ബന്ധങ്ങൾ സ്ഥാപിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇന്ന് ഡേറ്റിംഗ് ആപ്പുകൾ ഒരു വലിയ കെണിയാവുകയാണ്. ഒരു വിരല്‍സ്പര്‍ശത്തിനപ്പുറം കാത്തിരിക്കുന്ന ബന്ധങ്ങളും സൗഹൃദങ്ങളും പ്രണയങ്ങളുമാണ് ഡേറ്റിംഗ് ആപ്പുകൾ വാഗ്ദാനം ചെയ്യുന്നത്. എന്നാൽ ഡിജിറ്റല്‍ മായികതയ്ക്കപ്പുറത്തേക്ക് ഡേറ്റിംഗ് ആപ്പുകള്‍ ചതിക്കുഴികളായി മാറുന്നു.
വ്യാജ പ്രൊഫൈലുകൾ സൃഷ്ടിച്ചാണ് പലരും അക്കൗണ്ടുകൾ ഉണ്ടാക്കുന്നത്. അജ്ഞാതനായ സുഹൃത്തുമായി ചാറ്റു ചെയ്യുമ്പോൾ കിട്ടുന്ന സുഖം വഞ്ചിക്കപ്പെട്ടു കഴിഞ്ഞ് തീരാദുഃഖമായി മാറാൻ അധികസമയം ആവശ്യമില്ല. കാസർകോട്ട് ഡേറ്റിംഗ് ആപ്പിലൂടെ പരിചയപ്പെട്ട പതിനാറുകാരനെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയെന്ന വാർത്ത ഞെട്ടലോടെയാണ് കേരളം കേട്ടത്. ഗേ ഡേറ്റിംഗ് ആപ്പായ ജി ആർ എന്നറിയപ്പെടുന്ന ഗ്രൈൻഡർ ഡേറ്റിംഗ് ആപ്ലിക്കേഷൻ വഴി ഇത്തരത്തിൽ പ്രായപൂർത്തിയാകാത്ത കുട്ടികളെ ചൂഷണം ചെയ്യുന്നതായി പോലീസ് കണ്ടത്തി.
ഇൗ ആപ്പിൽ പ്രവേശിക്കുന്നതിന് പൂർണമായ വ്യക്തിവിവരങ്ങൾ രേഖകൾ സഹിതം നൽകണമെന്നില്ല. പകരം പതിനെട്ട് വയസ് പൂർത്തിയായെന്ന് സ്വയം സാക്ഷ്യപ്പെടുത്തിയാൽ മതിയാകും. ഇൗ പഴുത് ഉപയോഗിച്ചാണ് ഇരയാക്കപ്പെട്ട വിദ്യാർഥി 14 വയസുമുതൽ ആപ് ഉപയോഗിച്ച് തുടങ്ങിയത്. നിരന്തരമായ ചാറ്റുകള്‍ക്കൊടുവിലാണ് ആളുകള്‍ അപ്പുറത്തുള്ളയാളെ ലക്ഷ്യമിടുന്നത്. ആഴത്തില്‍ ബന്ധം സ്ഥാപിച്ചശേഷം ഫോട്ടോയും വീഡിയോയും ഉപയോഗിച്ച് ഭീഷണിപ്പെടുത്തുന്നതുൾപ്പെടെയുള്ള നിരവധി കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇത്തരക്കാർ ആദ്യം ഉപദേശരൂപത്തിലും വാത്സല്യരൂപത്തിലും സംസാരിച്ചശേഷമായിരിക്കും ലൈംഗികാവശ്യം പറയുന്നത്. താൽപ്പര്യമില്ലെന്ന് പറഞ്ഞാൽ പണം വാഗ്‌ദാനം ചെയ്യും. അതിലും വഴങ്ങിയില്ലെങ്കിൽ പിന്നെ ഭീഷണി. ലഹരി ആവശ്യമുണ്ടോ എന്നുള്ള നിരവധി സന്ദേശങ്ങളും എത്തുന്നുണ്ട്. കുട്ടികൾക്ക് ലഹരി നൽകിയാണ് പലരും ലൈംഗികമായി ദുരുപയോഗം ചെയ്യുന്നത്. ഒരിക്കൽ വീണുപോയാൽ പിന്നീട് തിരിച്ചുകയറാൻ പറ്റാത്ത ഒരു നീരാളിപ്പിടിത്തമാണ് ഡേറ്റിംഗ് ആപ്പുകൾ കൗമാരക്കാരുടെയും യുവതിയുവാക്കളുടെയും മേൽ പ്രയോഗിക്കുന്നത്.
രക്ഷിതാക്കളും അധ്യാപകരും ശ്രദ്ധിക്കണം
കുട്ടികൾ ഇത്തരം അബദ്ധങ്ങളിൽ വീഴാതിരിക്കാൻ മാതാപിതാക്കളും മുൻകരുതലുകൾ സ്വീകരിക്കണം. ഏത് ആപ്ലിക്കേഷനിലും പ്രൊഫൈലുകള്‍ സ്വകാര്യമായി ലോക്ക് ചെയ്ത് സൂക്ഷിക്കണം. എഐയുടെ കാലമായതിനാൽ മോര്‍ഫിങ് ഉള്‍പ്പെടെ വേഗത്തില്‍ നടക്കും എന്നത് മനസ്സിലാക്കുക. കുട്ടികള്‍ അധികസമയം ഓണ്‍ലൈനില്‍ ചെലവഴിക്കുന്നത് രക്ഷിതാക്കള്‍ നിരന്തരം ശ്രദ്ധിക്കേണ്ടതുണ്ട്. ഡേറ്റിങ് ആപ്പുകളിൽ ഉൾപ്പെടെ ചാറ്റ് ചെയ്യാനാവും. കുട്ടികൾ മൊബൈലും കംപ്യൂട്ടറുമൊക്കെ ഉപയോഗിക്കുമ്പോൾ പാരന്റൽ കൺട്രോൾ എന്ന ഓപ്‌ഷനിലൂടെ നിയന്ത്രണം ഏർപ്പെടുത്താം. സ്‌കൂളുകളിൽ ഇത്തരം അപകടങ്ങളെക്കുറിച്ചുള്ള ബോധവൽക്കരണം ശക്തമാക്കാനും പോലീസ് നിർദേശിക്കുന്നു.