കുവൈത്ത് സിറ്റി – കുവൈത്തിലെ സാല്‍മിയ ഏരിയയില്‍ മയക്കുമരുന്ന് കൈവശം വെക്കുകയും വില്‍ക്കുകയും ചെയ്ത രണ്ടുപേരെ സാല്‍മിയ പോലീസ് അറസ്റ്റ് ചെയ്തു. ഇന്ത്യക്കാരനും ഫിലിപ്പിനോ യുവതിയുമാണ് അറസ്റ്റിലായത്. മയക്കുമരുന്ന് ശേഖരവും മൊബൈല്‍ ഫോണുകളും മയക്കുമരുന്ന് അളന്ന് വില്‍ക്കാനുള്ള ഉപകരണങ്ങളും വന്‍ തുകയും പ്രതികളുടെ പക്കല്‍ നിന്ന് പിടിച്ചെടുത്തു. കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി പ്രതികളെ ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഡ്രഗ് കണ്‍ട്രോളിന് കൈമാറി.
മയക്കുമരുന്നുമായി ബന്ധപ്പെട്ട കേസുകളിൽ പിടിക്കപ്പെടുന്ന കുറ്റക്കാര്‍ക്കെതിരെ കർശനമായ നടപടികള്‍ സ്വീകരിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. മറ്റൊരു സംഭവത്തില്‍, കാലിത്തീറ്റ ചാക്കുകളില്‍ ഒളിപ്പിച്ച് വിദേശത്തു നിന്ന് കുവൈത്തിലേക്ക് കടത്താന്‍ ശ്രമിച്ച വന്‍ മയക്കുമരുന്ന് ശേഖരം ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ ഓഫ് കസ്റ്റംസ് പിടികൂടി.
ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് അല്‍യൂസുഫിന്റെ നിര്‍ദേശാനുസരണമാണ് മയക്കുമരുന്ന് കടത്ത് ശ്രമം അധികൃതര്‍ വിഫലമാക്കിയത്. കുവൈത്തി കമ്പനി പ്രവര്‍ത്തിപ്പിക്കുന്ന കപ്പലില്‍ അല്‍ദോഹ തുറമുഖത്തെത്തിച്ച ലോഡില്‍ കാലിത്തീറ്റ ചാക്കുകള്‍ക്കകത്ത് ഒളിപ്പിച്ച് 60 കിലോ മരിജുവാനയാണ് കടത്താന്‍ ശ്രമിച്ചത്.