തിരുവനന്തപുരം – കളിക്കിടയിലുള്ള മഴ മത്സരത്തിന്റെ സൗന്ദര്യം നഷ്ടപ്പെടുത്തും എന്നു കരുതിയവർക്ക് തെറ്റി. ഇത്തവണ മത്സരം സൗന്ദര്യമാക്കിയത് അതിഥിയായി എത്തിയ മഴയാണ്.
മഴ കാരണം 13 ഓവറാക്കി വെട്ടിച്ചുരുക്കിയ മത്സരത്തിൽ ഡക്ക്‌വർത്ത് ലൂയിസ് നിയമപ്രകാരം ( ഡിഎൽഎസ് ) ജയം പിടിച്ചെടുത്തു നിലവിലെ ചാമ്പ്യന്മാരായ കൊല്ലം സെയ്‌ലേഴ്സ്. തൃശൂർ ടൈറ്റൻസിനെതിരെ മൂന്ന് വിക്കറ്റിന്റെ വിജയമാണ് നിലവിലെ ചാമ്പ്യന്മാർ നേടിയത്.
ആദ്യം ബാറ്റിങിന് ഇറങ്ങിയ തൃശ്ശൂർ 13 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 138 റൺസാണ് അടിച്ചെടുത്തത്. 9. 2 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ വെറും 68 റൺസ് എന്ന നിലയിൽ നിൽക്കുമ്പോഴാണ് മഴ എത്തിയത്. ഏകദേശം ഒരു മണിക്കൂറിന് കളി മഴ തടസ്സപ്പെടുത്തിയപ്പോൾ മത്സരം 13 ഓവറാക്കി ചുരുക്കി. കളി പുനരാരംഭിച്ച ശേഷം വെടിക്കെട്ട് ബാറ്റിംഗ് ആണ് തൃശ്ശൂർ പുറത്തെടുത്തത്. ഷോൺ റോജർ 29 പന്തിൽ മൂന്ന് സിക്സുകളും 5 ഫോറുകളും അടക്കം 51 റൺസ് എടുത്തപ്പോൾ അർജുൻ ആറു സിക്സുകളും ഒരു ഫോറുമടക്കം 14 പന്തുകളിൽ നിന്ന് 44 റൺസാണ് അടിച്ചെടുത്തത്. ഇവരുടെ മികവിലാണ് സ്കോർ 138-ൽ എത്തിയത്.
മറുപടി ബാറ്റിംഗിന് ഇറങ്ങിയ കൊല്ലത്തിന് ഡക്ക്‌വർത്ത് ലൂയിസ് നിയമപ്രകാരം 148 റൺസായിരുന്നു വിജയലക്ഷ്യം. തുടക്കം തന്നെ നിലവിലെ ചാമ്പ്യന്മാർക്ക് അടിതെറ്റിയെങ്കിലും ക്യാപ്റ്റൻ സച്ചിൻ ബേബി 18 പന്തിൽ മൂന്ന് സിക്സുകളും രണ്ട് ഫോറുമടക്കം 36 റൺസ്, ഓൾ റൗണ്ടർ സജീവൻ അഖിൽ അഞ്ചു സിക്സും രണ്ടു ഫോറുമടക്കം പുറത്താക്കാതെ 44 റൺസ് എന്നിവർ ബാറ്റിംഗ് വിസ്ഫോടനം കാഴ്ചവച്ച മത്സരത്തിൽ അഞ്ചു പന്തുകൾ ബാക്കിനിൽക്കെ കൊല്ലം വിജയ ലക്ഷ്യം കണ്ടു.
ആഷിക് രണ്ട് സിക്സുകൾ അടക്കം 13 റൺസ്, രാഹുൽ ശർമ ഒരു സിക്സ് അടക്കം പത്തു റൺസ്, ഷറഫുദ്ദീൻ മൂന്ന് സിക്സുകൾ അടക്കം 23 റൺസ് എന്നിവരുടെ എല്ലാം പേരുകൾ വിജയത്തിൽ എടുത്തു പറയേണ്ടതാണ്.