ഇസ്‌ലാമിക വാസ്തുവിദ്യയുടെ അടയാളങ്ങളും പ്രതീകങ്ങളുമാണ് ദൈവീക ഭവനങ്ങളായ പള്ളികളോട് ചേര്‍ന്ന മിനാരങ്ങള്‍. മുസ്‌ലിം സമൂഹങ്ങള്‍ അധിവസിക്കുന്ന പ്രദേശങ്ങളില്‍ പള്ളികളും അവയോട് ചേര്‍ന്നുള്ള മിനാരങ്ങളും സാമൂഹിക ജീവിതത്തിന്റെ അവിഭാജ്യ ഘടകമാണ്. ഇസ്‌ലാമിക സമൂഹങ്ങളുടെ നഗര പരിതസ്ഥിതികളിലെ പ്രധാന ഘടകമായി മിനാരങ്ങള്‍ കണക്കാക്കപ്പെടുന്നു. ചെറുതും വീതി കൂടിയതുമായ ഗോപുരങ്ങള്‍ മുതല്‍ ഉയരമുള്ളതും നേര്‍ത്തതുമായ ഗോപുരങ്ങള്‍ വരെ വ്യത്യസ്ത ആകൃതികളിലുള്ള മിനാരങ്ങളുണ്ട്. ആകാശത്തേക്ക് തലയുയര്‍ത്തി നില്‍ക്കുന്ന മിനാരങ്ങളില്‍ ഉച്ചഭാഷിണികള്‍ വഴി പ്രാര്‍ഥനാ സമയത്തിന്റെ ആരംഭം വിശ്വാസികളെ അറിയിക്കുന്നു.
ഇസ്‌ലാമിന്റെ വെളിച്ചം പ്രകാശിച്ച മക്കയിലെ വിശുദ്ധ കഅബാലയത്തോടുള്ള സാമീപ്യമാണ് ഹറമിലെ മിനാരങ്ങളുടെ പ്രാധാന്യം. ഇസ്‌ലാമിക പൈതൃകത്തില്‍ നിന്ന് ഉരുത്തിരിഞ്ഞ വാസ്തുവിദ്യാ ശൈലിയും ഉച്ചഭാഷിണികള്‍ വഴി പ്രാര്‍ഥനാ സമയത്തിന്റെ ആരംഭം പ്രഖ്യാപിക്കുന്നതിലെ പങ്കുമാണ് അവയെ വ്യത്യസ്തമാക്കുന്നത്.


നിലവില്‍ വിശുദ്ധ ഹറമില്‍ 13 മിനാരങ്ങളാണുള്ളത്. ആറു മിനാരങ്ങളുടെ നിര്‍മാണം അന്തിമ ഘട്ടത്തിലാണ്. സൗദി യുഗത്തിന് മുമ്പ് അഞ്ച് മിനാരങ്ങളാണ് ഹറമിലുണ്ടായിരുന്നത്. ആദ്യ സൗദി വിപുലീകരണ സമയത്ത് മിനാരങ്ങളുടെ എണ്ണം ഏഴായി വര്‍ധിച്ചു. രണ്ടാമത്തെ സൗദി വികസനത്തില്‍ 89 മീറ്റര്‍ ഉയരമുള്ള രണ്ട് പുതിയ മിനാരങ്ങള്‍ കൂടി ഹറമില്‍ ഉള്‍പ്പെടുത്തി. നേരത്തെയുള്ള ഏഴ് മിനാരങ്ങള്‍ക്ക് സമാനമായ വാസ്തുവിദ്യാ രൂപകല്‍പ്പനയിലാണ് പുതിയ മിനാരങ്ങള്‍ നിര്‍മിച്ചത്. ഹറമില്‍ നടപ്പാക്കിയ മൂന്നാമത് സൗദി വികസനത്തില്‍ ആകെ മിനാരങ്ങളുടെ എണ്ണം 13 ആയി. പുതുതായി നിര്‍മിക്കുന്ന ആറ് മിനാരങ്ങള്‍ പൂര്‍ത്തിയാകുന്നതോടെ ഹറമിലെ ആകെ മിനാരങ്ങളുടെ എണ്ണം 19 ആയി ഉയരും.
