കയ്‌റോ – ഈജിപ്തിലെ അലക്‌സാണ്ട്രിയയില്‍ 22 കെട്ടിടം ചെരിഞ്ഞത് പ്രദേശവാസികള്‍ക്കും വഴിയാത്രക്കാര്‍ക്കുമിടയില്‍ പരിഭ്രാന്തി പരത്തുന്നു. കെട്ടിടം തകര്‍ന്നുള്ള ദുരന്തം ഒഴിവാക്കാന്‍ ശ്രമിച്ച് കെട്ടിടം എത്രയും വേഗം പൊളിച്ച് നീക്കം ചെയ്യാന്‍ അധികൃതര്‍ തീരുമാനിച്ചിരിക്കുകയാണ്.
അല്‍മന്ദറ ഖിബ്‌ലി പ്രദേശത്തെ മലിക് ഹെഫ്‌നി സ്ട്രീറ്റില്‍ നിന്ന് തിരിഞ്ഞുപോകുന്ന സയ്യിദ് ഹുസൈന്‍ സ്ട്രീറ്റിലെ കെട്ടിടമാണ് അപ്രതീക്ഷിതമായി ചെരിഞ്ഞത്. ഇത് കെട്ടിടത്തിലെ താമസക്കാരുടെയും അയല്‍ക്കാരുടെയും ജീവന് ആസന്നമായ അപകടം സൃഷ്ടിക്കുന്നു. സംഭവം ശ്രദ്ധയില്‍ പെട്ടയുടന്‍ തന്നെ കെട്ടിടം പൊളിച്ച് നീക്കം ചെയ്യാന്‍ അധികൃതര്‍ നടപടി സ്വീകരിച്ചു.
കെട്ടിടം പരിശോധിക്കാന്‍ സാങ്കേതിക സമിതി രൂപീകരിക്കാന്‍ അലക്‌സാണ്ട്രിയ ഗവര്‍ണര്‍ ലെഫ്. ജനറല്‍ അഹ്മദ് ഖാലിദ് ഹസന്‍ ഉത്തരവിട്ടതായി അലക്‌സാണ്ട്രിയ ഗവര്‍ണറേറ്റ് പ്രസ്താവനയില്‍ അറിയിച്ചു. സാങ്കേതിക സമിതി നടത്തിയ പരിശോധനയില്‍ വ്യക്തമായ ചെരിവ് കണ്ടെത്തി. 2016 ല്‍ നിര്‍മിച്ച കെട്ടിടത്തില്‍ ഗ്രൗണ്ട് ഫ്‌ളോറും 21 മുകള്‍ നിലകളും ഉണ്ടെന്ന് പരിശോധനയില്‍ കണ്ടെത്തി. ഗ്രൗണ്ട് ഫ്‌ളോറിനു പുറമെ ഒമ്പതു നിലകള്‍ കൂടി നിര്‍മിക്കാനാണ് കെട്ടിട അനുമതി നല്‍കിയിരുന്നത്. കെട്ടിടത്തില്‍ നിയമം ലംഘിച്ച് നിര്‍മിച്ച മുകള്‍ നിലകള്‍ പൊളിച്ചുമാറ്റാന്‍ ഈ ഡിസ്ട്രിക്ടിലെ ബന്ധപ്പെട്ട വകുപ്പുകള്‍ മുമ്പ് ഉത്തരവുകള്‍ പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ കെട്ടിടത്തില്‍ ജനവാസമുള്ളത് ഉത്തരവുകള്‍ നടപ്പാക്കുന്നതിനെ തടസ്സപ്പെടുത്തി. ആ സമയത്ത് ഏതാനും താമസക്കാര്‍ നിയമപരമായ അനുരഞ്ജന നടപടികള്‍ സ്വീകരിച്ചിരുന്നതായും ഗവര്‍ണറേറ്റ് പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.
