സിംഗപ്പൂർ: ബോളിവുഡ് ഗായകൻ സുബീൻ ഗാർഗ് (52) സിംഗപ്പൂരിൽ സ്‌കൂബാ ഡൈവിംഗ് അപകടത്തിനിടെ മരിച്ചു. അസം സ്വദേശിയായ സുബീൻ സിംഗപ്പൂരിലെ നോർത്ത് ഈസ്റ്റ് ഇന്ത്യ ഫെസ്റ്റിവലിന് എത്തിയതായിരുന്നു. നാളെയും മറ്റന്നാളുമായി നടക്കുന്ന പരിപാടികളിൽ പങ്കെടുക്കാൻ ഒരുങ്ങുന്നതിനിടെയാണ് അപകടം.
ഇന്ത്യൻ സമയം ഉച്ചയ്ക്ക് രണ്ടരയോടെയാണ് അപകടമുണ്ടായത്. സ്‌കൂബാ ഡൈവിങ് നടത്തുന്നതിനിടെ സുബീന് ഗാർഗിന് കടലിൽ വെച്ച് ശ്വാസതടസ്സം അനുഭവപ്പെടുകയായിരുന്നു. വെള്ളത്തിൽ നിന്ന് പുറത്തെത്തിച്ച് പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. സിംഗപ്പൂർ ജനറൽ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.
ബോളിവുഡ്, അസമീസ്, ബംഗാളി ഭാഷകളിൽ നിരവധി ഗാനങ്ങൾ ആലപിച്ച സുബീൻ ഗാർഗ് ‘ഗാങ്സ്റ്റർ’ എന്ന സിനിമയിലെ ‘യാ അലീ…’ എന്ന ഗാനത്തോടെയാണ് പ്രസിദ്ധനായത്. ഗാനങ്ങൾക്കു പുറമെ നിരവധി ചിത്രങ്ങൾ സംവിധാനം ചെയ്യുകയും അഭിനയിക്കുകയും ചെയ്തിട്ടുണ്ട്.