ന്യൂഡൽഹി– സൗദി അറേബ്യ പാകിസ്താനുമായി തന്ത്രപരമായ പ്രതിരോധ കരാർ ഒപ്പിട്ടതിൽ പ്രതികരിച്ച് ഇന്ത്യ. സൗദിയുമായി കഴിഞ്ഞ കുറേ വർഷങ്ങളായി വിശാലവും വിവിധ മേഖലകളിൽ തന്ത്രപ്രധാനവുമായ പങ്കാളിത്തവുമാണ് ഇന്ത്യയ്ക്കുള്ളതെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു. സൗദി-ഇന്ത്യ ബന്ധത്തിൽ ഇരു രാജ്യങ്ങളുടെയും താൽപര്യങ്ങളും വിഷയങ്ങളും പരിഗണിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തന്ത്രപരമായ പ്രതിരോധ കരാറിൽ സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും കഴിഞ്ഞ ബുധനാഴ്ചയാണ് ഒപ്പുവെച്ചത്. പാകിസ്താൻ സൈനിക മേധാവി ഫീൽഡ് മാർഷൽ ആസിം മുനീർ, പ്രതിരോധ മന്ത്രി ഖവാജ ആസിഫ് എന്നിവരും പ്രധാനമന്ത്രിക്കൊപ്പം സൗദി അറേബ്യ സന്ദർശിച്ചു.
പുതിയ പ്രതിരോധ കരാർ സുരക്ഷ വർധിപ്പിക്കാനുള്ള ഇരു രാജ്യങ്ങളുടെയും പ്രതിബദ്ധത പ്രതിഫലിപ്പിക്കുന്നതായും, ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ സഹകരണം വികസിപ്പിക്കാനും ഏതെങ്കിലും ആക്രമണത്തിനെതിരെ സംയുക്ത പ്രതിരോധം ശക്തിപ്പെടുത്താനുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും സംയുക്ത പ്രസ്താവനയിൽ പറഞ്ഞു. എന്നാൽ കരാർ ഏതെങ്കിലും രാജ്യത്തിനുള്ള മറുപടിയല്ലെന്നും ഇന്ത്യയുമായുള്ളത് എക്കാലത്തെക്കാളും മികച്ച ബന്ധമാണെന്ന് സൗദി വൃത്തങ്ങൾ പറഞ്ഞതായും റിപ്പോർട്ടുണ്ട്.