വാഷിങ്ടൺ– വിവിധ രാജ്യങ്ങൾക്കുമേൽ ഏർപ്പെടുത്തിയ തീരുവകളിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് കനത്ത തിരിച്ചടി. ഇന്റർനാഷണൽ എമർജൻസി ഇക്കണോമിക് പവേഴ്‌സ് ആക്ട് (ഐഇഇപിഎ) ഉപയോഗിച്ച് ട്രംപ് ചുമത്തിയ തീരുവകൾ നിയമവിരുദ്ധമാണെന്ന് യുഎസിലെ അപ്പീൽ കോടതി വിധിച്ചു. വാഷിങ്ടൺ ഡിസിയിലെ യുഎസ് കോർട്ട് ഓഫ് അപ്പീൽസ് ഫോർ ദി ഫെഡറൽ സർക്യൂട്ടാണ് വിധി പുറപ്പെടുവിച്ചത്. ട്രംപ് തന്റെ അധികാരം ദുരുപയോഗം ചെയ്ത് വ്യാപാര ചർച്ചകൾക്കും വിദേശ രാജ്യങ്ങളെ സമ്മർദ്ദത്തിലാക്കാനും തീരുവകൾ ഉപയോഗിച്ചതായി കോടതി കണ്ടെത്തി.
ദേശീയ അടിയന്തരാവസ്ഥയിൽ പ്രസിഡന്റിന് വിപുലമായ അധികാരങ്ങൾ ഉണ്ടെങ്കിലും, തീരുവകൾ ചുമത്തൽ അതിൽ ഉൾപ്പെടുന്നില്ലെന്ന് കോടതി വ്യക്തമാക്കി. എന്നാൽ, സുപ്രീം കോടതിയെ സമീപിക്കാൻ ട്രംപിന് അവസരം നൽകിയതിനാൽ, നിലവിലെ തീരുവകൾ തുടരാൻ കോടതി അനുവദിച്ചു.
ട്രംപ് കോടതി വിധിയെ രൂക്ഷമായി വിമർശിച്ചു. വിധി തെറ്റാണെന്നും തീരുവകൾ നിലനിൽക്കുമെന്നും അദ്ദേഹം പ്രസ്താവിച്ചു. ട്രൂത്ത് സോഷ്യൽ എന്ന സാമൂഹിക മാധ്യമത്തിൽ, തീരുവകൾ നീക്കം ചെയ്താൽ അത് അമേരിക്കയ്ക്ക് സാമ്പത്തിക ദുരന്തമാകുമെന്നും അദ്ദേഹം കുറിച്ചു.
ഈ വിധി ട്രംപ് ഏർപ്പെടുത്തിയ പകരച്ചുങ്കങ്ങളെ ബാധിക്കുന്നു, എന്നാൽ സ്റ്റീൽ, അലുമിനിയം ഇറക്കുമതിക്കുള്ള തീരുവകൾക്ക് ബാധകമല്ല. കഴിഞ്ഞ മേയിൽ യുഎസ് വ്യാപാര കോടതിയും ട്രംപിന്റെ തീരുവകൾ നിയമവിരുദ്ധമാണെന്ന് വിധിച്ചിരുന്നു. അപ്പീൽ കോടതിയിൽ പരാജയപ്പെട്ടതോടെ, നിയമയുദ്ധം ഇനി സുപ്രീം കോടതിയിലേക്ക് നീങ്ങും.
എന്നാൽ, ഐഇഇപിഎ പ്രകാരം ഏർപ്പെടുത്തിയ പകരച്ചുങ്കം നിയമവിരുദ്ധമാണെന്ന വിധി ഇന്ത്യയ്ക്കുമേലുള്ള തീരുവകളെ ബാധിക്കാനിടയില്ലെന്ന് വിദഗ്ധർ പറയുന്നു. ഇന്ത്യയ്ക്കെതിരായ തീരുവകൾ മറ്റൊരു നിയമ ചട്ടക്കൂടിന് കീഴിൽ ചുമത്തിയതിനാൽ, ഐഇഇപിഎയെ ആശ്രയിച്ചുള്ള തീരുവകൾ റദ്ദാക്കപ്പെട്ടാലും ഇന്ത്യയിലെ തീരുവകൾ തുടർന്നേക്കാമെന്നാണ് വിലയിരുത്തൽ.