ഷാർജ – ത്രിരാഷ്ട്ര പരമ്പരയിലെ കളിച്ച നാലു മത്സരങ്ങളും തോറ്റു മടങ്ങി ആതിഥേയരായ യുഎഇ. ഇന്നലെ അഫ്ഗാനിസ്ഥാനെതിരെ നടന്ന അവസാന ഓവർ വരെ നീണ്ട ത്രില്ലർ പോരാട്ടത്തിൽ നാലു റൺസിനായിരുന്നു യുഎഇയുടെ തോൽവി. അവസാന പന്തിൽ അഞ്ചു റൺസ് മാത്രമായിരുന്നു വിജയ ലക്ഷ്യമെങ്കിലും ആസിഫ് ഖാന്റെ വിക്കറ്റ് നഷ്ടമായത് തിരിച്ചടിയായി.
ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാൻ ഇബ്രാഹിം സദ്രാൻ (48), റഹ്മാനുള്ള ഗുർബാസ് (40) കരിം ജനത് (28) എന്നിവരുടെ മികവിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 170 റൺസ് എടുത്തു. മറുപടി ബാറ്റിങിന് ഇറങ്ങിയ യുഎഇയുടെ പോരാട്ടം 166ൽ അവസാനിക്കുകയായിരുന്നു. അവസാന ഓവറിൽ വിജയിക്കാൻ ആവശ്യം 17 റൺസായിരുന്നു. ഫരീദ് അഹ്മദ് എറിഞ്ഞ ഓവറിലെ ആദ്യം മൂന്ന് പന്തുകളിൽ ഒരു സിക്സും ഫോറുമടക്കം 12 റൺസ് കൂട്ടിച്ചേർത്ത് വിജയലക്ഷ്യം മൂന്നു പന്തുകളിൽ അഞ്ചു റൺസാക്കി കുറച്ചു. എന്നാൽ നാല്, അഞ്ച് പന്തുകളിൽ ആസിഫിന് റൺസുകളെന്നും എടുക്കാൻ കഴിഞ്ഞില്ല. ഇതോടെ അവസാന പന്തിൽ അഞ്ചു റൺസ് വേണമെന്നിരിക്കെ ആസിഫ് ഖാന്റെ വിക്കറ്റ് നഷ്ടമായത് ആശ്വാസ ജയത്തിന്റെ സ്വപ്നങ്ങൾക്ക് തിരിച്ചടി.
യുഎഇക്ക് വേണ്ടി ക്യാപ്റ്റൻ മുഹമ്മദ് വസീം (44), ആസിഫ് (40), അലിഷാൻ ഷറഫു (27) എന്നിവർ പൊരുതി.
നാളെ നടക്കുന്ന കലാശ പോരാട്ടത്തിൽ പാകിസ്ഥാൻ അഫ്ഗാനിസ്ഥാനെ നേരിടും.