ദോഹ- തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചപ്പോൾ ഭൂരിപക്ഷം പ്രവാസികളും പുറത്തെന്ന് പരാതി. സെപ്തംബർ 2 നാണ് അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചത്. ഓഗസ്ത് 22 വരെ വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ അവസരം നൽകിയിരുന്നു. എന്നാൽ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചപ്പോൾ ഭൂരിപക്ഷം പ്രവാസി വോട്ടർമാരും പട്ടികയിൽ ഇടം പിടിച്ചിട്ടില്ല.
വോട്ടർ പട്ടികയിൽ പേര് ചേർക്കുന്ന സമയക്രമങ്ങളിൽ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ അസാധാരണ ഗസ്റ്റ് വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. നാട്ടിലുള്ള പ്രവാസി ഇന്ത്യക്കാർക്ക് കൂടി തദ്ദേശ തിരഞ്ഞെടുപ്പ് കാലത്ത് വോട്ട് ചെയ്യാൻ ഇത് അവസരം ഒരുക്കും. പക്ഷെ വോട്ട് ചേർക്കാൻ അനുമതി നൽകിയെങ്കിലും അപ്രാപ്യമായതും ചിലവേറിയതുമായ ചട്ടങ്ങൾ രൂപീകരിച്ചതിനാൽ ഫലത്തിൽ അവരെ വോട്ട് ചെയ്യുന്നതിൽ നിന്ന് മാറ്റി നിർത്തുക തന്നെയാണ് എന്ന് വിലയിരുത്തപ്പെടുന്നു.
വോട്ടർ പട്ടികയിൽ പേര് ചേർക്കണമെങ്കിൽ ഓൺലൈൻ അപേക്ഷ ഫോം ഒപ്പിട്ട്, രേഖകൾ സഹിതം പ്രവാസി നാട്ടിലെത്തിക്കണം അല്ലെങ്കിൽ വിദേശ രാജ്യങ്ങളിൽ നിന്നും രജിസ്റ്റേർഡ് പോസ്റ്റ് വഴി ഭരണാധികാരികൾക്ക് എത്തിക്കണം. ഇത് പ്രവാസികളുടെ വോട്ടവകാശത്തെ നിഷേധിക്കുന്നതിന് തുല്യമാണ്.
കേരളത്തിൽ തന്നെ വിദൂര സ്ഥലങ്ങളിൽ ജോലി,പഠന ആവശ്യങ്ങൾ കാരണം ഹിയറിങ്ങിനു ഹാജരാവാൻ കഴിയാത്തവർക്ക് ഇമെയിൽ വഴിയോ,ബന്ധുക്കൾ വഴിയോ അപേക്ഷ കൊടുക്കാനുള്ള അവസരം കമ്മീഷൻ ഒരുക്കിയിട്ടുണ്ട്. എന്നാൽ ഇതേകാര്യത്തിൽ കമ്മീഷൻ പ്രവാസികളോട് വിവേചനം കാണിച്ചതും വലിയ വിമർശനങ്ങൾ ഉയരാൻ കാരണമായി.
ലോക്സഭ, നിയമസഭ തിരഞ്ഞെടുപ്പുകൾക്ക് ഉപയോഗിക്കുന്ന പട്ടികയിൽ ഇടം നേടാൻ ഇത്തരം ചട്ടങ്ങൾ ബാധകമല്ല എന്നത് നിലവിലെ സാഹചര്യങ്ങളിൽ ദുരൂഹത വർധിപ്പിക്കുന്നുണ്ട്. നേരത്തെ താലൂക്ക് ഓഫീസിൽ ബന്ധുക്കൾ വഴി ഓൺലൈൻ അപേക്ഷയും അനുബന്ധ രേഖയും സമർപ്പിച്ച് പ്രവാസികൾക്ക് വോട്ടർ പട്ടികയിൽ ഇടം നേടാൻ അവസരമുണ്ടായിരുന്നു. അതുവഴി സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പ്രവാസികൾ വോട്ടർ പട്ടികയിൽ ഇടം പിടിക്കുകയും നാട്ടിലെത്തി വോട്ട് ചെയ്യാൻ അവർക്ക് അവസരവും ലഭിച്ചിരുന്നു.
ചട്ടത്തിൽ നേരിട്ടോ , രജിസ്റ്റേർഡ് തപാലോ എന്ന് പറയുന്നുണ്ടെങ്കിലും ചില പഞ്ചായത്ത് ഭരണാധികാരികൾ ഇമെയിൽ വഴിയും ബന്ധുക്കളിൽ നിന്ന് നേരിട്ടും അപേക്ഷ സ്വീകരിച്ചിട്ടുണ്ട്. കോഴിക്കോട് ജില്ലയിലെ കുറ്റ്യാടി നിയോജക മണ്ഡലത്തിലെ വില്യാപ്പള്ളി – തിരുവള്ളൂർ പഞ്ചായത്തിലെ ഭരണാധികാരികൾ ഇമെയിലില്‍ വഴിയുള്ള അപേക്ഷ സ്വീകരിച്ചിരുന്നു. എന്നാൽ പട്ടിക പുറത്തുവന്നപ്പോൾ ഏകദേശം ആയിരത്തിൽ അധികം അപേക്ഷകൾ പട്ടികയിൽ ഇടം പിടിച്ചിട്ടില്ലെന്നും പരാതി ഉയർന്നിട്ടുണ്ട്.
നാട്ടിൽ ഇല്ലാത്ത സാധാരണ പ്രവാസികൾ ഭീമമായ സംഖ്യ ചിലവാക്കി രജിസ്റ്റേർഡ് പോസ്റ്റ് വഴി അപേക്ഷയും അനുബന്ധ രേഖകളും അയക്കണമെന്ന ചട്ടം പ്രവാസികളുടെ വോട്ടവകാശം റദ്ദ് ചെയ്യുന്ന നടപടി ആണെന്നും ചട്ടം ലഘൂകരിച്ചു പ്രാവാസികളെ കൂടി പട്ടികയിൽ ഇടം നൽകാൻ അവസരം നൽകണമെന്നും പ്രവാസി സംഘടനകൾ ആവശ്യപ്പെട്ടു.