞ മാർച്ചിൽ തന്നെ മോചിപ്പിച്ചിരുന്നു.
തടവിൽ ആയിരുന്ന സമയത്തും ദമ്പതികൾക്ക് വൈദ്യസഹായം അടക്കമുള്ള മറ്റു സഹായങ്ങളും ഖത്തർ എംബസി വഴി ഉറപ്പുവരുത്തിയിരുന്നു. അഫ്ഗാനിസ്ഥാൻ ഭരണകൂടത്തിന്റെ കയ്യിലുള്ള മൂന്ന് യുഎസ് പൗരന്മാരുടെ മോചനത്തിനു വേണ്ടിയും ഖത്തർ ഇടപെടുന്നുണ്ട്.