കാഠ്മണ്ഡു – നേപ്പാളില്‍ സമൂഹ മാധ്യമങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിരോധനം പിന്‍വലിച്ചു. ഫെയ്സ്ബുക്ക്, യൂട്യൂബ്, എക്സ് എന്നിവയുള്‍പ്പെടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ സര്‍ക്കാര്‍ നിരോധിച്ചതിനു പിന്നാലെയുണ്ടായ പ്രതിഷേധത്തെ തുടർന്നാണ് നിരോധനം പിന്‍വലിച്ചത്. അടിയന്തര മന്ത്രിസഭായോഗമാണ് നിരോധനം പിൻവലിക്കാൻ തീരുമാനിച്ചത്. നേപ്പാളിലെ വാർത്താവിനിമയകാര്യ മന്ത്രി പൃഥ്വി ശുഭ ഗുരുങ് ആണ് ഇക്കാര്യമറിയിച്ചത്.
ഈ മാസം നാലിനാണ് ഇരുപത്തിയാറോളം സമൂഹമാധ്യമങ്ങൾക്ക് സർക്കാർ നിരോധനം ഏർപ്പെടുത്തിയത്. രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിനുള്ള സമയപരിധി പാലിക്കുന്നതില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നായിരുന്നു നടപടി. തുടർന്ന് യുവജനങ്ങളുടെ വൻ പ്രതിഷേധം നേപ്പാളിൽ കലാപത്തിനിടയാക്കി.
നേപ്പാൾ തലസ്ഥാനമായ കാഠ്മണ്ഡുവിലും മറ്റ് നഗരങ്ങളിലും രാജ്യത്തെ യുവജനങ്ങൾ നേതൃത്വം നൽകിയ പ്രതിഷേധങ്ങൾക്ക് നേരെ പൊലീസ് നടത്തിയ വെടിവെപ്പിൽ 19 പേർ കൊല്ലപ്പെട്ടു. നൂറിലധികം പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോർട്ട്. സർക്കാർ നടപടി അഭിപ്രായ സ്വാതന്ത്ര്യം നിയന്ത്രിക്കാനും സെൻസർഷിപ് ഏർപ്പെടുത്താനുമുള്ള നീക്കമാണെന്നു വിമർശിച്ചാണ് യുവജനങ്ങൾ രംഗത്തെത്തിയത്. നിരോധനം പിൻവലിക്കാനാവശ്യപ്പെട്ട് ‘ജെൻ സി’(ജനറേഷൻ സെഡ്) ബാനറുമായി പാർലമെൻ്റ് മന്ദിരത്തിരത്തിനു മുന്നിൽ പ്രതിഷേധിച്ച ചെറുപ്പക്കാർ, സർക്കാർവിരുദ്ധ മുദ്രാവാക്യമുയർത്തിയിരുന്നു. സംഘർഷങ്ങളുടെ ധാർമ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത് നേപ്പാൾ ആഭ്യന്തരമന്ത്രി രമേശ് ലേഖക് രാജിവെച്ചിരുന്നു.
യുവജന പ്രക്ഷോഭത്തെക്കുറിച്ച് അന്വേഷിക്കാൻ നേപ്പാൾ മന്ത്രിസഭ അന്വേഷണ സമിതിക്ക് രൂപം നല്‍കിയിട്ടുണ്ട്. 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് അന്വേഷണ സമിതിക്ക് നിർദേശം നൽകിയിട്ടുള്ളത്.