ദുബൈ – ദുബൈയിലെ സബീൽ സ്റ്റേഡിയത്തിൽ അറേബ്യൻ ശക്തികളായ യുഎഇയും ബഹ്റൈനും തമ്മിൽ ഏറ്റുമുട്ടും. ഇന്ത്യൻ സമയം രാത്രി 10 മണിക്കാണ് ( യുഎഇ 8:30 PM / ബഹ്റൈൻ 7:30) മത്സരം.
അടുത്തമാസം നടക്കുന്ന ലോകകപ്പ് യോഗ്യതയ്ക്കുള്ള നാലാം റൗണ്ട് മത്സരങ്ങൾക്ക് ഇറങ്ങുന്ന യുഎഇയ്ക്ക് ഇന്നത്തെ കളി വളരെ നിർണായകമാണ്.
ഒക്ടോബറിൽ ഒമാനിനെതിരെയും, ഖത്തറിനെതിരെയുമാണ് യുഎഇയുടെ യോഗ്യതാ മത്സരങ്ങൾ. രണ്ടിലും ജയം നേടി ലോകകപ്പിലേക്ക് നേരിട്ട് യോഗ്യത നേടുക എന്നാണ് ഇവരുടെ പ്രധാന ലക്ഷ്യം. മുമ്പ് ഒരു തവണ മാത്രമാണ് യുഎഇയ്ക്ക് ലോകകപ്പിൽ കളിക്കാൻ അവസരം ലഭിച്ചത്. 1990 ഇറ്റലി ലോകകപ്പിൽ കളിച്ച യുഎഇ ഗ്രൂപ്പ് റൗണ്ടിലെ മൂന്ന് മത്സരങ്ങളും തോറ്റു അവസാന സ്ഥാനക്കാരായിട്ടായിരുന്നു മടങ്ങിയത്.
ബഹ്റൈനിന്റെ ഭാഗത്തേക്ക് നോക്കുമ്പോൾ അറബ് കപ്പിലേക്കുള്ള യോഗ്യതാ മത്സരത്തിൽ നവംബറിൽ ഇറങ്ങേണ്ടതുണ്ട്. അതിനുമുമ്പ് ടീമിനെ വളരെ ശക്തമാക്കുക എന്നാകും പ്രധാന ലക്ഷ്യം. കഴിഞ്ഞ സൗഹൃദ മത്സരത്തിൽ ശക്തരായ ഖത്തറിനെ സമനിലയിൽ പൂട്ടാൻ ബഹ്റൈനിന് സാധിച്ചത് പ്രതീക്ഷകൾ നൽകുന്നുണ്ട്.
ഇന്ന് നടക്കുന്ന മറ്റൊരു മത്സരത്തിൽ സൗദി അറേബ്യ യൂറോപ്യൻ ശക്തരായ ചെക്ക് റിപ്പബ്ലിക്കിനെ നേരിടും. ഇന്ത്യൻ സമയം രാത്രി 10:45 ( സൗദി 8:15 PM)ന് നടക്കുന്ന മത്സരം ചെക്ക് റിപ്പബ്ലികിന്റെ തട്ടകത്തിലാണ്.
സൗദിയുടെയും പ്രധാന ലക്ഷ്യം അടുത്തമാസം നടക്കുന്ന ലോകകപ്പ് യോഗ്യത മത്സരങ്ങൾ തന്നെയാണ്. ഖത്തർ ലോകകപ്പിൽ ടീമിന്റെ പരിശീലകനായിരുന്ന ഹെർവ് റെനാർഡിനെ തിരിച്ചുവിളിച്ച് തുടർച്ചയായ മൂന്നാം ലോകകപ്പിലേക്ക് അവസരം തേടുകയാണ് സൗദി. കഴിഞ്ഞ മത്സരത്തിൽ യൂറോപ്യൻ ടീമായ നോർത്ത് മാസിഡോണിയയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് പരാജയപ്പെടുത്തിയത് പ്രതീക്ഷകൾ നൽകുന്നുണ്ട്.