കണ്ണൂർ– പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെതിരെ കെ. സുധാകരൻ രൂക്ഷ വിമർശനവുമായി രംഗത്ത്. യൂത്ത് കോൺഗ്രസ് നേതാവിനെ പൊലീസ് കസ്റ്റഡിയിൽ ക്രൂരമായി മർദിച്ച ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ, വി.ഡി.സതീശൻ മുഖ്യമന്ത്രി പിണറായി വിജയനൊപ്പം ഓണസദ്യയിൽ പങ്കെടുത്തത് ശരിയായില്ലെന്നും മോശമായിപ്പോയെന്നും സുധാകരൻ മാധ്യമപ്രവർത്തകരോട് പ്രതികരിച്ചു.


താൻ ആ സ്ഥാനത്ത് ആയിരുന്നെങ്കിൽ അങ്ങനെ ചെയ്യില്ലായിരുന്നുവെന്നും സുധാകരൻ വ്യക്തമാക്കി. കസ്റ്റഡി മർദനത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്ന് പൊലീസിനും സർക്കാരിനുമെതിരെ വ്യാപക പ്രതിഷേധം ഉയർന്ന സാഹചര്യത്തിൽ, നിയമസഭയിലെ ലോഞ്ചിൽ മുഖ്യമന്ത്രി ഒരുക്കിയ ഓണവിരുന്നിൽ സതീശൻ പങ്കെടുത്തതാണ് വിവാദമായത്. ഇരുവരും അടുത്തടുത്ത് ഇരുന്ന് സദ്യ കഴിക്കുകയും ചിരി പങ്കിടുകയും ചെയ്യുന്ന ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.