കുവൈത്ത് സിറ്റി– ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്താൻ കുവൈത്ത് ജനറൽ ട്രാഫിക് വകുപ്പ് കർശന നടപടികൾ സ്വീകരിക്കുന്നു. പൊതുനിരത്തുകളിൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചതിനൊപ്പം, സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന നിയമലംഘന വീഡിയോകളും ചിത്രങ്ങളും പ്രത്യേക സംഘം നിരന്തരം നിരീക്ഷിക്കുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു.
നിയമലംഘനം നടത്തിയ വാഹനങ്ങൾ മോനിറ്ററിങ് ടീം കണ്ടെത്തി, ഉടമകളെ വിളിച്ചുവരുത്തും. സംഭവത്തിന്റെ ഗൗരവം അനുസരിച്ച് നിയമനടപടികൾ സ്വീകരിക്കും. ഉടമകൾ സ്വയം ഹാജരാകാത്ത പക്ഷം, കേസ് ട്രാഫിക് ഇൻവെസ്റ്റിഗേഷൻ യൂനിറ്റിന് കൈമാറും.
കഴിഞ്ഞ ആഴ്ച എട്ട് വാഹനങ്ങൾ ഗതാഗത നിയമങ്ങൾ ലംഘിച്ചതായി കണ്ടെത്തി. ഒരു ഡ്രൈവർ മറ്റൊരു വാഹനയാത്രികനെ മനഃപൂർവം ശല്യപ്പെടുത്തുകയും, ഓവർടേക്ക് ചെയ്ത ശേഷം കുറഞ്ഞ വേഗത്തിൽ മുന്നിൽ വാഹനമോടിച്ച് ഗതാഗതം തടസ്സപ്പെടുത്തുകയും ചെയ്തു. ഇത് ഇരു ഡ്രൈവർമാർക്കും അപകടകരമായ സാഹചര്യമുണ്ടാക്കി. മറ്റൊരു സംഭവത്തിൽ, ഒരു ഡ്രൈവർ ഹൈവേയിൽ എതിർദിശയിൽ വാഹനമോടിച്ചതായും കണ്ടെത്തി.
നിയമലംഘനം ആരോപിക്കപ്പെടുന്നവർക്ക് നിരീക്ഷണ ക്യാമറകളിലോ സോഷ്യൽ മീഡിയയിലോ പ്രചരിക്കുന്ന ദൃശ്യങ്ങൾ തെളിവായി പരിശോധിക്കാമെന്നും ട്രാഫിക് വകുപ്പ് വ്യക്തമാക്കി.