ജിദ്ദ – സൗദിയിൽ ഗ്രൂപ്പ് ഹൗസിംഗ് ലൈസന്‍സ് നേടാത്ത പക്ഷം സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തുമെന്നും പുതിയ വിസകള്‍ അനുവദിക്കുന്നതും സ്‌പോണ്‍സര്‍ഷിപ്പ് മാറ്റവും നിര്‍ത്തിവെക്കുമെന്നും മുന്നറിയിപ്പ്.
മുനിസിപ്പല്‍, ഭവനകാര്യ മന്ത്രാലയത്തിനു കീഴിലെ ബലദീ പ്ലാറ്റ്ഫോം വഴി ഇലക്‌ട്രോണിക് രീതിയില്‍ ഗ്രൂപ്പ് ഹൗസിംഗ് നേടാത്ത സ്ഥാപനങ്ങള്‍ക്കെതിരെയായിരിക്കും നടപടി.
തങ്ങള്‍ക്കു കീഴിലെ ബാച്ചിലേഴ്‌സ് തൊഴിലാളികള്‍ക്ക് കൂട്ടായ ഭവന സൗകര്യം ഒരുക്കുന്ന കമ്പനികളും സ്ഥാപനങ്ങളുമാണ് ഇക്കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതെന്നാണ് ഭവന വികസനത്തിനായുള്ള ദേശീയ പ്രോഗ്രാം (നാഷണല്‍ പ്രോഗ്രാം ഫോര്‍ ദി ഡെവലപ്‌മെന്റ് ഓഫ് കളക്റ്റീവ് ഹൗസിംഗ് ഫോര്‍ ഇന്‍ഡിവജ്വല്‍സ്) മുന്നറിയിപ്പ് നല്‍കിയത്.
ഇരുപതും അതില്‍ കൂടുതലും തൊഴിലാളികളെ ജോലിക്കു വെക്കുന്ന എല്ലാ സ്ഥാപനങ്ങളും ബലദീ പ്ലാറ്റ്ഫോം വഴി ഗ്രൂപ്പ് ഹൗസിംഗ് ലൈസന്‍സ് നേടല്‍ നിര്‍ബന്ധമാണ്. രാജ്യത്ത് ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് താമസ അന്തരീക്ഷത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ള നിയന്ത്രണ നടപടിയാണിത്.
ലൈസന്‍സ് നേടുന്നതും ഇതുമായി ബന്ധപ്പെട്ട വ്യവസ്ഥകള്‍ പാലിക്കുന്നതും തൊഴിലാളികള്‍ക്ക് ആരോഗ്യകരവും സുരക്ഷിതവുമായ അന്തരീക്ഷം നല്‍കാനുള്ള ശ്രമങ്ങളുടെ അനിവാര്യമായ ഭാഗമാണ്. ഇത് അവരുടെ ജീവിത നിലവാരത്തെ ഗുണപരമായി സ്വാധീനിക്കുകയും മൊത്തത്തിലുള്ള നഗര ഭൂപ്രകൃതി മെച്ചപ്പെടുത്താനുള്ള നഗരസഭാ വ്യവസ്ഥകളുമായി പൊരുത്തപ്പെടുകയും ചെയ്യുന്നു.
അംഗീകൃത വ്യവസ്ഥകളും മാര്‍ഗനിര്‍ദേശങ്ങളും അനുസരിച്ച് ബലദീ പ്ലാറ്റ്ഫോമിലൂടെ എളുപ്പമാര്‍ന്ന ഡിജിറ്റല്‍ നടപടികളിലൂടെ ലൈസന്‍സ് നേടാന്‍ കഴിയും. ഈ ക്രമീകരണം പാലിക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ പിഴകള്‍ ഉള്‍പ്പെടെയുള്ള ശിക്ഷാ നടപടികള്‍ സ്വീകരിക്കും. കൂടാതെ പുതിയ തൊഴില്‍ വിസകള്‍ അനുവദിക്കല്‍, മാനവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിന്റെ ഖിവാ പ്ലാറ്റ്ഫോം വഴി തൊഴിലാളികളുടെ സ്‌പോണ്‍സര്‍ഷിപ്പ് മാറ്റം അടക്കമുള്ള പ്രധാന സര്‍ക്കാര്‍ സേവനങ്ങള്‍ നിര്‍ത്തിവെക്കല്‍ അടക്കം കൂടുതല്‍ കര്‍ശനമായ ശിക്ഷാ നടപടികളും സ്വീകരിക്കും.
പുതിയ വ്യവസ്ഥകള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനും നിയമ ലംഘനങ്ങള്‍ കണ്ടെത്താനുമായി ഫീല്‍ഡ് ടീമുകള്‍ തൊഴിലാളികളുടെ പാര്‍പ്പിട സ്ഥലങ്ങളില്‍ ശക്തമായ പരിശോധനകള്‍ തുടങ്ങിയിട്ടുണ്ടെന്ന് പ്രോഗ്രാം പറഞ്ഞു. സൗദി വിഷന്‍ 2030 ന്റെ ഏറ്റവും പ്രധാനപ്പെട്ട പ്രോഗ്രാമുകളിലൊന്നായ ജീവിത ഗുണനിലവാര പ്രോഗ്രാം ലക്ഷ്യങ്ങള്‍ നിറവേറ്റാനായി ഈ സുപ്രധാന മേഖലയെ നിയന്ത്രിക്കാനും വികസിപ്പിക്കാനുമുള്ള കൂട്ടായ ഭവന വികസനത്തിനായുള്ള ദേശീയ പ്രോഗ്രാം ശ്രമങ്ങളുടെ ഭാഗമായാണ് ഈ നടപടി.
നഗരസഭാ, ഭവനകാര്യ മന്ത്രാലയം നേതൃത്വം നല്‍കുന്ന വലിയ തോതിലുള്ള സഹകരണ പരിപാടിയാണ് നാഷണല്‍ പ്രോഗ്രാം ഫോര്‍ ദി ഡെവലപ്‌മെന്റ് ഓഫ് കളക്റ്റീവ് ഹൗസിം ഫോര്‍ ഇന്‍ഡിവജ്വല്‍സ്. ആഭ്യന്തരം, ആരോഗ്യം, മാനവശേഷി-സാമൂഹിക വികസനം, വാണിജ്യം, വ്യവസായം, ധാതു വിഭവശേഷി എന്നീ മന്ത്രാലയങ്ങളും നിരവധി പ്രധാന സര്‍ക്കാര്‍ വകുപ്പുകളും പ്രോഗ്രാമില്‍ പങ്കാളികളാണ്.