ദുബൈ ∙ തൊഴിൽ സ്ഥലത്ത് ഉണ്ടായ അപകടത്തെ തുടർന്ന് രണ്ടു വിരലുകൾ നഷ്ടപ്പെട്ട 32കാരനായ ഏഷ്യൻ തൊഴിലാളിക്ക് 70,000 ദിർഹം (15 ലക്ഷം ഇന്ത്യൻ രൂപ) നഷ്ടപരിഹാരം നൽകണമെന്ന് സിവിൽ കോടതി ഉത്തരവിട്ടു. അപകടത്തിന് ഉത്തരവാദികൾ കമ്പനിയാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് കോടതിയുടെ ഉത്തരവ്.
സ്റ്റീൽ വളയ്ക്കുന്ന മെഷീൻ പ്രവർത്തിപ്പിക്കുമ്പോൾ തൊഴിലാളിയുടെ കൈ കുടുങ്ങിയാണ് രണ്ട് വിരലുകൾ നഷ്ടപ്പെട്ടത് . വേണ്ടത്ര സുരക്ഷാ പരിശീലനമോ മാർഗ്ഗനിർദ്ദേശങ്ങളോ നൽകാതെയാണ് തൊഴിലാളിയെ മെഷീൻ ഉപയോഗിക്കാൻ നിയോഗിച്ചതെന്ന് അന്വേഷണത്തിൽ തെളിഞ്ഞു. കൂടാതെ രണ്ട് ഏഷ്യൻ മേൽനോട്ടക്കാർക്ക് എതിരെയും നടപടിയെടുത്തു. ഒരു മാസം തടവ് ശിക്ഷയും, 5,000 ദിർഹം പിഴയും വിധിച്ചു
കൂടാതെ മേൽനോട്ടക്കാരെ മൂന്ന് വർഷത്തേക്ക് സസ്പെൻഡും ചെയ്തു.
പരിക്കേറ്റ തൊഴിലാളി വൈകല്യം, ചികിത്സാചെലവ്, സാമ്പത്തിക നഷ്ടം എന്നിവ ചൂണ്ടിക്കാട്ടി 1.5 ലക്ഷം ദിർഹം നഷ്ടപരിഹാരം ആവശ്യപ്പെട്ട് സിവിൽ കേസ് ഫയൽ ചെയ്തിരുന്നു. റിപ്പോർട്ടുകൾ പരിശോധിച്ച ശേഷം, കോടതി 70,000 ദിർഹം നഷ്ടപരിഹാരം നൽകണമെന്ന് ഉത്തരവിടുകയായിരുന്നു.