ജയ്പുര്‍: ഐപിഎല്ലില്‍ സീസണിലെ ആദ്യ തോല്‍വി വഴങ്ങിയതിന് പിന്നാലെ രാജസ്ഥാന് റോയല്‍സ് നായകന് സഞ്ജു സാംസണ് പിഴശിക്ഷയും. ഗുജറാത്ത് ജയന്റ്സിനെതിരായ മത്സരത്തില്‍ കുറഞ്ഞ ഓവര്‍ നിരക്കിന്റെ പേരില്‍ 12 ലക്ഷം രൂപയാണ് സഞ്ജുവിന് ബിസിസിഐ പിഴ ചുമത്തിയത്.
ഗുജറാത്ത് ടൈറ്റന്‍സിനെതിരെ നിശ്ചിത സമയത്ത് ഒരോവര്‍ കുറച്ചാണ് രാജസ്ഥാന് എറിഞ്ഞിരുന്നത്. സീസണില്‍ സഞ്ജുവിന്റെ ആദ്യ പിഴവായതിനാലാണ് പിഴശിക്ഷ 12 ലക്ഷമായി പരിമിതപ്പെടുത്തിയതെന്ന് ഐപിഎല്‍ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.
കുല്‍ദീപ് സെന്‍ എറിഞ്ഞ പത്തൊമ്പതാം ഓവറില്‍ രണ്ട് വൈഡുകളും ഒരു നോ ബോളും എറിഞ്ഞതോടെയാണ് ഒമ്പത് പന്ത് എറിയേണ്ടിവന്നത്. വേഗം ഓവര്‍ പൂര്‍ത്തിയാക്കാൻ സഞ്ജുവും ടീം ഡയറക്ടര്‍ കുമാര്‍ സംഗക്കാരയും കുല്‍ദീപ് സെന്നിനോട് ആവശ്യപ്പെടുന്നുണ്ടായിരുന്നു.
നിശ്ചിത സമയത്ത് ഓവര്‍ പൂര്‍ത്തീകരിക്കാത്തതിനാല്‍ അവസാന ഓവറില്‍ നാലു ഫീല്‍ഡര്‍മാരെ മാത്രമേ രാജസ്ഥാന് ബൗണ്ടറിയില്‍ നിയോഗിക്കാനായുള്ളു. ഇത് രാജസ്ഥാന്റെ വിജയത്തെ വരെ ബാധിച്ചു.
നിശ്ചിത 20 ഓവറിൽ രാജസ്ഥാന് റോയല്‍സ് ഉയര്‍ത്തിയ 197 റണ്‍സ് വിജയലക്ഷ്യം ഗുജറാത്ത് ടൈറ്റന്‍സ് അവസാന പന്തിലെ ബൗണ്ടറിയിലൂടെയാണ് വിജയത്തിലെത്തിയത്. അവസാന നാലോവറില്‍ ജയിക്കാന്‍ 60 റണ്‍സായിരുന്നു ജയിക്കാൻ വേണ്ടിയിരുന്നത്.