സന്‍ആ – ഇന്നലെ യെമനില്‍ ഇസ്രായില്‍ നടത്തിയ ആക്രമണങ്ങളില്‍ മരിച്ചവരുടെ എണ്ണം 35 ആയി ഉയര്‍ന്നതായി ഹൂത്തി ഗ്രൂപ്പ് അറിയിച്ചു. ഹൂത്തി നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിലാണ് ആക്രമണം നടന്നത്. 131 പേര്‍ക്ക് പരിക്കേറ്റതായും ഇത് അന്തിമ സംഖ്യയല്ലെന്നും ഹൂത്തികളുടെ ആരോഗ്യ മന്ത്രാലയ വക്താവ് അനീസ് അല്‍സ്വബാഹി എക്സില്‍ പോസ്റ്റ് ചെയ്തു. പ്രതിരോധ മന്ത്രാലയത്തെ ലക്ഷ്യമിട്ടാണ് ഇസ്രായില്‍ ആക്രമണം നടത്തിയതെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. മധ്യ സന്‍ആയിലെ അര്‍ദി ഡിസ്ട്രിക്ടിലാണ് ആക്രമണം നടത്തിയത്. ഹൂത്തി സായുധ സേനാ കെട്ടിടത്തിന് നേരെയാണ് ഇസ്രായില്‍ ആക്രമണം നടത്തിയതെന്ന് എ.എഫ്.പിയും റിപ്പോര്‍ട്ട് ചെയ്തിരുന്നു.
യെമനിലെ സന്‍ആ, അല്‍ജൗഫ് പ്രദേശങ്ങളിലെ ഹൂത്തി തീവ്രവാദ ഭരണകൂടത്തിന്റെ സൈനിക ലക്ഷ്യങ്ങളില്‍ ഇസ്രായില്‍ വ്യോമസേന ആക്രമണം നടത്തിയതായി സൈന്യം പ്രസ്താവനയില്‍ പറഞ്ഞു. സൈനിക ക്യാമ്പുകള്‍, സൈനിക പബ്ലിക് റിലേഷന്‍സ് ആസ്ഥാനം, ഭീകര ഭരണകൂടം ഉപയോഗിച്ചിരുന്ന ഇന്ധന സംഭരണ കേന്ദ്രം എന്നിവ ലക്ഷ്യമിട്ടായിരുന്നു ആക്രമണങ്ങളെന്നും ഇസ്രായില്‍ സൈന്യം വ്യക്തമാക്കി. സൗദി അറേബ്യയുടെ അതിര്‍ത്തിയോട് ചേര്‍ന്നുള്ള വടക്കന്‍ പ്രവിശ്യയായ അല്‍ജൗഫിലെ സര്‍ക്കാര്‍ കെട്ടിടങ്ങള്‍ക്ക് നേരെയും ഇസ്രായില്‍ ആക്രമണം നടത്തിയതായി ഹൂത്തികള്‍ക്കു കീഴിലെ അല്‍മസീറ ടി.വി റിപ്പോര്‍ട്ട് ചെയ്തു.
യെമന്‍ ഇസ്രായിലിലെ റാമോണ്‍ വിമാനത്താവളത്തില്‍ ആക്രമണം നടത്തി ദിവസങ്ങള്‍ക്ക് ശേഷമാണ് ഹൂത്തി കേന്ദ്രങ്ങളില്‍ ഇസ്രായിലിന്റെ ഏറ്റവും പുതിയ ആക്രമണം. കഴിഞ്ഞ മാസം ഇസ്രായില്‍ നടത്തിയ ആക്രമണത്തില്‍ ഹൂത്തി പ്രധാനമന്ത്രിയും മറ്റു ഒമ്പതു മന്ത്രിമാരും രണ്ടു മുതിര്‍ന്ന ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടിരുന്നു. ഗാസ യുദ്ധത്തെ ചൊല്ലി ഇസ്രായിലും ഹൂത്തികളും ആക്രമണവും പ്രത്യാക്രമണവും തുടങ്ങിയതിന് ശേഷം ഇസ്രായില്‍ ആക്രമണത്തില്‍ ഹൂത്തികള്‍ക്ക് നേരിട്ട ഏറ്റവും കനത്ത പ്രഹരമായിരുന്നു ഇത്.