ജിദ്ദ- രാഷ്ട്രീയത്തിലും കാരുണ്യപ്രവർത്തനത്തിലും പകരം വെക്കാനില്ലാത്ത പാർട്ടിയാണ് മുസ്ലിം ലീഗ് എന്നും ഓരോ നിമിഷവും പ്രസക്തിയേറുന്ന പ്രസ്ഥാനാമാണ് മുസ്ലിം ലീഗെന്നും പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം അഭിപ്രായപ്പെട്ടു. ജിദ്ദ സെൻട്രൽ കെ.എം.സി.സി സംഘടിപ്പിച്ച ജനഹിതം അട്ടിമറിക്കുന്ന വോട്ട് ചോരിയുടെ ജനാധിപത്യം വിശദീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മുസ്ലിം ലീഗിന് എതിരായി എന്തെങ്കിലും കിട്ടുമോ എന്ന് നോക്കുകയാണ് ചില അൽപ്പൻമാർ. ദൽഹിയിൽ ഖാഇദേമില്ലത്ത് സെന്ററുമായി ലീഗ് രംഗത്തിറങ്ങിയപ്പോൾ അതിന് എതിരെ ആയിരുന്നു പ്രചാരണം. ഒരിക്കലും കെട്ടിടം ഉണ്ടാക്കില്ലെന്ന് പ്രചാരണം നടത്തിയവർ ഉദ്ഘാടനം കഴിഞ്ഞപ്പോൾ വിമർശനം മറ്റു രീതിയിലാക്കി. വയനാട് ദുരിതാശ്വാസത്തിനായി മുസ്ലിം ലീഗ് അരയും തലയും മുറുക്കി രംഗത്തെത്തിയപ്പോഴും ഇതേ വിമർശനമുണ്ടായി. മുസ്ലിം ലീഗ് വാങ്ങിയ സ്ഥലം തോട്ടഭൂമിയാണ് എന്നായിരുന്നു പ്രചാരണം. അതിന്റെ പേരിലും ചില മാധ്യമങ്ങളെ കൂട്ടുപ്പിടിച്ച് നേരത്തെ പറഞ്ഞ അൽപ്പൻമാർ രംഗത്തെത്തി. എന്നാൽ അവിടെ വീടു നിർമ്മാണവുമായി മുന്നോട്ടുപോകുകയാണ് മുസ്ലിം ലീഗ് ചെയ്യുന്നത്.
വയനാട് ദുരിതബാധിതർക്ക് വേണ്ടി മുസ്ലിം ലീഗ് എക്കാലവും രംഗത്തുണ്ടാകും. ദുരന്തമുണ്ടായത് മുതൽ അവസാനത്തെ ദിവസം വരെ അവിടെ ലീഗിന്റെ വോളണ്ടിയർമാരുടെ സേവനമുണ്ടായിരുന്നു. വസ്തുത മനസിലാക്കാതെയാണ് ചില മാധ്യമങ്ങളും അൽപ്പബുദ്ധികളായ രാഷ്ട്രീയക്കാരും ലീഗിന് എതിരെ വിമർശം അഴിച്ചുവിടുന്നത്.
കെ.എം.സി.സിയുടെ പ്രവർത്തനം ഏറെ മാതൃകാപരമാണെന്നും പി.എം.എ സലാം പറഞ്ഞു. വിവിധ രാജ്യങ്ങളിലേക്ക് കെ.എം.സി.സി അതിന്റെ പ്രവർത്തനം വ്യാപിപ്പിച്ചിരിക്കുന്നു. ആഫ്രിക്കൻ രാജ്യങ്ങളിൽ വരെ കെ.എം.സി.സിക്ക് യൂണിറ്റുകളുണ്ട്. രാജ്യത്തിനും സമൂഹത്തിനും കെ.എം.സി.സി നൽകുന്ന സേവനം വിലമതിക്കാനാകാത്തതാണെന്നും പി.എം.എ സലാം വ്യക്തമാക്കി. എ.കെ ബാവ അധ്യക്ഷത വഹിച്ചു. ദലിത് ലീഗ് സംസ്ഥാന പ്രസിഡന്റ് ഇ.പി ബാബു മുഖ്യപ്രഭാഷണം നടത്തി. സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി വി.പി മുസ്തഫ, അനീസ് മാസ്റ്റർ കൊടുവള്ളി,
ഷൗക്കത്ത് ഞാറക്കോടൻ എന്നിവർ പ്രസംഗിച്ചു. ജംഷീർ വള്ളിക്കുന്ന് ഖിറാഅത്ത് നടത്തി. സെപ്റ്റംബർ 19ന് നടക്കുന്ന ഇ. അഹമ്മദ് മെമ്മോറിയൽ സൂപ്പർ സെവൻ ഫുട്ബോൾ ടൂർണമെന്റ് മത്സരത്തിന്റെ ജഴ്സി പ്രകാശനം നടന്നു. മെഡിക്കൽ വിങ്ങിനുള്ള ജേഴ്സി ഹാരിസ് ബാബു, ടെക്നിക്കൽ വിഭാഗത്തിനുള്ള ജേഴ്സി അബു കട്ടുപ്പാറ, അമ്പയർമാർക്കുള്ള ജയ്സി കെ.വി നാസർ, വളണ്ടിയർ വിങ്ങിനുള്ള ജഴ്സി റഹ്മത്തലി എരഞ്ഞിക്കൽ എന്നിവർ പി.എം.എ സലാമിൽനിന്നും ഏറ്റുവാങ്ങി.