സന്‍ആ: ഓഗസ്റ്റ് 28-ന് യെമന്റെ തലസ്ഥാനമായ സന്‍ആയിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ഹൂത്തി നിയന്ത്രിത സർക്കാരിന്റെ പ്രധാനമന്ത്രി അഹ്മദ് ഗാലിബ് അൽ-റഹ്വിയും നിരവധി മന്ത്രിമാരും കൊല്ലപ്പെട്ടതായി ഹൂത്തികൾ ശനിയാഴ്ച സ്ഥിരീകരിച്ചു. ഹൂത്തി നേതൃത്വത്തിലുള്ള സർക്കാർ കഴിഞ്ഞ ഒരു വർഷത്തെ പ്രകടനം വിലയിരുത്താൻ നടത്തിയ ശിൽപശാലയ്ക്കിടെ, സന്‍ആയിലെ ബൈത് ബൗസ് പ്രദേശത്തെ ഒരു അപ്പാർട്ട്മെന്റിൽ വച്ചാണ് ആക്രമണം നടന്നത്.
ആക്രമണത്തിൽ രണ്ട് ഉപപ്രധാനമന്ത്രിമാർ, വിദ്യാഭ്യാസ മന്ത്രി, വാർത്താവിനിമയ മന്ത്രി, ഡെപ്യൂട്ടി ആഭ്യന്തര മന്ത്രി എന്നിവർ കൊല്ലപ്പെട്ടതായി യെമനിലെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ചില മന്ത്രിമാർക്ക് ഗുരുതരമായ പരിക്കുകൾ ഏറ്റിട്ടുണ്ട്, ഇവർ ചികിത്സയിലാണ്. സർക്കാർ സ്ഥാപനങ്ങളുടെ തുടർപ്രവർത്തനം ഉറപ്പാക്കാൻ ഇടക്കാല ഗവൺമെന്റ് രൂപീകരിച്ച് പ്രവർത്തനങ്ങൾ തുടരുകയാണ്. ഗാസയിലെ ഫലസ്തീൻ ജനതയെ പിന്തുണച്ച് ഇസ്രായിലിനെതിരായ ഏറ്റുമുട്ടൽ തുടരുമെന്നും ഹൂത്തി പ്രസ്താവനയിൽ വ്യക്തമാക്കി.
ആക്രമണ ദിവസം, തങ്ങളുടെ നേതാക്കളാരും കൊല്ലപ്പെട്ടിട്ടില്ലെന്നും ഇസ്രായേലിന്റെ ആക്രമണം പരാജയമാണെന്നും ഹൂത്തികൾ അവകാശപ്പെട്ടിരുന്നു. എന്നാൽ, പിന്നീട് അവർ നിലപാട് മാറ്റി, പ്രധാനമന്ത്രിയുടെയും മറ്റ് മന്ത്രിമാരുടെയും മരണം സ്ഥിരീകരിച്ചു. 2023 ഒക്ടോബർ 7-ന് ഗാസ യുദ്ധം തുടങ്ങിയതിന് ശേഷം, ഹൂത്തികൾ ഇസ്രായിലിനെതിരെ ഡസൻ കണക്കിന് മിസൈലുകളും ഡ്രോണുകളും പ്രയോഗിച്ചിട്ടുണ്ട്. ഇസ്രായിലുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന വാണിജ്യ കപ്പലുകൾക്കെതിരെയും ആവർത്തിച്ച് ആക്രമണങ്ങൾ നടത്തിയിട്ടുണ്ട്.
ഈ ആക്രമണങ്ങൾക്ക് പ്രതികാരമായി, അമേരിക്കയും ഇസ്രായിലും യെമനിലെ ഹൂത്തി കേന്ദ്രങ്ങളിൽ വ്യോമാക്രമണങ്ങൾ നടത്തി. 2025 മേയിൽ, അമേരിക്ക വെടിനിർത്തൽ കരാർ പ്രഖ്യാപിച്ചെങ്കിലും, ഇസ്രായിലുമായി ബന്ധപ്പെട്ട ലക്ഷ്യങ്ങൾക്കെതിരായ ആക്രമണങ്ങൾ തുടരുമെന്ന് ഹൂത്തികൾ വ്യക്തമാക്കിയിരുന്നു. ഇസ്രായേൽ, ഹൂത്തികൾക്കെതിരെ ഇടവിട്ട് വ്യോമാക്രമണങ്ങൾ തുടരുകയാണ്.