ടോക്യോ– ജപ്പാൻ ഇന്ത്യയുടെ അടുത്ത പങ്കാളിയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസ്താവിച്ചു. ഇന്ത്യ-ജപ്പാൻ സാമ്പത്തിക ഫോറത്തിൽ സംസാരിക്കവെ, ഇന്ത്യ ഇന്ന് ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന പ്രധാന സമ്പദ്‌വ്യവസ്ഥയാണെന്നും ജിഎസ്ടി ഉൾപ്പെടെയുള്ള വലിയ പരിഷ്കരണങ്ങൾക്ക് തയ്യാറെടുക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയിൽ സ്ഥിരതയും ദീർഘവീക്ഷണവുമുണ്ടെന്നും, ഇന്ത്യയും ജപ്പാനും ഒന്നിച്ചാൽ ഈ നൂറ്റാണ്ടിൽ സാങ്കേതിക വിപ്ലവം സാധ്യമാകുമെന്നും മോദി പറഞ്ഞു. ജാപ്പനീസ് പ്രധാനമന്ത്രി ഷിഗേരു ഇഷിബയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി.
ലോകം ഇന്ത്യയെ ശ്രദ്ധയോടെ നോക്കുകയാണെന്ന് പറഞ്ഞ മോദി, ഇന്ത്യൻ യുവാക്കൾക്ക് ജാപ്പനീസ് ഭാഷ പഠിക്കാനുള്ള അവസരങ്ങൾ വർധിപ്പിക്കണമെന്നും ആവശ്യപ്പെട്ടു. എന്നാൽ, അമേരിക്കൻ തീരുവ തർക്കത്തെക്കുറിച്ച് അദ്ദേഹം പ്രതികരിച്ചില്ല. അമേരിക്കയുമായുള്ള താരിഫ് വിഷയത്തിൽ മൗനം പാലിക്കുകയാണ് മോദി എന്നാണ് വിവരം. ചൈനയുമായുള്ള ബന്ധം ശക്തമാകുന്നത് ക്വാഡ് കൂട്ടായ്മയെ ബാധിക്കില്ലെന്നും മോദി വ്യക്തമാക്കും. രണ്ട് ദിവസത്തെ ജപ്പാൻ സന്ദർശനത്തിന് ശേഷം, ഷാങ്ഹായ് സഹകരണ ഉച്ചകോടിക്കായി അദ്ദേഹം ഇന്ന് ചൈനയിലേക്ക് പോകും.