കുവൈത്ത് സിറ്റി– റമദാൻ മാസത്തിലെ അവസാനത്തെ ആഴ്ച സ്കൂളുകൾക്ക് പൊതുഅവധിയായി പ്രഖ്യാപിച്ച് കുവൈത്ത് വിദ്യാഭ്യാസ മന്ത്രാലയം. വിദ്യാഭ്യാസ മന്ത്രി ജലാൽ അൽ-തബ്തബായി അംഗീകരിച്ച പുതിയ അഞ്ച് വർഷത്തെ അക്കാദമിക് കലണ്ടർ പ്രകാരം, സ്കൂൾ ദിവസങ്ങളുടെ എണ്ണം കുറയ്ക്കാതെ തന്നെ പുതിയ മാറ്റം നടപ്പിലാക്കാനാണ് തീരുമാനം.
51 ദശലക്ഷം കുവൈത്ത് ദീനാർ ലാഭിക്കുന്ന തരത്തിലാണ് പുതിയ വിദ്യാഭ്യാസ കലണ്ടർ രൂപപ്പെടുത്തിയത്. സ്കൂൾ വർഷത്തിന്റെ ആരംഭം, സ്കൂൾ അടക്കൽ, പരീക്ഷ കാലയളവ്, ഔദ്യോഗിക അവധി ദിവസങ്ങൾ തുടങ്ങിയവയ്ക്കൊക്കെ കൃത്യമായ തീയതികൾ നിശ്ചയിച്ചുകൊണ്ടാണ് പുതിയ കലണ്ടർ.
അതേസമയം, വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് ഏർപ്പെടുത്തിയിരുന്ന വാർഷത്തിലെ മൂന്ന് മാസത്തെ വേനൽക്കാല വിലക്ക് അവസാനിച്ചതായി പബ്ലിക് അതോറിറ്റി ഓഫ് മാൻപവർ തിങ്കളാഴ്ച പ്രഖ്യാപിച്ചു. ജൂൺ 1 മുതൽ ഓഗസ്റ്റ് 31 വരെ ദിവസവും രാവിലെ 11 മുതൽ വൈകുന്നേരം 4 വരെയാണ് നിരോധനം ഏർപ്പെടുത്തിയിരുന്നത്.