ജിദ്ദ – വിനോദ സഞ്ചാരികൾക്കായി ശൂറ ദ്വീപിൽ മൂന്ന് അത്യാഢംബര റിസോർട്ടുകൾ തുറന്നതായി റെഡ് സീ ഡെസ്റ്റിനേഷൻ ഡെവലപ്പറായ റെഡ് സീ ഗ്ലോബൽ കമ്പനി അറിയിച്ചു. കോറൽ ബ്ലൂം ആശയത്തിന് അനുസൃതമായി ആഗോള ആർക്കിടെക്ചർ സ്ഥാപനമായ ഫോസ്റ്റർ ആന്റ് പാർട്ണേഴ്‌സ് ആണ് ശൂറ ദ്വീപ് വികസന പദ്ധതി രൂപകൽപ്പന ചെയ്തിരിക്കുന്നത്. ചുറ്റുമുള്ള പവിഴപ്പുറ്റുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഇതിന്റെ രൂപകൽപ്പനയും വാസ്തുവിദ്യയും തയാറാക്കിയത്. ഡോൾഫിൻ ആകൃതിയിലുള്ള ശൂറ ദ്വീപിലേക്ക് വരും ആഴ്ചകളിൽ അതിഥികളെ സ്വീകരിച്ചു തുടങ്ങും.
പാരിസ്ഥിതിക ആഘാതം കുറക്കാനും ഊർജ കാര്യക്ഷമത വർധിപ്പിക്കാനുമുള്ള ശ്രമങ്ങളോടെ കുറഞ്ഞ താപ പിണ്ഡമുള്ള ഭാരം കുറഞ്ഞ വസ്തുക്കൾ ഉപയോഗിച്ച് പ്രകൃതിയുമായി ഇണങ്ങുന്ന തരത്തിലാണ് റിസോർട്ടുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ചെങ്കടൽ ഡെസ്റ്റിനേഷന്റെ മറ്റ് ഭാഗങ്ങളെപ്പോലെ, ശൂറ ദ്വീപും പൂർണമായും പുനരുപയോഗ ഊർജം ഉപയോഗിച്ചാണ് പ്രവർത്തിക്കുന്നത്. സ്പീഡ് ബോട്ടുകളിലോ 3.3 കിലോമീറ്റർ നീളമുള്ള പാലത്തിലൂടെ ഇലക്ട്രിക് കാറുകളിലോ സന്ദർശകർക്ക് ശൂറ ദ്വീപിലേക്ക് പ്രവേശിക്കാൻ കഴിയും. സൗദിയിലെ ഏറ്റവും നീളമേറിയ ഉൾനാടൻ പാലമാണിത്.
150 ആഡംബര മുറികൾ, അപ്പാർട്ടുമെന്റുകൾ, വില്ലകൾ എന്നിവ ഉൾക്കൊള്ളുന്ന എസ്.എൽ.എസ് റെഡ് സീ റിസോർട്ട്, 240 മുറികളും സ്യൂട്ടുകളും ലോകോത്തര സ്പായും ഉൾക്കൊള്ളുന്ന റെഡ് സീ എഡിഷൻ റിസോർട്ട്, 178 മുറികളും 32 സ്യൂട്ടുകളുമുള്ള ആഡംബര പഞ്ചനക്ഷത്ര ഹോട്ടലായ ഇന്റർകോണ്ടിനെന്റൽ റെഡ് സീ റിസോർട്ട്, പവിഴപ്പുറ്റുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് രൂപകൽപ്പന ചെയ്ത വെൽനസ് സെന്റർ, ലോകോത്തര സ്പാ എന്നിവയാണ് ആദ്യ ഘട്ടത്തിൽ തുറന്നിരിക്കുന്നത്.
ദ്വീപിൽ ആകെ 11 ലോകോത്തര റിസോർട്ടുകൾ ഉണ്ടാകും. ശേഷിക്കുന്ന റിസോർട്ടുകൾ വരും മാസങ്ങളിൽ തുടർച്ചയായി തുറക്കും. മിറാവൽ റെഡ് സീ, ഫോർ സീസൺസ് റെഡ് സീ എന്നീ രണ്ട് റിസോർട്ടുകൾ കൂടി ഈ വർഷം തുറക്കും. ലോകമെമ്പാടുമുള്ള സന്ദർശകരുടെ അഭിലാഷങ്ങൾ നിറവേറ്റുന്ന സംയോജിത സ്‌പോർട്‌സ്, വാണിജ്യ, വിനോദ സൗകര്യങ്ങളും ശൂറ ദ്വീപിലുണ്ടാകും.
റിസോർട്ടുകൾക്ക് പുറമെ, ശൂറ ലിങ്ക്സ് ഗോൾഫ് കോഴ്സ് ഈ സെപ്റ്റംബറിൽ തുറക്കും. മരുഭൂമിയിലെ പ്രകൃതിദൃശ്യങ്ങളും ഹരിത ഇടനാഴികളും സംയോജിപ്പിക്കുന്ന ഡിസൈൻ ഉൾക്കൊള്ളുന്ന, രാജ്യത്തെ ഒരു ദ്വീപിൽ ഇത്തരത്തിലുള്ള ആദ്യ ഗോൾഫ് കോഴ്സാണിത്. 2023 ൽ ആണ് റെഡ് സീ ഡെസ്റ്റിനേഷനിൽ ആദ്യ അതിഥികളെ സ്വാഗതം ചെയ്തത്. സ്ഥിരമായി അന്താരാഷ്ട്ര, ആഭ്യന്തര വിമാന സർവീസുകൾ നടക്കുന്ന റെഡ് സീ അന്താരാഷ്ട്ര വിമാനത്താവളവും പ്രവർത്തനക്ഷമമായ അഞ്ച് റിസോർട്ടുകളും നിലവിൽ ഇവിടെയുണ്ട്.