കുവൈത്ത് സിറ്റി– ഫുട്‌സാൽ ആവേശം നിറക്കാൻ തയ്യാറെടുത്ത് കുവൈത്ത്. 2026 ജനുവരിയിൽ ഇന്തോനേഷ്യയിലെ ക്വാലലംപൂരിൽ നടക്കുന്ന എ.എഫ്.സി ഏഷ്യൻ കപ്പ് ഫുട്‌സാലിന്റെ ഗ്രൂപ്പ് എ യോഗ്യതാ മത്സരങ്ങൾ ശനിയാഴ്ച കുവൈത്തിൽ ആരംഭിക്കും.
ഗ്രൂപ്പ് എ-യിൽ കുവൈത്ത്, ഇന്ത്യ, ആസ്‌ട്രേലിയ, മംഗോളിയ എന്നീ ടീമുകൾ ഉൾപ്പെടുന്നു. സെപ്റ്റംബർ 20 മുതൽ 24 വരെ നടക്കുന്ന മത്സരങ്ങളിൽ ഈ നാല് ടീമുകളും പരസ്പരം ഏറ്റുമുട്ടും. ഗ്രൂപ്പ് ജേതാക്കളും രണ്ടാം സ്ഥാനക്കാരും ഏഷ്യൻ കപ്പിന് യോഗ്യത നേടും.
ഫിഫ ഫുട്‌സാൽ റാങ്കിംഗിൽ 40-ാം സ്ഥാനത്തുള്ള കുവൈത്ത്, സ്വന്തം മൈതാനത്തിന്റെ ആനുകൂല്യത്തോടെ മികച്ച പ്രകടനം കാഴ്ചവെച്ച് യോഗ്യത ഉറപ്പിക്കുമെന്നാണ് പ്രതീക്ഷ. ഇന്ത്യ 135-ാം റാങ്കിലാണ്. മറ്റ് ടീമുകളുടെ റാങ്കിംഗ്: ആസ്‌ട്രേലിയ (52), മംഗോളിയ (112). ഈ റാങ്കിംഗ് കുവൈത്തിന് മുൻതൂക്കം നൽകുമെങ്കിലും, ഇന്ത്യയ്ക്ക് ശക്തമായ എതിരാളികളെ നേരിടേണ്ടി വരും.
ആദ്യ ദിനമായ ശനിയാഴ്ച കുവൈത്ത് ഇന്ത്യയെയും, ആസ്‌ട്രേലിയ മംഗോളിയയെയും നേരിടും. തിങ്കളാഴ്ച ഇന്ത്യ-ആസ്‌ട്രേലിയ, കുവൈത്ത്-മംഗോളിയ മത്സരങ്ങളും ബുധനാഴ്ച കുവൈത്ത്-ആസ്‌ട്രേലിയ, ഇന്ത്യ-മംഗോളിയ മത്സരങ്ങളും നടക്കും.
31 ടീമുകളെ എട്ട് ഗ്രൂപ്പുകളായി തിരിച്ചാണ് യോഗ്യതാ മത്സരങ്ങൾ. എട്ട് ഗ്രൂപ്പ് ചാമ്പ്യന്മാരും മികച്ച ഏഴ് രണ്ടാം സ്ഥാനക്കാരും ആതിഥേയരായ ഇന്തോനേഷ്യയോടൊപ്പം ഫൈനൽ റൗണ്ടിൽ മത്സരിക്കും.