വാഷിംഗ്ടണ്‍ – കഴിഞ്ഞ 700 ദിവസത്തിനിടെ ഗാസ മുനമ്പില്‍ ഫലസ്തീനികള്‍ക്കെതിരെ ഇസ്രായില്‍ ചെയ്ത കുറ്റകൃത്യങ്ങള്‍ നിരാകരിക്കാനായി ചുവടുവെപ്പ് നടത്തി ഇസ്രായില്‍. ആധുനിക കാലത്തെ ഏറ്റവും ദൈര്‍ഘ്യമേറിയതും ക്രൂരവുമായ മാനുഷിക ദുരന്തങ്ങളിലൊന്നായ ഗാസ യുദ്ധവുമായി ബന്ധപ്പെട്ട് ഇസ്രായിലിന്റെ ആഖ്യാനം പ്രോത്സാഹിപ്പിക്കാനാണ് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ശ്രമങ്ങൾ. നെതന്യാഹുവിന്റെ ഓഫീസ് ഗൂഗിളുമായി നാലര കോടി ഡോളറിന്റെ കരാറില്‍ ഒപ്പുവെച്ചതായി ഡ്രൂപ്പ്സൈറ്റ് ന്യൂസ് വെളിപ്പെടുത്തി.
ആറ് മാസത്തേക്ക് നെതന്യാഹുവുമായുണ്ടാക്കിയ നാലര കോടി ഡോളറിന്റെ കരാര്‍ പ്രകാരം ഗൂഗിള്‍ ഇസ്രായില്‍ സര്‍ക്കാരിന്റെ സന്ദേശങ്ങള്‍ പ്രോത്സാഹിപ്പിക്കാനും ഗാസയിലെ മാനുഷിക പ്രതിസന്ധി കുറച്ചുകാണിക്കാനും സഹായിക്കുമെന്ന് ഡ്രൂപ്പ്സൈറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
ജൂണ്‍ അവസാനത്തിലാണ് കരാര്‍ ഒപ്പിട്ടതെന്നും നെതന്യാഹുവിന്റെ പബ്ലിക് റിലേഷന്‍സ് തന്ത്രത്തെ പിന്തുണക്കുന്നതില്‍ പ്രധാന പങ്കാളിയായി ഗൂഗിളിനെ കരാര്‍ വിശേഷിപ്പിക്കുന്നതായും വെബ്സൈറ്റ് പറയുന്നു. കരാര്‍ പ്രകാരം ഇസ്രായില്‍ ഗവണ്‍മെന്റിന്റെ പരസ്യങ്ങള്‍ യൂട്യൂബിലും ഗൂഗിള്‍ ഡിസ്പ്ലേയിലും വീഡിയോ 360 ലും പ്രദര്‍ശിപ്പിക്കപ്പെടുന്നു. ഇസ്രായില്‍ സര്‍ക്കാര്‍ രേഖകളില്‍ ഹസ്ബാര എന്നാണ് ഇവയെ വിവരിക്കുന്നത്. ഇത് പലപ്പോഴും പരസ്യമെന്നോ പ്രചാരണമെന്നോ വിവര്‍ത്തനം ചെയ്യപ്പെടുന്ന ഹീബ്രു പദമാണ്.
അമേരിക്കന്‍ കമ്പനിയായ എക്സിലെ (ട്വിറ്റര്‍) പരസ്യങ്ങള്‍ക്കായി ഇസ്രായില്‍ 30 ലക്ഷം ഡോളറും ഇസ്രായിലി പ്ലാറ്റ്ഫോമായ ഔട്ട്ബ്രെയിനിലെ പരസ്യങ്ങള്‍ക്കായി 21 ലക്ഷം ഡോളറും ഇസ്രായില്‍ ഗവണ്‍മെന്റ് ചെലവഴിച്ചതായി രേഖകള്‍ വ്യക്തമാക്കുന്നു. ഗാസയില്‍ പട്ടിണി നയം നടപ്പാക്കുന്നില്ലെന്ന് വ്യക്തമാക്കാനും ഡാറ്റകള്‍ പ്രദര്‍ശിപ്പിക്കാനും അധികൃതര്‍ ഡിജിറ്റല്‍ കാമ്പെയ്ന്‍ ആരംഭിച്ചേക്കാമെന്ന് ഇസ്രായിലി സൈനിക വക്താവ് നേരത്തെ പറഞ്ഞു.
ഇതിനുശേഷം, ഗാസയില്‍ പട്ടിണി നിലനില്‍ക്കുന്നുണ്ടെന്ന കാര്യം നിഷേധിക്കുന്ന ഇസ്രായില്‍ സര്‍ക്കാര്‍ പരസ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചു. ഗാസയില്‍ ഭക്ഷണമുണ്ട്, മറ്റേതെങ്കിലും അവകാശവാദം നുണയാണ് എന്ന് വാദിക്കുന്ന ഇസ്രായില്‍ വിദേശ മന്ത്രാലയത്തിന്റെ യൂട്യൂബ് വീഡിയോയും ഇതില്‍ ഉള്‍പ്പെടുന്നു. ഈ വീഡിയോ 60 ലക്ഷത്തിലധികം വ്യൂസ് നേടി. അതില്‍ വലിയൊരു ഭാഗം പണമടച്ചുള്ള പ്രമോഷനുകളിലൂടെ അപ്ലോഡ് ചെയ്തതാണ്.
അതിര്‍ത്തികള്‍ പൂര്‍ണമായും അടച്ചുപൂട്ടിയുള്ള ഗാസക്കെതിരായ ഇസ്രായില്‍ ഉപരോധത്തെ അന്താരാഷ്ട്രതലത്തില്‍ അപലപിക്കുന്നതിനിടയിലാണ് ഇസ്രായില്‍ തങ്ങളുടെ ആഖ്യാനം പ്രോത്സാഹിപ്പിക്കാനുള്ള പ്രചാരണ തന്ത്രങ്ങള്‍ ശക്തമാക്കുന്നത്. കഴിഞ്ഞ മാര്‍ച്ച് രണ്ടിന് ആരംഭിച്ച ഉപരോധത്തെ തുടര്‍ന്ന് ഗാസയിലേക്കുള്ള എല്ലാ ക്രോസിംഗുകളും ഇസ്രായില്‍ അടച്ചുപൂട്ടി ഭക്ഷണവും മെഡിക്കല്‍ വസ്തുക്കളും മാനുഷിക സഹായങ്ങളും പ്രവേശിക്കുന്നത് തടഞ്ഞു. അതിര്‍ത്തികളില്‍ റിലീഫ് വസ്തുക്കള്‍ വഹിച്ച ട്രക്കുകള്‍ കെട്ടിക്കിടക്കുന്നുണ്ടെങ്കിലും ഇസ്രായിലിന്റെ നയം ഗാസയെ പട്ടിണിയിലേക്ക് തള്ളിവിട്ടു.