വാഷിംഗ്ടണ്‍– വൈറ്റ് ഹൗസിന് മുന്നില്‍ 30 വര്‍ഷമായി സ്ഥാപിച്ചിരിക്കുന്ന യുദ്ധവിരുദ്ധ പ്രതിഷേധത്തിന്റെ പ്രതീകമായ തമ്പ് നീക്കം ചെയ്യാന്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉത്തരവിട്ടു.
ഇന്ന്, ഇപ്പോള്‍ തന്നെ, അത് ഉടന്‍ തന്നെ പൊളിച്ചുമാറ്റുക. അത് തീവ്ര ഇടതുപക്ഷമാണ് സ്ഥാപിച്ചത്. അത് ലഫായെറ്റ് പാര്‍ക്കിലാണെങ്കില്‍, അത് പൊളിച്ചുമാറ്റുക – ട്രംപ് ഉദ്യോഗസ്ഥരോട് പറഞ്ഞു. വെള്ളിയാഴ്ച വൈകുന്നേരം വൈറ്റ് ഹൗസില്‍ നടത്തിയ പത്രസമ്മേളനത്തില്‍, തമ്പ് അമേരിക്കന്‍ വിരുദ്ധ സ്ഥലമായി മാറുന്നതിനെ കുറിച്ചുള്ള റിപ്പോര്‍ട്ടറുടെ ചോദ്യത്തിന് മറുപടിയായാണ് തമ്പ് ഉടന്‍ പൊളിച്ചുമാറ്റാന്‍ ട്രംപ് ഉത്തരവിട്ടത്. വാഷിംഗ്ടണിലെ അധികകൃതര്‍ കുറ്റകൃത്യ വിരുദ്ധ പ്രചാരണത്തിന്റെ ഭാഗമായി നൂറുകണക്കിന് തമ്പുകള്‍ നീക്കം ചെയ്തിട്ടുണ്ടെന്നും ഇതും നീക്കം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുപ്പതു വര്‍ഷത്തിലേറെയായി വൈറ്റ് ഹൗസിന് മുന്നിലുള്ള കൂടാരം, അമേരിക്കയിലെ യുദ്ധവിരുദ്ധ പ്രതിഷേധങ്ങളുടെ പ്രതീകമായി മാറിയിരുന്നു. പ്രതിരോധ മന്ത്രാലയത്തിന്റെ പേര് യുദ്ധ മന്ത്രാലയം എന്നാക്കി മാറ്റുന്ന എക്‌സിക്യൂട്ടീവ് ഉത്തരവില്‍ വെള്ളിയാഴ്ച ഒപ്പുവെച്ചതിന് ശേഷമാണ് ട്രംപിന്റെ പുതിയ നടപടി.
യു.എസ് സൈന്യത്തെ പുനര്‍നാമകരണം ചെയ്യാനുള്ള ട്രംപിന്റെ ശ്രമങ്ങളിലെ ഏറ്റവും പുതിയ നടപടിയാണ് ഈ നീക്കം. വാഷിംഗ്ടണിലെ ഡൗണ്‍ടൗണില്‍ പ്രത്യേക സൈനിക പരേഡിന് നേതൃത്വം നല്‍കാനുള്ള ട്രംപിന്റെ തീരുമാനവും 2020 ലെ വംശീയ നീതി പ്രതിഷേധങ്ങളെ തുടര്‍ന്ന് മാറ്റിയ സൈനിക താവളങ്ങളുടെ യഥാര്‍ഥപേരുകള്‍ പുനഃസ്ഥാപിക്കുന്നതും ട്രംപിന്റെ ശ്രമങ്ങളില്‍ ഉള്‍പ്പെടുന്നു.
വെള്ളിയാഴ്ച വൈറ്റ് ഹൗസില്‍ നടത്തിയ പത്രസമ്മേളനത്തില്‍, പെന്റഗണ്‍ പുനഃക്രമീകരിക്കുന്നതില്‍ ഭരണകൂടം പുതിയ ചുവടുവെപ്പ് നടത്തിയതായി ട്രംപ് വിശദീകരിച്ചു. തീരുമാനം അംഗീകരിക്കുന്നതിന് ആവശ്യമായ നിയമപരമായ മാറ്റങ്ങള്‍ വരുത്താന്‍ യു.എസ് കോണ്‍ഗ്രസിനോട് ആവശ്യപ്പെടുമെന്നും പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു. രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം യു.എസയെ കോണ്‍ഗ്രസ് സൈന്യം, നാവികസേന, വ്യോമസേന എന്നിവ ലയിപ്പിച്ച 1949 വരെ യു.എസ് പ്രതിരോധ മന്ത്രാലയം (പെന്റഗണ്‍) യുദ്ധ മന്ത്രാലയം എന്നാണ് അറിയപ്പെട്ടിരുന്നത്. ആണവയുഗത്തില്‍ യുദ്ധങ്ങള്‍ തടയുന്നതില്‍ അമേരിക്ക ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു എന്നതിന്റെ സൂചനയായാണ് പ്രതിരോധ മന്ത്രാലയം എന്ന പേര് പിന്നീട് തെരഞ്ഞെടുത്തത്. ഇതാണിപ്പോള്‍ ട്രംപ് പഴയപടി യുദ്ധ മന്ത്രാലയം എന്നാക്കി മാറ്റിയിരിക്കുന്നത്.