ഒരേ രൂപകല്‍പനയിലുള്ള മിനാരങ്ങളില്‍ അടിഭാഗം, ആദ്യത്തെ ബാല്‍ക്കണി, മിനാരത്തിന്റെ നെടുംതൂണ്‍, രണ്ടാമത്തെ ബാല്‍ക്കണി, മൂടി എന്നീ അഞ്ചു ഭാഗങ്ങള്‍ അടങ്ങിയിരിക്കുന്നു. ഈ ഭാഗങ്ങള്‍ അവയുടെ ബാഹ്യ രൂപത്തില്‍ വ്യക്തമായി കാണാന്‍ സാധിക്കും. ഹറമിലെ മിനാരങ്ങള്‍ക്ക് മുകളില്‍ ഇസ്‌ലാമിക കാലഘട്ടങ്ങളിലുടനീളം വിവിധ ആകൃതികളില്‍ രൂപകല്‍പ്പന ചെയ്ത ചന്ദ്രക്കലകളുണ്ടായിരുന്നു. ഇന്ന് കാണുന്ന മനോഹര രൂപത്തില്‍ എത്തുന്നതുവരെ അവയുടെ രൂപകല്‍പ്പനകള്‍ പലതവണ പരിഷ്‌കരിച്ചിട്ടുണ്ട്.
അബ്ബാസിദ് ഖലീഫ അബൂ ജഅ്ഫര്‍ അല്‍മന്‍സൂറിന്റെ കാലത്ത് നടപ്പാക്കിയ ഹറം വികസനത്തിന്റെ ഭാഗമായി പടിഞ്ഞാറന്‍ മൂലയില്‍ നിര്‍മിച്ച മിനാരമായിരുന്നു ഹറമില്‍ ആദ്യം നിര്‍മിച്ച മിനാരം. ഹിജ്റ 1375 ല്‍ ആദ്യ സൗദി വികസനത്തില്‍ പഴയ മിനാരങ്ങള്‍ നവീകരിക്കുകയും പുതിയ മിനാരങ്ങള്‍ നിര്‍മിക്കുകയും ചെയ്തു. ആദ്യ സൗദി വികസനത്തോടെ ഹറമിലെ മിനാരങ്ങള്‍ ഏഴായി. ഇവക്ക് ഓരോന്നിനും 89 മീറ്റര്‍ വീതം ഉയരമുണ്ടായിരുന്നു. അല്‍സ്വഫാ ഗേറ്റ്, കിംഗ് അബ്ദുല്‍ അസീസ് ഗേറ്റ്, അല്‍ഉംറ ഗേറ്റ്, അല്‍സലാം ഗേറ്റ് എന്നിവിടങ്ങളിലാണ് അവ സ്ഥിതി ചെയ്തിരുന്നത്. ആദ്യ വിപുലീകരണത്തിന്റെ മിനാരങ്ങള്‍ക്ക് സമാനമായി രണ്ടാം സൗദി വികസനത്തില്‍ 89 മീറ്റര്‍ ഉയരത്തില്‍ കിംഗ് ഫഹദ് ഗേറ്റിന്റെ ഇരുവശത്തും രണ്ട് മിനാരങ്ങളും നിര്‍മിച്ചു.
ഹറമിലെ മിനാരങ്ങള്‍ രൂപകല്‍പ്പനയില്‍ സമാനമാണ്. പക്ഷേ, അവ ഉയരത്തില്‍ വ്യത്യസ്തമാണ്. അല്‍ഉംറ ഗേറ്റിലും കിംഗ് അബ്ദുല്‍ അസീസ് ഗേറ്റിലും അല്‍ഫതഹ് ഗേറ്റിലും 137 മീറ്റര്‍ വീതം ഉയരമുള്ള ഈരണ്ട് മിനാരങ്ങളും കിംഗ് ഫഹദ് ഗേറ്റില്‍ 89 മീറ്റര്‍ ഉയരമുള്ള രണ്ട് മിനാരങ്ങളും, അല്‍സ്വഫാ ഗേറ്റില്‍ 89 മീറ്റര്‍ ഉയരമുള്ള ഒരു മിനാരവും മൂന്നാമത്തെ സൗദി വിപുലീകരണ ഭാഗത്ത് 135 മീറ്റര്‍ വീതം ഉയരമുള്ള നാല് മിനാരങ്ങളുമാണുള്ളത്.