ന്യൂയോർക്ക്: മാർക്ക് സക്കർബർഗിന്റെ ഉടമസ്ഥതയിലുള്ള ടെക് ഭീമനായ Meta-യിൽ $400,000 (ഏകദേശം ₹3.6 കോടി) വാർഷിക ശമ്പളത്തിൽ ജോലി നേടി ശ്രദ്ധേയനാവുകയാണ് 23 വയസ്സുകാരനായ മനോജ് തുമു. ആമസോണിലെ ഉയർന്ന ശമ്പളമുള്ള ജോലി ഉപേക്ഷിച്ചാണ് മനോജ് ഈ സ്വപ്നതുല്യമായ നേട്ടം കൈവരിച്ചത്. അമേരിക്കയിൽ താമസമാക്കിയ ഇന്ത്യൻ ദമ്പതികളുടെ മകനാണ് മനോജ്.
ആർട്ടിഫിഷ്യൽ ഇന്റലിജൻസിലും (AI) മെഷീൻ ലേണിംഗിലുമാണ് (ML) മനോജ് തന്റെ കരിയർ കെട്ടിപ്പടുത്തത്. കമ്പ്യൂട്ടർ സയൻസിൽ ബിരുദം നേടിയ ശേഷം ഫുൾടൈം ജോലി ചെയ്യുന്നതിനിടയിൽത്തന്നെ AI-യിൽ മാസ്റ്റേഴ്സ് ബിരുദം കരസ്ഥമാക്കി. തുടർന്ന് ആമസോണിൽ ജോലിയിൽ പ്രവേശിച്ചു.
തന്റെ വിജയത്തിന് പിന്നിലെ നിർണായക ഘടകങ്ങളെക്കുറിച്ച് മനോജ് അടുത്തിടെ Business Insider-ൽ ഒരു ലേഖനമെഴുതിയിരുന്നു. അതിൽ അദ്ദേഹം പങ്കുവെച്ച പ്രധാന കാര്യങ്ങൾ ഇതാ:
1. പഠനത്തോടൊപ്പം പ്രവൃത്തിപരിചയം
ഇന്റേൺഷിപ്പുകൾ വഴി ജോലി ചെയ്ത് പഠിക്കാനുള്ള അവസരങ്ങൾ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് മനോജ് പറയുന്നു. ‘കുറഞ്ഞ ശമ്പളമാണെങ്കിലും വിഷമിക്കേണ്ടതില്ല, ജോലി പഠിക്കാനുള്ള അവസരം വളരെ പ്രധാനമാണ്’, അദ്ദേഹം ഓർമ്മിപ്പിച്ചു. ഇന്റേൺഷിപ്പിലൂടെ ലഭിച്ച പ്രവൃത്തിപരിചയമാണ് വലിയ കമ്പനികളിലേക്കുള്ള വഴി തുറന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2. മികച്ച റെസ്യൂമെ
മെറ്റയിലും ആമസോണിലും തനിക്ക് ജോലി ലഭിച്ചത് മികച്ച റെസ്യൂമെയിലൂടെയാണെന്ന് മനോജ് ഉറപ്പിച്ചു പറയുന്നു. ആ കമ്പനികളിൽ തനിക്കുവേണ്ടി ശുപാർശ ചെയ്യാൻ ആരുമുണ്ടായിരുന്നില്ല. പ്രൊഫഷണൽ എക്സ്പീരിയൻസ് ഉൾക്കൊള്ളിച്ചുകൊണ്ടായിരിക്കണം റെസ്യൂമെ തയ്യാറാക്കേണ്ടത്. രണ്ടോ മൂന്നോ വർഷത്തെ പ്രവൃത്തിപരിചയമുണ്ടെങ്കിൽ കോളേജ് പ്രോജക്ടുകൾ ഒഴിവാക്കി പകരം പ്രൊഫഷണൽ എക്സ്പീരിയൻസ് മാത്രം ചേർക്കുകയാണ് വേണ്ടതെന്നും മനോജ് പറയുന്നു.
3. അഭിമുഖത്തിന് മുമ്പ് നന്നായി പഠിച്ച് തയ്യാറെടുക്കുക
ജോലിക്ക് അപേക്ഷിക്കുന്ന കമ്പനിയെക്കുറിച്ച് വിശദമായി പഠിച്ചതിന് ശേഷം മാത്രമേ അഭിമുഖത്തിൽ പങ്കെടുക്കാവൂ. ആമസോണിലെ ഇന്റർവ്യൂവിന് തയ്യാറെടുക്കുന്നതിന്റെ ഭാഗമായി അദ്ദേഹം ആ കമ്പനിയുടെ മൂല്യങ്ങൾ, അഭിമുഖത്തിൽ ചോദിക്കാൻ സാധ്യതയുള്ള ചോദ്യങ്ങൾ, അവയുടെ തുടർച്ചയായി വരാൻ സാധ്യതയുള്ള ചോദ്യങ്ങൾ എന്നിവയെല്ലാം വിശദമായി പഠിച്ചിരുന്നു. ഈ രീതിയിലുള്ള തയ്യാറെടുപ്പ് വിജയസാധ്യത വർദ്ധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മാറുന്ന AI ലോകം, മാറുന്ന ജോലികൾ
AI, മെഷീൻ ലേണിംഗ് മേഖലകളിൽ നിരന്തരമായ മാറ്റങ്ങൾ വന്നുകൊണ്ടിരിക്കുന്നതിനാൽ ഭാവിയിൽ ജോലിയുടെ പേരും സ്ഥാനവുമൊന്നും സ്ഥിരമായിരിക്കില്ലെന്നും പുതിയ ടൈറ്റിലുകളിൽ ജോലി ചെയ്യേണ്ടി വരുമെന്നും അദ്ദേഹം ലേഖനത്തിൽ ഓർമ്മിപ്പിക്കുന്നുണ്ട്.