ജിദ്ദ – വിശുദ്ധ മുസ്ഹഫിനായി ആഗോള ഓണ്‍ലൈന്‍ സ്റ്റോര്‍ ആരംഭിച്ചതായി ഇസ്‌ലാമിക കാര്യ മന്ത്രി ശൈഖ് ഡോ. അബ്ദുല്ലത്തീഫ് ആലുശൈഖ് വ്യക്തമാക്കി. ലോകത്തെങ്ങുമുള്ള ഉപയോക്താക്കള്‍ ഓണ്‍ലൈന്‍ സ്റ്റോര്‍ വഴി ഓര്‍ഡര്‍ ചെയ്താല്‍ കുറഞ്ഞ വിലയില്‍ അച്ചടിച്ചെലവ് മാത്രം ഈടാക്കി മുസ്ഹഫ് കോപ്പികള്‍ തപാല്‍മാര്‍ഗം നേരിട്ട് എത്തിച്ച് നല്‍കും. ഉപയോക്താക്കള്‍ തപാല്‍ (കൊറിയര്‍) ചെലവുകളും വഹിക്കേണ്ടിവരുമെന്നും മന്ത്രി പറഞ്ഞു.
വിശുദ്ധ മുസ്ഹഫ് കോപ്പികളും വിവിധ ഭാഷകളിലുള്ള വിവര്‍ത്തനങ്ങളും അച്ചടിച്ച് ലോകമെങ്ങും സൗജന്യമായി വിതരണം ചെയ്യല്‍, വന്‍കിട മത്സരങ്ങള്‍ സംഘടിപ്പിച്ച് വിശുദ്ധ ഖുര്‍ആന്‍ മനഃപാഠമാക്കല്‍, പാരായണം, വ്യാഖ്യാനം എന്നിവ പ്രോത്സാഹിപ്പിക്കല്‍ എന്നിവയിലൂടെ വിശുദ്ധ ഖുര്‍ആനിനോടുള്ള രാജ്യത്തിന്റെ പ്രതിബദ്ധതയുടെ തുടര്‍ച്ചയെന്നോണമാണ് പുതിയ ഓണ്‍ലൈന്‍ സ്‌റ്റോര്‍ ആരംഭിച്ചിരിക്കുന്നത്.