ജിദ്ദ-സൗദിയിലെ വിവിധ വിമാനതാവളങ്ങളിൽ ഗതാഗത വകുപ്പ് നടത്തിയ പരിശോധനയിൽ അനധികൃത സർവീസ് നടത്തിയ 2100 പേരെ പിടികൂടി. 1200 വാഹനങ്ങൾ പിടികൂടി. ജിദ്ദയിലെ കിംഗ് അബ്ദുൽ അസീസ് രാജ്യാന്തര വിമാനതാവളത്തിൽ നിയമലംഘകരുടെ എണ്ണം 38 ശതമാനമാണ്. റിയാദിലെ കിംഗ് ഖാലിദ് ഇൻ്റർനാഷണൽ എയർപോർട്ടിൽ 30%, മദീനയിലെ പ്രിൻസ് മുഹമ്മദ് ബിൻ അബ്ദുൽ അസീസ് ഇന്റർനാഷണൽ എയർപോർട്ടിൽ 30% എന്നിങ്ങനെയാണ് നിയമലംഘനങ്ങളുടെ തോത്. കിംഗ് ഫഹദ് എയർപോർട്ടിൽ 15 ശതമാനം, ദമാം ഇന്റർനാഷണൽ എയർപോർട്ടിൽ 12 ശതമാനം, തായിഫ് ഇന്റർനാഷണൽ എയർപോർട്ടിൽ 5 ശതമാനം എന്നിങ്ങനെയാണ് നിയമലംഘനങ്ങളുടെ തോത്.
യാത്രക്കാർക്കിടയിൽ സുരക്ഷാ നിലവാരം ഉയർത്തുക, പാസഞ്ചർ ഗതാഗത മേഖലയെ കൂടുതൽ ഫലപ്രദമായി നിയന്ത്രിക്കുക എന്നിവയാണ് മേൽനോട്ട പ്രചാരണങ്ങളിലൂടെ ലക്ഷ്യമിടുന്നതെന്ന് ഗതാഗത വകുപ്പ് വ്യക്തമാക്കി.
സൗദിയിലെ എല്ലാ വിമാനത്താവളങ്ങളിലും നിരീക്ഷണ പ്രവർത്തനങ്ങൾ തുടരുന്നതിനുള്ള പ്രതിജ്ഞാബദ്ധത അതോറിറ്റി ആവർത്തിച്ചു. വാഹനം കണ്ടുകെട്ടുന്നതിനും ഇതിന് ആവശ്യമായ ചെലവ് ഈടാക്കുന്നതിനും പുറമേ, 5,000 റിയാൽ പിഴയും ചുമത്തും.