അബൂദാബി – മലയാളി യുവതാരം അലിഷാൻ ഷറഫുവിന്റെയും ക്യാപ്റ്റൻ മുഹമ്മദ് വസീമിന്റെയും അർദ്ധ സെഞ്ച്വറി കരുത്തിൽ ആതിഥേരായ യുഎഇയ്ക്ക് ഏഷ്യാകപ്പിലെ ആദ്യ ജയം. 42 റൺസിന്റെ വിജയമാണ് ഒമാനിനെതിരെ യുഎഇ സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത യുഎഇ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 172 റൺസ് നേടിയപ്പോൾ മറുപടി ബാറ്റിങിന് ഒമാൻ 130 റൺസിന് എല്ലാവരും പുറത്തായി. കളിയിലെ താരമായതും അലിഷാൻ ഷറഫുവാണ്.
യുഎഇക്ക് വേണ്ടി മലയാളി അലിഷാൻ ക്യാപ്റ്റൻ മുഹമ്മദ് വസീമിനെ കൂട്ടുപിടിച്ച് ഒന്നാം വിക്കറ്റ് കൂട്ടുകെട്ടിൽ 88 റൺസ് ചേർത്തു. പിന്നാലെ അലിഷാൻ ( 38 പന്തിൽ 51) മടങ്ങി. തുടർന്ന് എത്തിയ ആസിഫ് ഖാൻ രണ്ടു റൺസെടുത്ത് പുറത്തായെങ്കിലും ശുഹൈബ് ഖാൻ (21), അർഷിത് കൗഷിക് ( പുറത്താക്കാതെ 19 റൺസ്) എന്നിവരെ കൂട്ടുപിടിച്ച് വസീം അവസാനം ഓവർ വരെ പൊരുതി നിന്നു. അവസാന ഓവറിലെ മൂന്നാം പന്തിൽ റൺഔട്ടിലൂടെ ക്യാപ്റ്റൻ ( 54 പന്തിൽ 69) മടങ്ങി. സ്കോർ അപ്പോഴേക്കും 172ൽ എത്തിയിരുന്നു.
മറുപടി ബാറ്റിങിന് ഇറങ്ങിയ ഒമാൻ നിരയിൽ ആർക്കും മികച്ച പ്രകടനം പുറത്തെടുക്കാനായില്ല. 24 റൺസെടുത്ത ആര്യൻ ബിസ്താണ് ടീമിന്റെ ടോപ് സ്കോറർ. ക്യാപ്റ്റൻ ജതീന്ദർ സിംഗ് (20), വിക്കറ്റ് കീപ്പർ വിനായക് ശുക്ല (20) എന്നിവർ മാത്രമാണ് പേരിനെങ്കിലും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്. ഷക്കീൽ അഹ്‌മദ് 14 റൺസെടുത്ത് പുറത്താകാതെ നിന്നു. നാലു വിക്കറ്റ് എടുത്ത ജുനൈദ് സിദ്ദിഖാണ് ഒമാനിന്റെ വിജയ പ്രതീക്ഷകളെ തകർത്തത്. ഹൈദറലി, മുഹമ്മദ് ജവാദുള്ള എന്നിവർ രണ്ടു വിക്കറ്റ് നേടി വിജയത്തിൽ നിർണായക പങ്കുവഹിച്ചു.
ഇതോടെ രണ്ടു പോയിന്റുമായി പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് ഉയർന്ന യുഎഇ നാളെ നടക്കുന്ന മത്സരത്തിൽ പാക്കിസ്ഥാനെതിരെ വിജയിച്ചാൽ സൂപ്പർ ഫോറിലേക്ക് യോഗ്യത നേടും. ഒമാൻ 19ന് കരുത്തരായ ഇന്ത്യയെ നേരിടും.
ഇന്നലെ നടന്ന മറ്റൊരു മത്സരത്തിൽ ശ്രീലങ്ക നാലു വിക്കറ്റിന് ഹോങ്കോങ്ങിനെ തോൽപ്പിച്ചു. ആദ്യം ബാറ്റ് ചെയ്ത ഹോകോങ് നിസാക്കത്ത് ഖാൻ ( പുറത്താകാതെ 52 റൺസ്), അൻഷുമാൻ റാത്ത് ( 48) എന്നിവരുടെ കരുത്തിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 149 റൺസ് നേടി. മറുപടി ബാറ്റിങിന് ഇറങ്ങിയ ശ്രീലങ്ക ഓപ്പണർ നിസ്സങ്ക സിൽവ ( 44 പന്തിൽ 68 ) കരുത്തിൽ
ഏഴു പന്തുകൾ ബാക്കി നിൽക്കെ ലക്ഷ്യം കണ്ടു. ഇതോടെ കളിച്ച മൂന്നും മത്സരങ്ങളും ഹോകോങ് തോറ്റു.
ഇന്ന് അഫ്ഗാനിസ്ഥാൻ ബംഗ്ലാദേശിനെ നേരിടും.