നിയമം ലംഘിച്ച് നിര്‍മിച്ച നിലകള്‍ പൊളിച്ചുമാറ്റാന്‍ തീരുമാനിച്ചതായി ഗവര്‍ണറേറ്റ് വ്യക്തമാക്കി. പൗരന്മാരുടെയും സ്വത്തുവകകളുടെയും സുരക്ഷ ഉറപ്പാക്കാന്‍ പൊളിക്കല്‍ നടപടികള്‍ വേഗത്തിലാക്കാന്‍ പബ്ലിക് പ്രോസിക്യൂഷന്‍ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. പൊളിക്കല്‍ ഉത്തരവുകള്‍ നടപ്പാക്കുന്നതിനുള്ള തയ്യാറെടുപ്പെന്നോണം പത്താം നില മുതല്‍ ഇരുപത്തിയൊന്നാം നില വരെയുള്ള നിലകളിലെ താമസക്കാരെ ഒഴിപ്പിക്കാന്‍ ഗവര്‍ണറേറ്റ് തീരുമാനിച്ചു. പ്രത്യേക സാങ്കേതിക സമിതി ദിവസവും കെട്ടിടത്തിന്റെ ചെരിവ് നിരീക്ഷിക്കുന്നത് തുടരുമെന്നും ഗവര്‍ണറേറ്റ് അറിയിച്ചു.
അലക്‌സാണ്ട്രിയയിലെ കും അല്‍ശുഖാഫ പ്രദേശത്ത് ഏതാനും കെട്ടിടങ്ങള്‍ സമീപ കാലത്ത് ചെരിഞ്ഞത് ശ്രദ്ധയില്‍ പെട്ടിരുന്നു. പൊളിച്ചുമാറ്റിയോ അറ്റകുറ്റപ്പണികള്‍ നടത്തിയോ കൈകാര്യം ചെയ്യാനായി ചെരിഞ്ഞതും തകര്‍ന്നുവീഴാറായതുമായ മുഴുവന്‍ കെട്ടിടങ്ങളുടെ സമഗ്രമായ കണക്കെടുപ്പ് നടത്താന്‍ ഗവര്‍ണറേറ്റ് തീരുമാനിച്ചിട്ടുണ്ട്. അലക്‌സാണ്ട്രിയ ഗവര്‍ണറേറ്റില്‍ തകര്‍ന്നുവീഴാറായ 24,000 കെട്ടിടങ്ങള്‍ ഉണ്ടെന്ന് അലക്‌സാണ്ട്രിയ ഗവര്‍ണര്‍ ലെഫ്. ജനറല്‍ അഹ്മദ് ഖാലിദ് ഹസന്‍ അറിയിച്ചു. ഇതില്‍ 8,000 കെട്ടിടങ്ങള്‍ പൂര്‍ണമായോ ഭാഗികമായോ പൊളിച്ചുമാറ്റുന്നതിനുള്ള ഉത്തരവുകള്‍ പുറപ്പെടുവിച്ചിട്ടുണ്ടെന്ന് ഗവര്‍ണര്‍ പറഞ്ഞു.
എന്റെ കാഴ്ചപ്പാടില്‍, ഒരു കെട്ടിടം ചെരിഞ്ഞാല്‍, അതിന്റെ കാര്യം കഴിഞ്ഞു. ഇത്തരം കെട്ടിടങ്ങള്‍ക്ക് ഭാഗിക പരിഹാരങ്ങള്‍ പ്രയോജനപ്പെടില്ല. ചെരിവ് എന്നാല്‍ അടിത്തറ തകര്‍ന്നു എന്നാണ് അര്‍ഥം. ജീവന്‍ സംരക്ഷിക്കാനുള്ള ഏക പരിഹാരം പൂര്‍ണമായ പൊളിക്കല്‍ മാത്രമാണ് – എന്‍ജിനീയര്‍ അബ്ദുല്‍ഗനി അല്‍ജന്ദ് അഭിപ്രായപ്പെട്ടു.