തിരുവനന്തപുരം– ഇസ്രായേൽ ധനമന്ത്രി ബെസലേൽ സ്മോട്രിച്ചിനെ ഇന്ത്യയിൽ ആതിഥേയത്വം വഹിക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തെ കേരള മുഖ്യമന്ത്രി പിണറായി വിജയൻ ശക്തമായി അപലപിച്ചു. തീവ്ര വലതുപക്ഷ തീവ്രവാദിയും ഇസ്രായേലിന്റെ ഫലസ്തീൻ അധിനിവേശത്തിന്റെയും വിപുലീകരണ അജണ്ടയുടെയും മുഖ്യ ശിൽപ്പിയുമാണ് സ്മോട്രിച്ച് എന്ന് പിണറായി വിജയൻ പറഞ്ഞു. എക്സിൽ പങ്കുവെച്ച കുറിപ്പിലാണ് മുഖ്യമന്ത്രി വിമർശനം ഉന്നയിച്ചത്.
“ഗസ്സയിൽ വംശഹത്യ തുടരുമ്പോൾ, ഇസ്രായേൽ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹുവിന്റെ ഭരണകൂടത്തിന്റെ പ്രതിനിധികളുമായി കരാറുകൾ ഒപ്പിടുന്നത് ഇന്ത്യയുടെ ഫലസ്തീനോടുള്ള ചരിത്രപരമായ ഐക്യദാർഢ്യത്തിന് വിരുദ്ധമാണ്,” പിണറായി വിജയൻ പറഞ്ഞു. “ഫലസ്തീന് നീതിയുക്തവും ശാശ്വതവുമായ സമാധാനം ഉറപ്പാക്കാതെ ഇസ്രായേലുമായി സൈനിക, സുരക്ഷാ, സാമ്പത്തിക ബന്ധങ്ങൾ തുടരുന്നത് അപലപനീയമാണ്,” അദ്ദേഹം കൂട്ടിച്ചേർത്തു.
സെപ്റ്റംബർ 8-ന് മൂന്ന് ദിവസത്തെ സന്ദർശനത്തിനായി സ്മോട്രിച്ച് ഇന്ത്യയിലെത്തി. കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനുമായി കൂടിക്കാഴ്ച നടത്തിയ അദ്ദേഹം, ഇന്ത്യ-ഇസ്രായേൽ വ്യാപാര ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള കരാറുകളിൽ ഒപ്പുവെച്ചിട്ടുണ്ട്.