കൊച്ചി – സംസ്ഥാനത്ത് വീണ്ടും കുതിച്ചുകയറി സ്വർണവില. റെക്കോർഡുകൾ ഭേദിച്ച് മുന്നേറിക്കൊണ്ടിരിക്കുന്ന സ്വർണവില ഇങ്ങനെപോയാൽ അടുത്ത കാലത്തുതന്നെ 1 ലക്ഷം കടക്കാനാണ് സാധ്യത. പവന് ഇന്ന് 160 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവൻ്റെ വില 81,040 രൂപയിലെത്തി. ഗ്രാമിന് 20 രൂപ വർധിച്ച് 10,130 രൂപയായി.
രാജ്യന്തരവില ലാഭമെടുപ്പിനെ തുടർന്ന് നേരിയതോതിൽ താഴ്ന്നു. ഇപ്പോൾ വ്യാപാരം നടക്കുന്നത് 2 ഡോളർ കുറഞ്ഞ് ഔൺസിന് 3,641 ഡോളറിൽ. രൂപയുടെ മൂല്യം ഇടിഞ്ഞതാണ് സംസ്ഥാനത്ത് സ്വര്‍ണവില കൂടാന്‍ കാരണം. ഇന്ത്യയിലാണ് സ്വർണാഭരണം വാങ്ങുന്നവർ താരതമ്യേന കൂടുതൽ. അതിനാൽ നിലവിലെ സാഹചര്യം ആശ്വാസകരമല്ല. യുഎസിൻ്റെ കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവ് അടിസ്ഥാന പലിശ നിരക്ക് കുറക്കുമെന്ന പ്രഖ്യാപനമാണ് സ്വർണ വിലയെ കൂടുതൽ ശക്തമാക്കുന്നത്. അതിനാൽ വരും ദിവസങ്ങളിലും സ്വർണത്തിൻ്റെ മൂല്യം ഉയരും.