തെല്‍അവീവ് – ഗാസയില്‍ നരക കവാടങ്ങള്‍ തുറന്നതായും യുദ്ധം അവസാനിപ്പിക്കാനുള്ള ഇസ്രായിലിന്റെ വ്യവസ്ഥകള്‍ ഹമാസ് അംഗീകരിക്കുന്നതുവരെ ഇസ്രായില്‍ സൈന്യം ആക്രമണം ശക്തമാക്കുമെന്നും ഇസ്രായില്‍ പ്രതിരോധ മന്ത്രി യിസ്രായേല്‍ കാറ്റ്സ് പറഞ്ഞു.
ഗാസ നഗരത്തിലെ ബഹുനില കെട്ടിടം ആക്രമിക്കുന്നതിനു മുമ്പ് സൈന്യം ആദ്യ ഒഴിപ്പിക്കല്‍ മുന്നറിയിപ്പ് നല്‍കിയിരുന്നതായി കാറ്റ്സ് എക്‌സ് പ്ലാറ്റ്ഫോമിലൂടെ കൂട്ടിച്ചേര്‍ത്തു. അതിനിടെ, ഹമാസിന്റെ സൈനിക വിഭാഗമായ ഇസ്സുദ്ദീന്‍ അല്‍ഖസ്സാം ബ്രിഗേഡിലെ സാമ്പത്തിക വിഭാഗം നേതാവായ നൂറുദ്ദീന്‍ ദബാബശ് ഈ ആഴ്ച ആദ്യം സൈന്യവും ഷിന്‍ ബെറ്റ് സുരക്ഷാ സര്‍വീസും നടത്തിയ സംയുക്ത ഓപ്പറേഷനില്‍ കൊല്ലപ്പെട്ടതായി ഇസ്രായില്‍ സൈന്യം ഇന്ന് അറിയിച്ചു.
നൂറുദ്ദീന്‍ ദബാബശ് യുദ്ധസമയത്ത് ദശലക്ഷക്കണക്കിന് ഡോളര്‍ ശേഖരിച്ച് ഗാസ മുനമ്പിലെ ഹമാസിന്റെ സൈനിക വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നെന്ന് ഇസ്രായില്‍ സൈനിക വക്താവ് പറഞ്ഞു. സൈനിക ശേഷി ശക്തിപ്പെടുത്താനും പോരാട്ട പ്രവര്‍ത്തനങ്ങള്‍ക്ക് ധനസഹായം നല്‍കാനുമാണ് ഈ ഫണ്ടുകള്‍ ഉപയോഗിച്ചത്. ഇത് പോരാട്ടം തുടരാനും ഗാസ മുനമ്പില്‍ സാന്നിധ്യം നിലനിര്‍ത്താനും ഹമാസിനെ പ്രാപ്തമാക്കിയതായി സൈനിക വക്താവ് കൂട്ടിച്ചേര്‍ത്തു.
ഗാസ നഗരത്തിന്റെ 40 ശതമാനം ഇപ്പോള്‍ തങ്ങളുടെ നിയന്ത്രണത്തിലാണെന്ന് ഇസ്രായില്‍ സൈന്യം ഇന്നലെ പ്രഖ്യാപിച്ചു. നിര്‍ണായകമായ പരാജയം നേരിടുന്നതുവരെ ഗാസ നഗരത്തില്‍ സൈന്യത്തെ പൂര്‍ണ ശക്തിയോടെ ഹമാസ് നേരിടേണ്ടിവരുമെന്ന് സൈന്യം പറഞ്ഞു.