ദുബൈ– യു.എ.ഇ.യിൽ അടുത്ത മാസം ആരംഭിക്കുന്ന ഏഷ്യ കപ്പ് ക്രിക്കറ്റ് ടൂർണമെന്റിന്റെ ടിക്കറ്റ് വിൽപ്പന ആരംഭിച്ചു. വെള്ളിയാഴ്ച വൈകിട്ട് 5 മുതൽ ടിക്കറ്റുകൾ ലഭ്യമാണെന്ന് എമിറേറ്റ്സ് ക്രിക്കറ്റ് ബോർഡ് അറിയിച്ചു. അബുദാബിയിലെ മത്സരങ്ങൾക്ക് 40 ദിർഹം മുതലും ദുബൈയിലെ മത്സരങ്ങൾക്ക് 50 ദിർഹം മുതലുമാണ് ടിക്കറ്റ് നിരക്ക്. ഇന്ത്യ-പാകിസ്താൻ മത്സരങ്ങൾ ഉൾപ്പെടെ ആദ്യ ഘട്ടത്തിൽ ഏഴ് മത്സരങ്ങൾക്കായി 1400 ദിർഹത്തിന്റെ പാക്കേജ് ടിക്കറ്റ് ലഭ്യമാണ്. ഇതിൽ ഉൾപ്പെടാത്ത മത്സരങ്ങളുടെ ടിക്കറ്റുകൾ പ്രത്യേകം വാങ്ങാം. നിലവിൽ പ്ലാറ്റിനം ലിസ്റ്റ് വെബ്സൈറ്റ് വഴിയാണ് ടിക്കറ്റുകൾ ലഭിക്കുന്നത്. വരും ദിവസങ്ങളിൽ ദുബൈ ഇന്റർനാഷണൽ സ്റ്റേഡിയം, അബുദാബി സായിദ് ക്രിക്കറ്റ് സ്റ്റേഡിയം എന്നിവിടങ്ങളിലെ ടിക്കറ്റ് ഓഫീസുകളിലും ടിക്കറ്റുകൾ ലഭ്യമാകും.
വ്യാജ ടിക്കറ്റുകളുടെ ഓൺലൈൻ പ്രചാരണത്തെക്കുറിച്ച് ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ (എ.സി.സി.) മുന്നറിയിപ്പ് നൽകിയിരുന്നു. വ്യാജ ടിക്കറ്റുകളുമായി എത്തുന്നവർക്ക് സ്റ്റേഡിയത്തിൽ പ്രവേശനം അനുവദിക്കില്ലെന്നും ആരാധകർ ജാഗ്രത പാലിക്കണമെന്നും എ.സി.സി. നിർദേശിച്ചു.
ഇന്ത്യ-പാകിസ്താൻ മത്സരം സെപ്റ്റംബർ 14-ന് ദുബൈയിൽ നടക്കും. എട്ട് ടീമുകൾ പങ്കെടുക്കുന്ന ടൂർണമെന്റിൽ ഇന്ത്യയും പാകിസ്താനും ഒന്നിലേറെ തവണ ഏറ്റുമുട്ടാൻ സാധ്യതയുണ്ട്. ഇന്ത്യയുടെ ആദ്യ മത്സരം സെപ്റ്റംബർ 10-ന് യു.എ.ഇ.യുമായാണ്. ഈ വർഷം ഫെബ്രുവരിയിൽ യു.എ.ഇ.യിൽ നടന്ന ചാമ്പ്യൻസ് ട്രോഫിയ്ക്ക് ശേഷം, ഇന്ത്യ കിരീടം നേടിയ ആ ടൂർണമെന്റിന്റെ ടിക്കറ്റുകൾ അതിവേഗം വിറ്റഴിഞ്ഞതിന് പിന്നാലെ, വീണ്ടും ഒരു ക്രിക്കറ്റ് മാമാങ്കത്തിന് യു.എ.ഇ. വേദിയാകുകയാണ്.